കിലോമീറ്ററിന് വെറും 40 പൈസ മെയിന്റനന്‍സ്! എർട്ടിഗയുടെ ഉറക്കം കെടുത്തുന്ന ഫാമിലി കാർ അടുത്ത മാസം റോഡിൽ നിറയും
ജാപ്പനീസ് ബ്രാന്‍ഡ് ആയ നിസാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് താങ്ങാവുന്ന വിലയില്‍ ഗ്രാവൈറ്റ് 7 സീറ്റര്‍ എംപിവി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ഇന്ത്യക്കാര്‍ക്കിടയില്‍ ഇതിനോടകം വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച ഫാമിലി കാറിന്റെ ബുക്കിംഗ് രാജ്യത്തുടനീളം പുരോഗമിക്കുകയാണ്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഈ വാഹനം ബുക്ക് ചെയ്യാവുന്നതാണ്. അടുത്ത മാസം (2026 മാര്‍ച്ച്) മുതല്‍ ഗ്രാവൈറ്റിന്റെ കസ്റ്റമര്‍ ഡെലിവറി തുടങ്ങുമെന്ന് നിസാന്‍ ഔദ്യോഗികമായി അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിസാനിന്റെ ഈ പുത്തന്‍ മോഡല്‍ നമുക്ക് നിരത്തുകളില്‍ കാണാനാകും.
നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള 7-സീറ്റര്‍ കാറുകളില്‍ ഒന്നാണ് ഗ്രാവൈറ്റ്. വെറും 5.65 ലക്ഷം രൂപ മാത്രമാണ് ഇതിന്റെ പ്രാരംഭ വില. ടോപ് എന്‍ഡ് വേരിയന്റ് വരെ 8.94 ലക്ഷം രൂപ മുടക്കിയാല്‍ കിട്ടും. എക്‌സ്-ഷോറൂം വിലകളാണ് ഇത്. ഈ 7 സീറ്റര്‍ എംപിവി അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്. ബ്ലേഡ് സില്‍വര്‍, സ്റ്റോം വൈറ്റ്, ഓനിക്‌സ് ബ്ലാക്ക്, മെറ്റാലിക് ഗ്രേ, ഫോറസ്റ്റ് ഗ്രീന്‍ എന്നിവയാണ് അവ.

സെഗ്‌മെന്റ് ഇളക്കിമറിക്കും
മത്സരാധിഷ്ഠിത വില നിര്‍ണയത്തിലൂടെ മാരുതി സുസുക്കി എര്‍ട്ടിഗ അടക്കിവാഴുന്ന ബജറ്റ് എംപിവി സെഗ്‌മെന്റില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഗ്രാവൈറ്റിന് സാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. പ്രീമിയം ഫീച്ചറുകളും അതിനൊത്ത സ്‌പെയ്‌സും ഒത്തുചേരുന്ന ബജറ്റ് ഫാമിലി കാറായാണ് നിസാന്‍ ഗ്രാവൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 7-സീറ്റര്‍ എംപിവിയിലെ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ bhp പവറും 96 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിന് പുറമെ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനും വാഹനത്തില്‍ ലഭ്യമാണ്. നഗര യാത്രകള്‍ക്കും ഹൈവേ യാത്രകള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. മൈലേജിന്റെ കാര്യത്തിലും ഗ്രാവൈറ്റ് മികവ് പുലര്‍ത്തുന്നു. ഗ്രാവൈറ്റിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 19.30 കിലോമീറ്ററും എഎംടി വേരിയന്റുകള്‍ക്ക് 19.60 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുകളാണ് ഇത്.
നിലവില്‍ പെട്രോള്‍ മോഡലില്‍ മാത്രമാണ് ലഭ്യമാക്കിയതെങ്കിലും ഗ്രാവൈറ്റിന്റെ സിഎന്‍ജി പതിപ്പും അധികം വൈകാതെ കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് സ്വാഭാവികമായും നിലവിലുള്ളതിനേക്കാള്‍ കൂടതല്‍ മൈലേജ് ലഭിക്കും. അത്യാധുനികമായ ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുമായാണ് നിസാന്‍ ഗ്രാവൈറ്റിന്റെ സിഎന്‍ജി പതിപ്പ് വരികയെന്നാണ് പ്രമുഖ ഓട്ടോമോട്ടീവ് വെബ്‌സൈറ്റായ റഷ്‌ലെയ്ന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബൂട്ട്‌സ്‌പെയ്‌സില്‍ വലിയ സിഎന്‍ജി ടാങ്ക് സ്ഥാപിക്കുന്നതിന് പകരം രണ്ട് ചെറിയ സിലിണ്ടറുകള്‍ നല്‍കുന്ന ഈ രീതി ടാറ്റ, ഹ്യുണ്ടായി എന്നീ കമ്പനികള്‍ പരീക്ഷിച്ച് വിജയിപ്പിച്ചതാണ്. സിഎന്‍ജി ടാങ്ക് ലഗേജ് സ്‌പെയ്‌സ് കവരുന്നുവെന്ന പരാതി ഇതുവഴി പരിഹരിക്കാം. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ പറ്റുന്ന ഫാമിലി കാര്‍ തേടുന്നവരെ എന്തായാലും ഗ്രാവൈറ്റ് സിഎന്‍ജി ആകര്‍ഷിക്കും.

ബജറ്റ് മോഡല്‍ ആണെങ്കിലും ഒട്ടേറെ മോഡേണ്‍ ഫീച്ചറുകള്‍ ഈ 7-സീറ്റര്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും വാഹനത്തെ സ്മാര്‍ട്ടാക്കുന്നു.
യാത്രക്കാരുടെ സുരക്ഷക്കായി ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, എബിഎസ് (ABS), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങി വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ കാറിന്റെ സേഫ്റ്റി കിറ്റിലുണ്ട്. കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ ഗ്രാവൈറ്റ് പരിഗണിക്കാം.

കിലോമീറ്ററിന് വെറും 40 പൈസ മെയിന്റനന്‍സ്
വില കുറവാണെന്നത് മാത്രമല്ല ഗ്രാവൈറ്റ് 'തീറ്റിപ്പോറ്റാനും' ചെലവ് കുറവാണ്. ലോഞ്ചിന്റെ ഭാഗമായി ആദ്യത്തെ 5,000 ഉപഭോക്താക്കള്‍ക്ക് 5 വര്‍ഷത്തേക്ക് അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ 'സീറോ സര്‍വീസ് കോസ്റ്റ്' (Zero Service Cost) ഓഫര്‍ നിസാന്‍ നല്‍കുന്നുണ്ട്. അതായത് ഈ കാലയളവില്‍ നിശ്ചിത സര്‍വീസുകള്‍ക്ക് പണം നല്‍കേണ്ടതില്ല. ആദ്യത്തെ 5,000 പേരില്‍ ഉള്‍പ്പെടാത്തവര്‍ക്കായി കുറഞ്ഞ ചിലവില്‍ സര്‍വീസ് ഉറപ്പാക്കുന്ന പ്രീ-പെയ്ഡ് മെയിന്റനന്‍സ് പ്ലാനുകളും നിസാന്‍ അവതരിപ്പിച്ചിട്ടുണ്ട്.
വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി ലഭിക്കും. ഇത് വേണമെങ്കില്‍ 10 വര്‍ഷം അല്ലെങ്കില്‍ 2,00,000 കിലോമീറ്റര്‍ വരെ ദീര്‍ഘിപ്പിക്കാന്‍ സാധിക്കും. എര്‍ട്ടിഗ പോലുള്ള മുന്‍നിര മോഡലുകളുമായി മത്സരിക്കുമ്പോള്‍ കുറഞ്ഞ വിലയും കുറഞ്ഞ പ്രവര്‍ത്തന ചിലവുമാണ് ഗ്രാവൈറ്റിന്റെ പ്രധാന ആയുധങ്ങള്‍. അടുത്ത മാസം മുതല്‍ റോഡുകളില്‍ ഇറങ്ങുന്നതോടെ എംപിവി വിപണിയിലെ സമവാക്യങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








