സ്വിഫ്‌റ്റൊന്നും വാങ്ങണ്ട, അതേവിലയില്‍ 7-സീറ്റര്‍ കിട്ടുമെന്നേ..! രാജ്യം കാത്തിരുന്ന കാറിന്റെ ലോഞ്ച് അടുത്തു
ജാപ്പനീസ് ബ്രാന്‍ഡായ നിസാന്‍ ഇന്ത്യയിലെത്തിക്കുന്ന 7 സീറ്റര്‍ എംപിവിയായ ഗ്രാവൈറ്റിന്റെ പുതിയ ലോഞ്ച് ടൈംലൈന്‍ പുറത്ത്. നേരത്തെ ജനുവരിയില്‍ നിശ്ചയിച്ചിരുന്ന ഗ്രാവൈറ്റിന്റെ അവതരണം ചില അജ്ഞാത കാരണങ്ങളാല്‍ മാറ്റുകയായിരുന്നു. ഇപ്പോള്‍ 2026 ഫെബ്രുവരി 17-ന് പുത്തന്‍ മോഡല്‍ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൂടുതല്‍ അംഗങ്ങളുള്ള വലിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കാറിന്റെ വിലയും ഫെബ്രുവരി 17-ന് നടക്കുന്ന ചടങ്ങില്‍ നിസാന്‍ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച ശേഷം മാര്‍ച്ച് മുതല്‍ കസ്റ്റമര്‍ ഡെലിവറി ആരംഭിക്കുമെന്നാണ് സൂചന.
റെനോ ട്രൈബറിന് (Renault Triber) അടിസ്ഥാനമായ അതേ സിഎംഎഫ്-എ (CMF-A) പ്ലാറ്റ്ഫോമിലാണ് നിസാന്‍ ഗ്രാവൈറ്റും നിര്‍മ്മിച്ചിരിക്കുന്നത്. 4 മീറ്ററില്‍ താഴെ നീളമുള്ള ഈ മള്‍ട്ടി പര്‍പ്പസ് വാഹനത്തില്‍ മൂന്ന് നിര സീറ്റിംഗ് ലേഔട്ടാണ് ലഭിക്കുന്നത്. ആവശ്യാനുസരണം മാറ്റാന്‍ സാധിക്കുന്ന സീറ്റിംഗ് സംവിധാനം കുടുംബങ്ങള്‍ക്ക് വലിയ സൗകര്യമാണ്.

മൂന്നാം നിര സീറ്റുകള്‍ പൂര്‍ണമായും എടുത്തുമാറ്റാന്‍ സാധിക്കുന്ന തരത്തിലുള്ള സീറ്റിംഗ് ക്രമീകരണത്തിലെ വഴക്കമാണ് ഗ്രാവൈറ്റിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. യാത്രക്കാര്‍ കുറവുള്ള സാഹചര്യത്തില്‍ സീറ്റുകാര്‍ മാറ്റി അതേസ്ഥാനത്ത് കൂടുതല്‍ ലഗേജ് കൊണ്ടുപോകാന്‍ സാധിക്കും. മെട്രോ നഗരങ്ങളിലും ടയര്‍ 2 നഗരങ്ങളിലും താങ്ങാനാവുന്ന വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള കാര്‍ തേടുന്നവരെയാണ് ഗ്രാവൈറ്റിലൂടെ നിസാന്‍ ലക്ഷ്യമിടുന്നത്.
ലോഞ്ചിന് മുന്നോടിയായി പുറത്തുവന്ന ടീസറുകള്‍ വാഹനത്തിന്റെ ആകര്‍ഷകമായ എക്സ്റ്റീരിയര്‍ ഡിസൈനും കളര്‍ ഓപ്ഷനുകളും വെളിപ്പെടുത്തിയിരുന്നു. ടീല്‍, വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്രേ എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് ഗ്രാവൈറ്റ് ലഭ്യമാകുക. ഹൊറിസോണ്ടല്‍ എല്‍ഇഡി ലൈറ്റുകളും വീതിയേറിയ ഗ്രില്ലും വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നു. ഗ്രില്ലില്‍ ക്രോം സ്ലാറ്റുകളും ബോണറ്റില്‍ വലിയ അക്ഷരങ്ങളില്‍ 'GRAVITE' ലെറ്ററിംഗും നല്‍കിയിട്ടുണ്ട്.

സ്പ്ലിറ്റ് ടെയില്‍ ലാമ്പുകളും കണക്റ്റഡ് ട്രിമ്മും പിന്‍വശത്തിന് മോഡേണ്‍ സ്പര്‍ഷം നല്‍കുന്നു. വാഹനത്തിന്റെ മൊത്തത്തിലുള്ള നീളം വര്‍ദ്ധിപ്പിക്കാതെ തന്നെ ഇന്റീരിയര്‍ ഹെഡ്റൂമും കാര്‍ഗോ ഫ്‌ലെക്‌സിബിലിറ്റിയും പരമാവധിയാക്കാന്‍ അപ്‌റൈറ്റ് സ്റ്റാന്‍സാണ് നല്‍കിയിരിക്കുന്നത്. അകത്ത് 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടാകും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയും വയര്‍ലെസ് ചാര്‍ജിംഗും ഇതിന്റെ പ്രത്യേകതകളാണ്.
കൂള്‍ഡ് ഗ്ലോവ്ബോക്സ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങളും നിസാന്‍ വാഗ്ദാനം ചെയ്യുന്നു. സുരക്ഷയുടെ കാര്യത്തിലും നിസാന്‍ ഗ്രാവൈറ്റ് പിന്നിലല്ല. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഇതിലുണ്ടാകും. കൂടാതെ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പാര്‍ക്കിംഗ് സെന്‍സറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയും സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും ഈ ഫാമിലി കാറിന് കരുത്തേകുക. 71 bhp പവറും 96 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ക്കൊപ്പമാണ് വരുന്നത്. നഗര യാത്രകള്‍ക്ക് കൂടുതല്‍ അനുയോജ്യമായ ഈ എഞ്ചിന്‍ മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നതിനായി നിസാന്‍ ചിലപ്പോള്‍ ട്യൂണ്‍ ചെയ്തേക്കാം.
വാഹനത്തിന്റെ പ്രകടനം മെച്ചപ്പെടുത്താനായി നിസാന്‍ മാഗ്നൈറ്റിലെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ കമ്പനി പരിഗണിക്കാന്‍ സാധ്യതയുണ്ട്. 100 bhp പവറും 160 Nm ടോര്‍ക്കും നല്‍കുന്ന ഈ എഞ്ചിന്‍ ദീര്‍ഘദൂര, ഹൈവേ യാത്രകള്‍ക്ക് എംപിവിയെ കൂടുതല്‍ മികച്ചതാക്കും. സ്വന്തം ഐഡന്റിറ്റിക്കായി സ്‌റ്റൈലിംഗില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും ട്രൈബറിന് സമാനമായ മെക്കാനിക്കല്‍ സംവിധാനമാണ് നിസാന്‍ ഗ്രാവൈറ്റിലും പിന്തുടരുന്നത്.
ഇന്ത്യന്‍ വിപണിയില്‍ റെനോ ട്രൈബര്‍ തന്നെയാണ് നിസാന്‍ ഗ്രാവൈറ്റിന്റെ പ്രധാന എതിരാളി. ട്രൈബറിന്റെ ബേസ് ഒതന്റിക് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 5.76 ലക്ഷം രൂപ മാത്രമാണ്. സമാനമായ രീതിയില്‍ 6 ലക്ഷം രൂപയോ അതില്‍ താഴെയോ ആകാം ഗ്രാവൈറ്റിന്റെ വില. ഒരു ഹാച്ച്ബാക്കിന്റെ വിലയില്‍ 7 സീറ്റര്‍ കാറിന്റെ പ്രായോഗികത ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച ഓപ്ഷനായിരിക്കും. വാഹനത്തിന്റെ വേരിയന്റുകള്‍, ഫീച്ചറുകള്‍ എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലോഞ്ച് വേളയില്‍ അറിയാം.


Click it and Unblock the Notifications








