റെനോ ഡസ്റ്റർ പുതിയത് vs പഴയത്: ഇത്രയും ഫീച്ചർ 10 ലക്ഷത്തിന് കിട്ടിയാൽ പൊളിക്കും! മാറ്റങ്ങൾ ഞെട്ടിക്കുന്നത്
ഇന്ത്യയിലെ കോംപാക്ട് എസ്‌യുവികളുടെ തലതൊട്ടപ്പനായ റെനോ ഡസ്റ്റര്‍ ഏതാനും വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് വിപ്ലവകരമായ മാറ്റങ്ങളോടെ മടങ്ങിയെത്തിയിരിക്കുകയാണ്. പഴയ മോഡലിലെ ലളിതമായ രൂപകല്‍പ്പനയില്‍ നിന്ന് മാറി അതിനൂതനമായ സാങ്കേതികവിദ്യകളും സ്‌പോര്‍ട്ടിയര്‍ ലുക്കും പുതിയ തലമുറ ഡസ്റ്ററിന്റെ പ്രത്യേകതയാണ്. ന്യൂജെന്‍ ഡസ്റ്റര്‍ ഇതിനോടകം തന്നെ നിരവധി ആളുകളുടെ ശ്രദ്ധ കവര്‍ന്നിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 21,000 രൂപ ടോക്കണ്‍ തുക നല്‍കി ഡസ്റ്റര്‍ പ്രീബുക്ക് ചെയ്യാവുന്നതാണ്. നിങ്ങള്‍ എസ്‌യുവി ബുക്ക് ചെയ്തവരോ ചെയ്യാന്‍ പോകുന്നവരോ ആണെങ്കില്‍ ഡസ്റ്ററിന്റെ പഴയ മോഡലും പുതിയതും തമ്മിലുള്ള പ്രധാന മാറ്റങ്ങള്‍ നോക്കിയാലോ?
എക്സ്റ്റീരിയര്‍
പുതിയ ഡസ്റ്ററിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ പഴയ മോഡലിനെ അപേക്ഷിച്ച് കുറച്ച് കൂടി മസ്‌കുലര്‍ ആണ്. പഴയ മോഡലിലെ ക്രോം ഗ്രില്ലിന് പകരം 'DUSTER' മോണോഗ്രാം ഉള്ള ഗ്ലോസ് ബ്ലാക്ക് ഗ്രില്ലും ഐബ്രോ സ്‌റ്റൈലിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളുമാണ് നല്‍കിയിരിക്കുന്നത്. അഗ്രസീവ് ഡിസൈനില്‍ സില്‍വര്‍ ഫിനിഷിലുള്ള സ്‌കിഡ് പ്ലേറ്റും എയര്‍ ഡാമും ലഭിക്കുന്നു. പഴയ മോഡലിന് സമാനമായി കോര്‍ണറുകളിലായി എല്‍ഇഡി ഫോഗ് ലാമ്പുകള്‍ നല്‍കിയിട്ടുണ്ട്.

വശങ്ങളില്‍ 18 ഇഞ്ച് വലിപ്പമുള്ള ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ പുതുതായി ഇടംപിടിച്ചു. പഴയ മോഡലില്‍ ഇത് 16 ഇഞ്ച് മാത്രമായിരുന്നു. രണ്ട് മോഡലുകളിലും മൂന്ന് വിന്‍ഡോ ലൈനുകളുണ്ട്. എന്നാല്‍, പഴയ ഡസ്റ്ററിന് വലിയ വിന്‍ഡോ ലൈനുകളും റിയര്‍ ക്വാര്‍ട്ടര്‍ ഗ്ലാസിനായി വ്യത്യസ്തമായ വിന്‍ഡോ ലൈനും ഉണ്ടായിരുന്നു. മറുവശത്ത്, മൂന്നാം തലമുറ മോഡലിന്റെ വിന്‍ഡോ ബെല്‍റ്റ്ലൈന്‍ സി-പില്ലറിന് സമീപം മുകളിലേക്ക് വളയുന്നു, ചെറിയ റിയര്‍ ക്വാര്‍ട്ടര്‍ ഗ്ലാസ് പാനലും ഉണ്ട്.
രണ്ട് പതിപ്പുകളിലും ബ്ലാക്ക്ഡ്-ഔട്ട് റൂഫ് റെയിലുകളുണ്ടെങ്കിലും പുതിയതിന് 50 കിലോഗ്രാം വരെ ലോഡ് കപാസിറ്റിയുണ്ട്. പുതിയ ഡസ്റ്ററില്‍ ബ്ലാക്ക്ഡ്-ഔട്ട് സൈഡ് ബോഡി ക്ലാഡിംഗും ക്രോം ഇന്‍സേര്‍ട്ടുകളുള്ള സൈഡ് മോള്‍ഡിംഗുകളും കാണാം. പിന്‍വശത്തേക്ക് വരുമ്പോള്‍ വലിയ വ്യത്യാസങ്ങളുണ്ട്. പഴയ ഡസ്റ്ററിന് ഒരു ഫ്‌ലാറ്റ് ബൂട്ട് ലിഡും വെര്‍ട്ടിക്കല്‍ ഓറിയന്റഡ് ടെയില്‍ലൈറ്റ് സജ്ജീകരണവുമാണ് ഉണ്ടായിരുന്നത്.

അതേസമയം, പുതിയ മോഡലില്‍ പുതിയ കണക്റ്റഡ് ടെയില്‍ലൈറ്റുകള്‍, ഒരു ഫങ്കി സ്പോയിലര്‍, മികച്ച ഡിസൈനിലുള്ള കരുത്തുറ്റ സ്‌കിഡ് പ്ലേറ്റ് എന്നിവയുണ്ട്. വലിയ റിയര്‍ വിന്‍ഡ്ഷീല്‍ഡ്, വൈപ്പറുകള്‍, വാഷറുകള്‍, ഡീഫോഗര്‍ എന്നിവ രണ്ടിലും സമാനമാണ്. 2026 ഡസ്റ്ററില്‍ ഗ്ലോബല്‍ മോഡലുകളില്‍ കാണുന്ന റെനോയുടെ പുതിയ 2D ലോഗോയുമുണ്ട്.
ഇന്റീരിയര്‍
പഴയ മോഡലിന്റെ ഇന്റീരിയര്‍ ലളിതവും എന്നാല്‍ പ്രവര്‍ത്തനക്ഷമവുമായിരുന്നെങ്കിലും പുതിയ ഡസ്റ്ററിന്റെ ക്യാബിന്‍ അകത്തേക്ക് കടക്കുമ്പോള്‍ തന്നെ പ്രീമിയം ഫീല്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ റെനോ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പഴയ മോഡലില്‍ സാധാരണ പ്ലാസ്റ്റിക് ഫിനിഷായിരുന്നുവെങ്കില്‍ പുതിയ പതിപ്പില്‍ ഡാഷ്ബോര്‍ഡിലും ഡോര്‍ പാഡുകളിലും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകള്‍ ഉപയോഗിച്ചിട്ടുണ്ട്. സെന്റര്‍ കണ്‍സോളിലും സ്ലീക്ക് എസി വെന്റുകളിലും ബ്രഷ്ഡ്-സില്‍വര്‍ ആക്‌സന്റുകളും കാണാം.
പഴയ ഡസ്റ്ററിന്റെ കട്ടിയുള്ള എസി ബട്ടണുകള്‍ നീക്കം ചെയ്തിട്ടുണ്ട്. പുതിയ പതിപ്പില്‍ ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളിനായി സ്ലീക്ക്, ഫിസിക്കല്‍ ടോഗിള്‍ പോലുള്ള സ്വിച്ചുകളാണ് വരുന്നത്. പുതിയ ഡസ്റ്ററില്‍ സ്റ്റോറേജുള്ള ഒരു ഫ്രണ്ട് സെന്റര്‍ ആംറെസ്റ്റും ഉണ്ട്, പഴയ മോഡലില്‍ അത് ഇല്ലായിരുന്നു. പഴയ ഡസ്റ്റര്‍ ബ്രൗണ്‍ ആന്‍ഡ് ഗ്രേ ക്യാബിന്‍ തീമും ഫാബ്രിക് സീറ്റുകളുമായിരുന്നു നല്‍കിയിരുന്നത്.
എന്നാല്‍ പുതിയ ഡസ്റ്ററിന് ഡ്യുവല്‍ ടോണ്‍ ലെതറൈറ്റ് അപ്‌ഹോള്‍സ്റ്ററി ലഭിക്കുന്നു. പുതിയ ഡസ്റ്ററിന്റെ പിന്‍ഭാഗത്ത് മൂന്ന് യാത്രക്കാര്‍ക്കും ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍ ലഭിക്കുമ്പോള്‍ പഴയ മോഡലിന് ഒരു ഫിക്‌സഡ് സെന്റര്‍ ഹെഡ്റെസ്റ്റ് ആണ് ഉണ്ടായിരുന്നത്. രണ്ട് മോഡലുകളിലും ഫോള്‍ഡ്-ഔട്ട് ആംറെസ്റ്റുകള്‍ ഉണ്ടെങ്കിലും, പുതിയ ഡസ്റ്ററില്‍ മാത്രമാണ് മൂന്ന് യാത്രക്കാര്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകളും ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളും വാഗ്ദാനം ചെയ്യുന്നത്.

ഫീച്ചറുകള്‍
പുതിയ ഡസ്റ്ററില്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഓള്‍-ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, പനോരമിക് സണ്‍റൂഫ് എന്നിവയടക്കമുള്ള മോഡേണ്‍ ഫീച്ചറുകള്‍ റെനോ നല്‍കിയിട്ടുണ്ട്. മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 6-വേ പവര്‍-അഡ്ജസ്റ്റബിള്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ടെയില്‍ഗേറ്റ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
മറുവശത്ത് പഴയ ഡസ്റ്ററില്‍ വയര്‍ഡ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആര്‍വിഎമ്മുകള്‍ എന്നീ സവിശേഷതകളായിരുന്നു ലഭിച്ചിരുന്നത്. സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിലും പുതിയ ഡസ്റ്റര്‍ ബഹുദൂരം മുന്നിലാണ്. പഴയ മോഡലില്‍ കേവലം രണ്ട് എയര്‍ബാഗുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ പുതിയ പതിപ്പില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്നു.
റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), 360-ഡിഗ്രി ക്യാമറ, ചില അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) ഫംഗ്ഷനുകള്‍ എന്നിവ ന്യൂജെന്‍ ഡസ്റ്ററിന്റെ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു. ഒന്നാം തലമുറ ഡസ്റ്ററിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ക്ക് പുറമെ ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അത്യാവശ്യ ഫീച്ചറുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
എഞ്ചിന്‍
ഡീസല്‍ എഞ്ചിന്‍ പൂര്‍ണമായും ഒഴിവാക്കി പെട്രോള്‍, ഹൈബ്രിഡ് എഞ്ചിനുകള്‍ക്കാണ് റെനോ ഇത്തവണ മുന്‍ഗണന നല്‍കിയിരിക്കുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, കൂടാതെ കരുത്തുറ്റ 1.8 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ എന്നിവയാണ് പുതിയ തലമുറ ഡസ്റ്ററിലുള്ളത്.
പഴയ തലമുറ ഡസ്റ്റര്‍ 1.5 ലിറ്റര്‍ NA പെട്രോള്‍ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളിലാണ് ഓഫര്‍ ചെയ്തിരുന്നത്. BS VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് വരെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഡസ്റ്ററിനൊപ്പം ലഭ്യമായിരുന്നു. ഡീസല്‍ എഞ്ചിന്‍ ഇത്തവണ ലഭ്യമല്ലെങ്കിലും സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പ് ഇതിന് പകരമാകും. ഈ വര്‍ഷം ദീപാവലി സമയത്ത് ഡസ്റ്റര്‍ ഹൈബ്രിഡ് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
വില
9.86 ലക്ഷം മുതല്‍ 14.25 ലക്ഷം രൂപ വരെയായിരുന്നു നിര്‍ത്തലാക്കുന്നതിന് മുമ്പ് റെനോ ഡസ്റ്ററിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. പുതിയ മോഡലിന്റെ ഔദ്യോഗിക വില പ്രഖ്യാപനം മാര്‍ച്ച് മാസത്തില്‍ ഉണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രാരംഭ വില 10 ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ് തുടങ്ങിയ മുന്‍നിര മോഡലുകള്‍ക്കാണ് ഡസ്റ്റര്‍ വെല്ലുവിളി ഉയര്‍ത്തുന്നത്.


Click it and Unblock the Notifications








