1 ടൺ ഭാരവും ചുമന്ന് മലകയറും! ഒമ്പതാം തലമുറ ഹൈലക്‌സ് ജൂലൈ 28-ന് ഇന്ത്യയിലെത്തും, ഇസൂസുവിന്റെ ഉറക്കം പോയി
ഇന്ത്യന്‍ ലൈഫ്സ്റ്റൈല്‍ പിക്ക്അപ്പ് ട്രക്ക് വിപണിയില്‍ തങ്ങളുടെ ആധിപത്യം കൂടുതല്‍ ശക്തമാക്കാന്‍ പുതിയ തലമുറ ഹൈലക്സുമായി (Toyota Hilux) ടൊയോട്ട രംഗത്തെത്തുന്നു. ഒമ്പതാം തലമുറ മോഡല്‍ വരും ദിവസങ്ങളില്‍ വിപണിയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് ടൊയോട്ട ഇന്ത്യ ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം ഈ വരുന്ന ജൂലൈ 28-നാണ് പുത്തന്‍ ഹൈലക്സ് രാജ്യത്ത് അരങ്ങേറ്റം കുറിക്കുക. രാജ്യാന്തര വിപണികളില്‍ ഇതിനകം തരംഗമായി മാറിയ ഈ പുതിയ മോഡല്‍ വിപുലമായ ഡിസൈന്‍ മാറ്റങ്ങളോടെയും നിരവധി അത്യാധുനിക ഫീച്ചറുകളോടെയുമാണ് ഇത്തവണ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലേക്ക് എത്താന്‍ ഒരുങ്ങുന്നത്.
ഡിസൈനിലേക്ക് നോക്കിയാല്‍, വാഹനത്തിന്റെ മുന്‍വശത്ത് പുതിയ ബോണറ്റും പരിഷ്‌കരിച്ച ബമ്പറുമാണ് ടൊയോട്ട നല്‍കിയിരിക്കുന്നത്. ഇത് പിക്ക്അപ്പിന് കൂടുതല്‍ ഫ്യൂച്ചറിസ്റ്റിക് ലുക്ക് സമ്മാനിക്കുന്നു. ബ്ലാക്ക് ആക്‌സന്റുകളുള്ള വലിയ ചതുരാകൃതിയിലുള്ള മെഷ് ഗ്രില്‍, പുതിയ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകള്‍ എന്നിവ ഇതിന്റെ റോഡ് പ്രസന്‍സ് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

പിന്‍ഭാഗം എല്‍ഇഡി ടെയില്‍ ലാമ്പുകളും പുതിയ ഡിസൈനിലുള്ള ടെയില്‍ഗേറ്റും നല്‍കി കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. ടെയില്‍ഗേറ്റിന്റെ മധ്യത്തിലായി ടൊയോട്ടയുടെ ലോഗോ ആലേഖനം ചെയ്തിരിക്കുന്നു. പരുക്കന്‍ ലുക്കുള്ള ബ്ലാക്ക് റിയര്‍ ബമ്പറും സ്‌റ്റൈലിംഗും ഈ വാഹനത്തിന്റെ പകരുത്ത് കൂടുതല്‍ ഉയര്‍ത്തിക്കാട്ടാന്‍ സഹായിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ ആഡംബര അനുഭവം നല്‍കുന്നതിനായി ഹൈലക്സിന്റെ ഇന്റീരിയര്‍ പൂര്‍ണമായും പരിഷ്‌ക്കരിച്ചിട്ടുണ്ട് കമ്പനി.
ഡാഷ്ബോര്‍ഡില്‍ വലിയ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇടംപിടിച്ചിട്ടുണ്ട്. ഓള്‍ ബ്ലാക്ക് തീമിലാണ് സീറ്റുകളും റൂഫും ഉള്‍പ്പെടെയുള്ള ഇന്റീരിയര്‍ ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ഓഫ്-റോഡ് മോഡുകള്‍ക്കും ക്ലൈമറ്റ് കണ്‍ട്രോളിനുമായി ഫിസിക്കല്‍ ബട്ടണുകള്‍ നിലനിര്‍ത്തിയിട്ടുള്ളതിനാല്‍ പ്രായോഗിക വശങ്ങളിലും ഈ വാഹനം ഏറെ മുന്നിലാണ്.

സുരക്ഷയുടെ കാര്യത്തിലേക്ക് വന്നാല്‍ മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍ക്കൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ അലേര്‍ട്ട്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് ഉള്‍പ്പെടെയുള്ള വിപുലമായ ലെവല്‍ 2 ADAS സുരക്ഷാ ഫീച്ചറുകളും ഇതില്‍ ലഭ്യമാകും. മെക്കാനിക്കല്‍ വശങ്ങളിലേക്ക് കടന്നാല്‍, ടൊയോട്ട ഫോര്‍ച്യൂണറില്‍ നിലവില്‍ ലഭ്യമാക്കിയിട്ടുള്ള അതേ 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ ഹൈലക്സിനും കരുത്ത് പകരുന്നത്.
ഇത്തവണ കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി ഈ എഞ്ചിനൊപ്പം പുതിയ 48V മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും കമ്പനി അധികമായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഓഫ്-റോഡിംഗിനും ഹെവി ലോഡുകള്‍ വഹിക്കുന്നതിനും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. പുതിയ തലമുറ ഹൈലക്സിന് പരമാവധി ഒരു ടണ്‍ വരെ പേലോഡ് ശേഷിയും 3,500 കിലോഗ്രാം വരെയുള്ള വമ്പന്‍ ടോവിംഗ് ശേഷിയും ഉണ്ട്. വെല്ലുവിളി നിറഞ്ഞ റോഡ് സാഹചര്യങ്ങളിലും മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കാന്‍ ഇതിലെ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തിന് സാധിക്കും.

നിലവില്‍ വിപണിയിലുള്ള പഴയ മോഡല്‍ ടൊയോട്ട ഹൈലക്സിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 28.52 ലക്ഷം രൂപയാണ്. എന്നാല്‍ പുത്തന്‍ ഡിസൈനും കൂടുതല്‍ സുരക്ഷാ സാങ്കേതികവിദ്യകളും ഉള്‍പ്പെടുത്തി എത്തുന്ന പുതിയ പതിപ്പിന് ഏകദേശം 30 ലക്ഷം രൂപ മുതല്‍ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കാം. ഇന്ത്യന്‍ വിപണിയില്‍ ഇസൂസു ഡി-മാക്സ് വി-ക്രോസ് (Isuzu D-Max V-Cross) മോഡലുമായാണ് ഇത് മത്സരിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications