ഇന്ത്യൻ നിരത്തിൽ ചുറ്റിക്കറങ്ങി നിഗൂഢ 'കുട്ടി' എസ്‌യുവി! എക്സ്റ്റർ അല്ല, പഞ്ചിനെ തീർക്കാൻ വന്ന മറ്റേതോ വമ്പൻ
ഇന്ത്യന്‍ മൈക്രോ എസ്‌യുവി വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനായി ഹ്യുണ്ടായി മോട്ടോര്‍സ് പുതിയൊരു മോഡല്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മുംബൈയിലെ പൊതുനിരത്തില്‍ പൂര്‍ണമായി മറച്ച നിലയില്‍ പരീക്ഷണയോട്ടം നടത്തുന്ന പുതിയ എസ്‌യുവിയുടെ ചിത്രങ്ങള്‍ വാഹനപ്രേമികള്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. നിലവില്‍ സെഗ്‌മെന്റ് ഭരിക്കുന്ന ടാറ്റ പഞ്ചിനെ നേരിടാന്‍ ലക്ഷ്യമിട്ടുള്ള ഈ വാഹനം നിലവില്‍ വില്‍പ്പനക്കെത്തുന്ന എക്സ്റ്ററിന് മുകളിലായാണോ അതോ പകരക്കാരനായിട്ടാണോ വരുന്നത് എന്ന ചര്‍ച്ചകള്‍ സജീവമാണ്. ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് പ്രസിദ്ധീകരണങ്ങളില്‍ പുത്തന്‍ എസ്‌യുവിയുടെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പുതിയ എസ്‌യുവിയുടെ രൂപകല്‍പ്പനയില്‍ ഹ്യുണ്ടായി വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ബോക്‌സി ഡിസൈനും അപ്‌റൈറ്റ് സ്റ്റാന്‍സും വാഹനത്തിന് പരുക്കന്‍ എസ്‌യുവി ലുക്ക് നല്‍കുന്നുണ്ട്. ഫ്രണ്ട് ഡിസൈനിലേക്ക് നോക്കിയാല്‍ ലോവര്‍ ബമ്പറിലായി നല്‍കിയിരിക്കുന്ന ഹെഡ്‌ലൈറ്റ് നല്‍കിയിരിക്കുന്ന കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളും പുതിയ എസ്‌യുവിയെ മോഡേണ്‍ ആക്കുന്നു. പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണില്‍ പതിഞ്ഞ കാറില്‍ 16 ഇഞ്ച് വലിപ്പമുള്ള ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകളും MRF ടയറുകളും ഘടിപ്പിച്ചിരുന്നു.

ഇത് വാഹനത്തിന്റെ പ്രീമിയം ലുക്ക് വര്‍ധിപ്പിക്കുന്നു. വീല്‍ ആര്‍ച്ചുകളിലെ പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ്, ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, കട്ടിയുള്ള സി-പില്ലര്‍ എന്നിവയാണ് വശങ്ങളിലുള്ളത്. ഹ്യുണ്ടായിയുടെ അയോണിക് 5 ലക്ഷ്വറി ഇലക്ട്രിക് കാറിന് സമാനമായ ഡോട്ടഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകളാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണം. പിന്‍ഭാഗത്ത് ഫങ്കി സ്‌പോയിലറും സ്റ്റോപ്പ് ലാമ്പും നല്‍കിയിട്ടുണ്ട്.
ഷാര്‍ക്ക് ഫിന്‍ ആന്റിന, ബ്ലാക്ക് റൂഫ് റെയിലുകള്‍ എന്നിവയും വാഹനത്തിലുണ്ട്. നമ്പര്‍ പ്ലേറ്റ് ഉള്‍ക്കൊള്ളുന്ന കരുത്തുറ്റ റിയര്‍ ബമ്പറാണ് വാഹനത്തിന്റെ ആകെ ലുക്കിന് പൂര്‍ണത നല്‍കുന്നത്. ഇന്റീരിയറിന്റെ വ്യക്തമായ ചിത്രങ്ങള്‍ ലഭ്യമല്ലെങ്കിലും ചില നിര്‍ണായക വിവരങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. 10 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ടാകും.

ഈ മൈക്രോ എസ്‌യുവിയില്‍ 360 ഡിഗ്രി ക്യാമറ സംവിധാനം ഉണ്ടാകുമെന്നാണ് സൈഡ് മിററുകളിലെ സെന്‍സറുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ടെക് ഫീച്ചറുകളുടെ കാര്യത്തില്‍ ഈ മോഡല്‍ മുന്‍നിരയിലുണ്ടാകും. ടെസ്റ്റിംഗ് നടത്ത്ുന്നത് ഏത് മോഡലാണെന്ന് ഹ്യുണ്ടായി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 2025 ഒക്ടോബറില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ ഹ്യുണ്ടായി സൂചിപ്പിച്ച 'ഓഫ് റോഡ് ശേഷിയുള്ള കരുത്തുറ്റ എസ്‌യുവി' ഇതാണെന്ന് കരുതപ്പെടുന്നു.
അന്ന് ഒരു പ്രമുഖ എംപിവി (MPV) മോഡലിനോടാണ് കമ്പനി ഇതിനെ താരതമ്യം ചെയ്തത്. അതിനാല്‍ തന്നെ ഇതിന് മികച്ച കരുത്തും പെര്‍ഫോമന്‍സും പ്രതീക്ഷിക്കുന്നുണ്ട്. വാഹനത്തില്‍ ടെയില്‍ പൈപ്പുകള്‍ കണ്ടതായി ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തിയതിനാല്‍ ഇത് ഒരു ഐസി എഞ്ചിന്‍ (ICE) മോഡലായിരിക്കുമെന്ന് അനുമാനിക്കാം.

കിയയുടെ വരാനിരിക്കുന്ന EV2 ഇലക്ട്രിക് കാറിന്റെ ഹ്യുണ്ടയി പതിപ്പാണോ ഇത് എന്ന സംശയവും നേരത്തെ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ടെയില്‍ പൈപ്പുകള്‍ കണ്ടതോടെ ഇതൊരു പെട്രോള്‍ എസ്‌യുവി തന്നെയാണെന്ന് ഏകദേശം ഉറപ്പായി.ടാറ്റ പഞ്ചിന് തൊട്ടു താഴെ നില്‍ക്കുന്ന ഈ പുതിയ എസ്‌യുവിയിലൂടെ ഹ്യുണ്ടായി ഒരു കംപ്ലീറ്റ് ഓഫ്-റോഡ് പാക്കേജ് ആണ് ഓഫര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു.
നിലവില്‍ പഞ്ച് ഇന്ത്യന്‍ വിപണിയില്‍ നേടുന്ന അസൂയാവഹമായ വിജയത്തിന് തടയിടാനാണ് ഹ്യുണ്ടായിയുടെ ഈ നീക്കം. എക്‌സ്റ്റര്‍ മികച്ച അഭിപ്രായം നേടിയെങ്കിലും പഞ്ചിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. പുത്തന്‍ അവതാരത്തിന് അത് സാധിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം. വൈകാതെ തന്നെ വാഹനത്തിന്റെ കൂടുതല്‍ സാങ്കേതിക വിവരങ്ങളും ലോഞ്ച് തീയതിയും കൊറിയന്‍ കമ്പനി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








