ഫോര്‍ച്യൂണറിന് ഇനി ഉറക്കമില്ലാത്ത രാത്രികള്‍, പജേറോ തിരിച്ചുവരുന്നു! ഇന്ത്യയിലേക്ക് എത്തുമോ?
ആഗോള ഓഫ്-റോഡ് എസ്‌യുവി വിപണിയില്‍ ദീര്‍ഘകാലം വിപ്ലവം സൃഷ്ടിച്ച മിത്സുബിഷി പജേറോ വിപണിയിലേക്ക് തിരിച്ചെത്തുന്നതായി നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലോകമെമ്പാടുമുള്ള വാഹന പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ ഐതിഹാസിക മോഡലിന്റെ പുതിയ പതിപ്പ് വരും മാസങ്ങളില്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കപ്പെടും. കമ്പനിയുടെ പുതിയ പ്രഖ്യാപനം അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ രംഗത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ഈ വര്‍ഷം തന്നെ പുത്തന്‍ പജേറോയുടെ ആഗോള അരങ്ങേറ്റം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ പ്ലാറ്റ്ഫോമും ഓഫ്-റോഡ് ഘടനയും
സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, മുന്‍ തലമുറ മോഡലുകളില്‍ കണ്ടിരുന്ന മോണോകോക്ക് ഇന്റഗ്രേറ്റഡ് ഫ്രെയിം ഘടന പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടാണ് പുതിയ പജേറോ രൂപകല്‍പ്പന ചെയ്യുന്നത്. അതിനുപകരം കഠിനമായ ഓഫ്-റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ ഹെവി-ഡ്യൂട്ടി ലാഡര്‍ ഫ്രെയിം (Ladder Frame) പ്ലാറ്റ്ഫോമിലാണ് ഈ വാഹനം നിര്‍മ്മിക്കുന്നത്. കമ്പനിയുടെ പുതിയ ട്രൈറ്റണ്‍ പിക്കപ്പ് ട്രക്കില്‍ ഉപയോഗിക്കുന്ന അതേ പ്ലാറ്റ്ഫോം കൂടിയാണിത്.

ഈ പുതിയ ലാഡര്‍ ഫ്രെയിം ആര്‍ക്കിടെക്ചര്‍ വാഹനത്തിന്റെ ഈടും പരുക്കന്‍ റോഡുകളിലെ സുരക്ഷിതത്വവും വലിയ രീതിയില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഓഫ്-റോഡ് യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ കഠിനമായ മലയോര പാതകളും വനമേഖലകളും കീഴടക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഈ പുതിയ വാഹനത്തിന്റെ അടിത്തറ മിത്സുബിഷി എഞ്ചിനീയര്‍മാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ശക്തമായ ട്വിന്‍-ടര്‍ബോ ഡീസല്‍ എഞ്ചിന്‍
പുതിയ 2026 മിത്സുബിഷി പജേറോ എസ്‌യുവിക്ക് ഉയര്‍ന്ന പെര്‍ഫോമന്‍സ് പുറത്തെടുക്കുന്ന 2.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ അത്യാധുനിക എഞ്ചിന് പരമാവധി 201 bhp പവറും ഒപ്പം 470 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭാവി മുന്നില്‍ കണ്ട് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഔട്ട്ലാന്‍ഡര്‍ PHEV നിന്നുള്ള ഡ്യുവല്‍-ഇലക്ട്രിക് മോട്ടോര്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പും കമ്പനിയുടെ സജീവ പരിഗണനയിലുണ്ട്. കഠിനമായ ഓഫ്‌റോഡ് പാതകളില്‍ മികച്ച ഗ്രിപ്പ് ഉറപ്പാക്കുന്നതിനായി മിത്സുബിഷിയുടെ വിഖ്യാതമായ 'സൂപ്പര്‍ സെലക്ട് 4WD' (Super Select 4WD) മെക്കാനിക്കല്‍ ഹാര്‍ഡ്വെയര്‍ സംവിധാനവും ഈ വാഹനത്തില്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തിയേക്കും.
റെട്രോ മോഡേണ്‍ ഡിസൈന്‍ ശൈലി
പഴയ പജേറോയുടെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു 'റെട്രോ മോഡേണ്‍' (Retro-Modern) ഡിസൈന്‍ ശൈലിയാണ് ഈ വാഹനത്തിന് നല്‍കാന്‍ സാധ്യതയുള്ളത്. റോഡ് പ്രസന്‍സ് ഉയര്‍ത്താനായി അഗ്രസീവ് ബോഡി ഘടനയും, അതിനോടൊപ്പം ഇരുവശങ്ങളിലും അത്യാധുനികമായ ടി-ആകൃതിയിലുള്ള (T-shaped) എല്‍ഇഡി ലൈറ്റിംഗ് സംവിധാനങ്ങളും ഈ മോഡലില്‍ സജ്ജീകരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പുതിയ കാലത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉയര്‍ന്ന കണക്റ്റിവിറ്റി സംവിധാനങ്ങളും വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയും എസ്‌യുവിയുടെ ക്യാബിനില്‍ പ്രതീക്ഷിക്കാം. അതോടൊപ്പം ദീര്‍ഘദൂര യാത്രകള്‍ സുഗമമാക്കുന്നതിനായി എസ്‌യുവി നിലവാരത്തിലുള്ള ഉയര്‍ന്ന യാത്രാസുഖവും മികച്ച ലെഗ്റൂം സ്ഥലസൗകര്യങ്ങളും ഇതിന്റെ ഇന്റീരിയറില്‍ കമ്പനി ഒരുക്കുമെന്നാണ് വിപണി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങാനുള്ള കാരണങ്ങള്‍
ഇന്ത്യന്‍ വാഹന വിപണിയില്‍ മുമ്പ് ഏറെ ജനപ്രീതിയാര്‍ജ്ജിച്ച മോഡലായിരുന്നു മിത്സുബിഷി പജേറോയും പജേറോ സ്‌പോര്‍ട്ടും. എന്നാല്‍ 2020-കളുടെ തുടക്കത്തില്‍ രാജ്യത്ത് നടപ്പിലാക്കിയ കര്‍ശനമായ ബിഎസ്-6 (BS6) മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളിലേക്ക് മാറാന്‍ സാധിക്കാത്തതും, മിത്സുബിഷി ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ഡീലര്‍ഷിപ്പ് ശൃംഖലകള്‍ ഗണ്യമായി കുറഞ്ഞതുമാണ് ഈ വാഹനം ഇന്ത്യന്‍ വിപണിയില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങാന്‍ ഇടയാക്കിയ പ്രധാന കാരണങ്ങള്‍.
ഇപ്പോഴും യൂസ്ഡ് കാര്‍ വിപണിയില്‍ പജേറോക്ക് വമ്പന്‍ മാര്‍ക്കറ്റ് ആണ്. കൂടാതെ, വിപണിയിലെ പുതിയ തരംഗങ്ങളായ ടൊയോട്ട ഫോര്‍ച്യൂണര്‍ പോലുള്ള എതിരാളികളില്‍ നിന്നും നേരിടേണ്ടി വന്ന കടുത്ത മത്സരവും ഈ ഐതിഹാസിക മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ കാരണമായി. നിലവില്‍ ഈ വാഹനം ഇന്ത്യന്‍ വിപണിയിലേക്ക് തിരികെ എത്തുന്നതിനെക്കുറിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.
എങ്കിലും, ഇത് ഇന്ത്യയില്‍ എത്തിയാല്‍ ടൊയോട്ട ഫോര്‍ച്യൂണറിന്റെ കുത്തക തകര്‍ക്കാന്‍ ശേഷിയുള്ളതാണെന്ന് വിപണി വിലയിരുത്തുന്നു. പുതിയ പജേറോ ആഗോളതലത്തില്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍, വിശ്വസനീയമായ ഒരു ബോഡി-ഓണ്‍-ഫ്രെയിം എസ്‌യുവി ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഈ വാഹനം രാജ്യത്ത് വീണ്ടും എത്താനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.
ഫോര്‍ച്യൂണറിന് ഒത്ത എതിരാളി
ഈ പുതിയ തലമുറ മിത്സുബിഷി പജേറോ ഇന്ത്യന്‍ മണ്ണില്‍ വീണ്ടും എത്തുകയാണെങ്കില്‍, അത് നിലവില്‍ വിപണി ഭരിക്കുന്ന ടൊയോട്ട ഫോര്‍ച്യൂണറുമായി നേരിട്ടുള്ള മത്സരത്തിന് വഴിതുറക്കും. പരുക്കന്‍ നിര്‍മാണവും മികച്ച റീസെയില്‍ മൂല്യവുമുള്ള ഫോര്‍ച്യൂണറിന് ബദലായി അത്യാധുനിക ഓഫ്-റോഡ് ഫീച്ചറുകളുള്ള മറ്റൊരു മികച്ച ഓപ്ഷന്‍ കൂടിയായിരിക്കും പജേറോ വഴി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ആഗോള ലോഞ്ചിനോട് അനുബന്ധിച്ച് വരും മാസങ്ങളില്‍ ഈ വാഹനത്തിന്റെ കൃത്യമായ വിലവിവരങ്ങളും വേരിയന്റുകളും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതായിരിക്കും


Click it and Unblock the Notifications