കുറഞ്ഞ വിലയുള്ള കാർ തേടുന്നവർക്ക് പുതിയത് തന്നെ വാങ്ങാം! പ്രീമിയം ലുക്കിൽ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് നാളെ എത്തും
ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഫോറിന്‍ ബ്രാന്‍ഡുകളില്‍ ഒന്നാ റെനോ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഹാച്ച്ബാക്ക് മോഡലായ ക്വിഡിന്റെ (Kwid) പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പ് നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കുറഞ്ഞ ബജറ്റില്‍ മികച്ച ഫീച്ചറുകള്‍ ആഗ്രഹിക്കുന്ന കാര്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ പുതിയ വാഹനത്തിന്റെ വരവിനായി കാത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ആനിവേഴ്‌സറി എഡിഷന് ശേഷം വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് റെനോ തങ്ങളുടെ ഈ എന്‍ട്രി ലെവല്‍ കാറിന് പുതിയ മാറ്റങ്ങള്‍ നല്‍കുന്നത്. നാളെ കമ്പനി ഔദ്യോഗികമായി എന്‍ട്രി ലെവല്‍ ഹാച്ചിന്റെ പുത്തന്‍ പതിപ്പിറെ വില പ്രഖ്യാപിക്കും. ഈ സാഹചര്യത്തില്‍ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റില്‍ നമുക്ക് എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് ഈ റിപ്പോര്‍ട്ടില്‍ വായിക്കാം.

എക്‌സ്റ്റീരിയര്‍ സ്‌റ്റൈലിംഗ്
വാഹനത്തിന്റെ പുറംമോടിയിലാണ് ഏറ്റവും കൂടുതല്‍ ദൃശ്യമായ പുതുമകള്‍ കമ്പനി കൊണ്ടുവരുന്നത്. 2026 മോഡല്‍ അതിന്റെ സോഫ്റ്റര്‍ റൗണ്ട് ബോഡി ക്രീസുകള്‍ ഒഴിവാക്കി, അന്താരാഷ്ട്ര വിപണികളില്‍ വില്‍ക്കുന്ന ഡാസിയ സ്പ്രിംഗ് ഇവിയുമായി സാദൃശ്യമുള്ള ഷീറ്റ്-മെറ്റല്‍ ഡിസൈനില്‍ റെനോ പണികഴിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ യൂറോപ്യന്‍ ശൈലി എതിരാളികളില്‍ നിന്ന് റെനോ ക്വിഡിനെ വ്യത്യസ്തമാക്കാന്‍ സഹായിക്കും.
സൈഡ് പ്രൊഫൈലില്‍, ഹാച്ച്ബാക്ക് അതിന്റെ എസ്‌യുവിഷ് സ്റ്റാന്‍സ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, കട്ടിയുള്ള വീല്‍-ആര്‍ച്ച് മോള്‍ഡിംഗുകള്‍ എന്നിവ നിലനിര്‍ത്തും. ഈ ബജറ്റ് കാറിന് പ്രീമിയം ലുക്ക് നല്‍കാനായി പുതുതായി രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, പരിഷ്‌കരിച്ച ഗ്രില്ലുകള്‍, ആകര്‍ഷകമായ പുതിയ ഡിസൈനിലുള്ള അലോയ് വീലുകള്‍ എന്നിവ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
2025 ഓഗസ്റ്റ് മാസത്തില്‍ തന്നെ ക്വിഡിന്റെ അപ്ഡേറ്റഡ് പതിപ്പിന്റെ പരീക്ഷണങ്ങള്‍ക്ക് റെനോ ഇന്ത്യന്‍ നിരത്തുകളില്‍ തുടക്കം കുറിച്ചിരുന്നു. നിലവിലുള്ള മോഡലിനേക്കാള്‍ കൂടുതല്‍ സ്‌പോര്‍ട്ടി ലുക്കിലേക്ക് വാഹനത്തെ മാറ്റാന്‍ മുഖംമിനുക്കലിന്റെ ഭാഗമായി ലഭിക്കാന്‍ പോകുന്ന ഡിസൈന്‍ മാറ്റങ്ങള്‍ സഹായിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇന്റീരിയറും ഫീച്ചറുകളും
പുതിയ റെനോ ക്വിഡിന്റെ ഇന്റീരിയര്‍ മാറ്റങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ കമ്പനി ഇതുവരെ പൂര്‍ണമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖസൗകര്യങ്ങള്‍ നല്‍കുന്ന പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററിയും, പരിഷ്‌കരിച്ച ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പുതിയ മോഡലില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡീലര്‍ഷിപ്പുകളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
റെനോ-നിസ്സാൻ സ്റ്റേബിളിലെ പുതിയ മോഡലുകളിൽ നിന്ന് കടമെടുത്ത ആധുനിക ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സുരക്ഷയ്ക്കായി കൂടുതല്‍ എയര്‍ബാഗുകളും നാളെ അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന മോഡലില്‍ പ്രതീക്ഷിക്കാം. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രിയങ്കരമായ രീതിയില്‍ ക്യാബിന്‍ സ്‌പേസും സ്റ്റോറേജ് സൗകര്യങ്ങളും നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് പുതിയ ഇന്റീരിയര്‍ അപ്‌ഡേറ്റുകള്‍ ഒരുക്കിയിട്ടുള്ളതെന്നാണ് അറിയുന്നത്.
പവര്‍ട്രെയിന്‍
കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഫെയ്‌സ്‌ലിഫ്റ്റഡ് ക്വിഡിന് മെക്കാനിക്കലായി വലിയ മാറ്റങ്ങള്‍ വരുത്താന്‍ റെനോ തയാറായേക്കില്ല. നിലവിലെ കരുത്തുറ്റ 1.0 ലിറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ഈ പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പിനും കരുത്ത് പകരുകയെന്നാണ് വാഹന ലോകത്തിന്റെ വിലയിരുത്തല്‍.
ഈ പെട്രോള്‍ എഞ്ചിന്‍ പരമാവധി 67 bhp പവറും 91 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന് പുറമെ യാത്ര സുഗമമാക്കാന്‍ എഎംടി (AMT) ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഇതിനൊപ്പം ലഭ്യമാകും. ഡീലര്‍ തലത്തില്‍ റെട്രോഫിറ്റ് ചെയ്യാനുള്ള സിഎന്‍ജി കിറ്റും ഈ മോഡലില്‍ തുടര്‍ന്നും ലഭ്യമായേക്കും.
ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ആള്‍ട്ടോയുടെ നേരിട്ടുള്ള ഏക എതിരാളിയായി ക്വിഡ് തുടരും. ഹ്യുണ്ടായി, ടാറ്റ തുടങ്ങിയ മറ്റ് മാസ് മാര്‍ക്കറ്റ്ബ്രാന്‍ഡുകള്‍ നിലവില്‍ ഈ വിഭാഗത്തില്‍ പടയാളികളെ കളത്തിലിറക്കിയിട്ടില്ല. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിഭാഗത്തില്‍ മാരുതി സുസുക്കി സെലേറിയോക്കും ക്വിഡ് വെല്ലുവിളി ഉയര്‍ത്തുന്നു. അപ്‌ഡേറ്റുകളെ ന്യായീകരിക്കുന്ന തരത്തില്‍ കാറിന്റെ വിലയില്‍ നേരിയ മാറ്റം പ്രതീക്ഷിക്കാം.


Click it and Unblock the Notifications