വെറും ₹4.52 ലക്ഷത്തിന് എസ്‌യുവി ലുക്കുള്ള കാര്‍! ആദ്യമായി കാര്‍ വാങ്ങുന്നവരെ മാടിവിളിച്ച് റെനോ
ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ തങ്ങളുടെ ജനപ്രിയ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ക്വിഡിന്റെ പുത്തന്‍ പതിപ്പ് (New Renault Kwid) ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പുറത്തിറക്കി. ആദ്യമായി കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലാണ് കാറില്‍ വരുത്തിയിരിക്കുന്ന പുതിയ മാറ്റങ്ങള്‍. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പുത്തന്‍ രൂപത്തിലും ഭാവത്തിലും അവതാരപ്പിറവിയെടുത്ത ക്വിഡ് ഹാച്ച്ബാക്കിനെ കമ്പനി വാഹന ലോകത്തിന് പരിചയപ്പെടുത്തിയത്. മുമ്പുണ്ടായിരുന്ന സങ്കീര്‍ണമായ വേരിയന്റ് നിര കമ്പനി പൂര്‍ണമായി ഒഴിവാക്കിയതാണ് പുതിയ റെനോ ക്വിഡില്‍ വന്ന പ്രധാനപ്പെട്ട മാറ്റങ്ങളില്‍ ഒന്ന്.
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നതിനായി 'ഇവലൂഷന്‍' (Evolution), 'ക്ലൈംബര്‍' (Climber) എന്നിങ്ങനെ എളുപ്പത്തില്‍ തിരഞ്ഞെടുക്കാവുന്ന ലളിതമായ രണ്ട് ഓപ്ഷനുകള്‍ മാത്രമാണ് പുതിയ പതിപ്പില്‍ നല്‍കിയിരിക്കുന്നത്. സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകളില്ലാതെ തങ്ങള്‍ക്ക് അനുയോജ്യമായ പതിപ്പുകള്‍ തിരഞ്ഞെടുക്കാന്‍ ഈ പുതിയ 2 വേരിയന്റ് ലൈന്‍-അപ്പ് സഹായിക്കുമെന്ന് റെനോ ഇന്ത്യ വ്യക്തമാക്കി.

വമ്പന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ കാര്‍ വെറും 4.52 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. വില വിവരങ്ങള്‍ വിശദമായി പരിശോധിച്ചാല്‍ ഇവലൂഷന്‍ മാനുവല്‍ പതിപ്പിന് 4,52,900 രൂപയും, ക്ലൈംബര്‍ മാനുവലിന് 5,14,900 രൂപയുമാണ് വില. എഎംടി ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ യഥാക്രമം 4,89,900 രൂപയ്ക്കും 5,60,900 രൂപയ്ക്കും വിപണിയില്‍ ലഭ്യമാകും. എക്‌സ്‌ഷോറൂം വിലകളാണ് ഇവയെല്ലാം. പുതിയ ക്വിഡിന്റെ വേരിയന്റ് തിരിച്ചുള്ള വില വിവരപ്പട്ടിക താഴെ നൽകിയിട്ടുണ്ട്.
ഡിജിറ്റല്‍ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ക്ലൈംബര്‍ വേരിയന്റ് വാങ്ങുന്നവര്‍ക്ക് പ്രത്യേകമായി 15,000 രൂപയുടെ ക്യാഷ് ബെനിഫിറ്റും റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടെ ഈ ടോപ് സ്‌പെക് വേരിയന്റിന്റെ വില ഫലത്തില്‍ 4.99 ലക്ഷം രൂപയായി കുറയുമെന്നത് വലിയ ആകര്‍ഷണമാണ്. മാരുതിയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളായ ആള്‍ട്ടോ K10, സെലേറിയോ എന്നിവയ്ക്കാണ് ക്വിഡ് വെല്ലുവിളി ഉയര്‍ത്തുക.

റെനോയുടെ ഏറ്റവും പുതിയ ആഗോള ബ്രാന്‍ഡ് ഐഡന്റിറ്റി വ്യക്തമാക്കുന്ന ഡിസൈന്‍ ലൈനുകളാണ് ഈ കുഞ്ഞന്‍ ഹാച്ച്ബാക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ശക്തമായ റോഡ് പ്രസന്‍സുമുള്ള ബോള്‍ഡ് എസ്‌യുവി -പ്രചോദിത രൂപകല്‍പ്പനയാണ് പുതിയ ക്വിഡിന് ലഭിക്കുന്നത്. വീല്‍ ആര്‍ച്ച് ക്ലാഡിംഗും പരുക്കന്‍ ബോഡി സ്‌റ്റൈലിംഗും എസ്‌യുവി ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. ഈ പുത്തന്‍ പരിഷ്‌കാരങ്ങള്‍ ക്വിഡിന്റെ പ്രീമിയം ലുക്ക് ഉയർത്തുന്നു.
മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ മികച്ച പെര്‍ഫോമന്‍സും ഇന്ധനക്ഷമതയും ഒരേപോലെ നല്‍കുന്ന കരുത്തുറ്റ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ക്വിഡില്‍ തുടര്‍ന്നും സേവനമനുഷ്ഠിക്കുക. ഇതിനൊപ്പം 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും, ഈസി R എഎംടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുമുണ്ട്. ഡ്രൈവിംഗ് എളുപ്പമാക്കാന്‍ എഎംടി വേരിയന്റുകളില്‍ റോട്ടറി ഡയല്‍ ഗിയര്‍ സെലക്ടര്‍ നല്‍കിയിട്ടുണ്ട്.

ഇന്‍ഫോടൈന്‍മെന്റിനായി ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 8-ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റവും, പുതിയ ഡിജിറ്റല്‍ എല്‍ഇഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഗൈഡ്‌ലൈനുകളോട് കൂടിയ റിയര്‍വ്യൂ ക്യാമറയും പുത്തന്‍ മോഡലില്‍ ഉണ്ട്. റിമോട്ട് കീലെസ് എന്‍ട്രി, സെന്‍ട്രല്‍ ലോക്കിംഗ്, പവര്‍ വിന്‍ഡോസ്, പവര്‍ സ്റ്റിയറിംഗ്, യുഎസ്ബി & ബ്ലൂടൂത്ത് കണക്റ്റിവിറ്റി സൗകര്യങ്ങളും ഈ കാറില്‍ നല്‍കിയിട്ടുണ്ട്.
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയടക്കം 17 സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകള്‍ പുതിയ ക്വിഡില്‍ റെനോ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സെഗ്മെന്റിലെ ഏറ്റവും മികച്ച 184 mm ഗ്രൗണ്ട് ക്ലിയറന്‍സും 279 ലിറ്റര്‍ ബൂട്ട് സ്‌പേസും ഇതിന്റെ പ്രായോഗികത കൂട്ടുന്നു. എന്‍ട്രി ഹാച്ച്ബാക്കുകളില്‍ ഉപഭോക്താക്കള്‍ക്കുള്ള പ്രതീക്ഷ ഉയര്‍ത്തുന്നതില്‍ 2015-ല്‍ എന്‍ട്രി നടത്തിയ ക്വിഡ് വഹിച്ച പങ്ക് ചെറുതല്ല.
എസ്‌യുവി പ്രചോദിത രൂപകല്‍പ്പനയും ആധുനിക സവിശേഷതകളും ഉപയോഗിച്ച് ഈ മോഡല്‍ സെഗ്മെന്റിനെ യൂടിലിറ്റിക്കും അപ്പുറത്തേക്ക് മാറ്റി. ഉല്‍പ്പന്നത്തിന്റെ മൂല്യം കൂട്ടുന്നതിനും കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് പ്രാപ്യമാകുന്ന വില നിലവാരത്തില്‍ ലഭ്യമാക്കാനുമാണ് ഈ അപ്‌ഡേറ്റില്‍ കമ്പനി പ്രധാനമായും ശ്രദ്ധിച്ചത്. മോഡേണ്‍ ഡിസൈന്‍, സ്ട്രീംലൈന്‍ഡ് വേരിയന്റ് ലൈനപ്പ്, മികച്ച ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് എന്നിവ വാഗ്ദാനം ചെയ്യുന്നതിലൂടെ ആദ്യമായി കാര്‍ വാങ്ങാന്‍ ഒരുങ്ങുന്ന വലിയൊരു പറ്റം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ക്വിഡിന് സാധിക്കുമെന്നാണ് റെനോയുടെ പ്രതീക്ഷ.


Click it and Unblock the Notifications