6 ലക്ഷത്തിന് 7-സീറ്റര്‍ പുറത്തിറക്കാന്‍ നിന്നതാ..! ജപ്പാന്‍കാര്‍ക്ക് ഇത് സംഭവിക്കുമെന്ന് ആരെങ്കിലും കരുതുമോ
നിസാന്‍ പുതുതായി ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ പോകുന്ന ബജറ്റ് ഫ്രണ്ട്‌ലി 7-സീറ്റര്‍ എംപിവിയായ ഗ്രാവൈറ്റിന്റെ ലോഞ്ച് നീട്ടിവെച്ചു. ജനുവരി 21-ന് ഇന്ത്യയില്‍ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കാനിരുന്ന എംപിവിയുടെ ഔദ്യോഗിക അവതരണം നീട്ടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വാഹനത്തിന്റെ പുതിയ ലോഞ്ച് തീയതി നിസാന്‍ അധികൃതര്‍ വൈകാതെ അറിയിക്കുന്നതായിരിക്കും. ഇന്ത്യന്‍ മാസ് മാര്‍ക്കറ്റ് കാര്‍ വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള നിസാനിന്റെ പദ്ധതികളില്‍ ഏറെ നിര്‍ണായകമായ മോഡലാണ് ഗ്രാവൈറ്റ്. നിലവില്‍ മാഗ്‌നൈറ്റ് (Magnite) സബ് 4 മീറ്റര്‍ എസ്‌യുവി മോഡല്‍ മാത്രമാണ് നിസാന് വില്‍പ്പന നേടിക്കൊടുക്കുന്നത്.
ഈ സാഹചര്യത്തില്‍ ഷോറൂമില്‍ ആളെ കൂട്ടാന്‍ ശേഷിയുള്ള ഒരു ഉല്‍പ്പന്നം വരേണ്ടത് അത്യാവശ്യമാണ്. 2025 ഡിസംബറിലാണ് 'ഗ്രാവൈറ്റ്' എന്ന പേരില്‍ പുതിയ എംപിവി ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ പോകുന്നതായി നിസാന്‍ പ്രഖ്യാപിച്ചത്. 2026 ജനുവരിയില്‍ വാഹനത്തിന്റെ മൂടുപടമഴിക്കുമെന്ന് അറിയിച്ച കമ്പനി പുറത്തുവിട്ട ടീസറുകള്‍ ഫാമിലി കാര്‍ ആരാധകര്‍ക്കിടയില്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ അവതരണം നീട്ടിവെക്കാനുള്ള കാരണം എന്താണെന്ന് അറിവില്ല.

പുതിയ തീയതികള്‍ വൈകാതെ അറിയിക്കുമെന്നല്ലാതെ നിസാന്‍ കാരണമൊന്നും വെളിപ്പെടുത്താന്‍ തയാറായില്ല. ഇതിനോടകം ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തുന്ന റെനോ ട്രൈബറിന്റെ അതേ CMF-A+ പ്ലാറ്റ്‌ഫോമിലാണ് ഗ്രാവൈറ്റ് പണിയുന്നത്. സാങ്കേതികമായി ട്രൈബറിനോട് ചേര്‍ന്നുനില്‍ക്കുമ്പോഴും ഡിസൈനില്‍ വലിയ വിത്യാസങ്ങള്‍ കൊണ്ടുവരാന്‍ നിസാന്‍ ശ്രമിച്ചിട്ടുണ്ട്. നിസാന്‍ ഗ്രാവൈറ്റിന്റെ ഫുള്‍ ഡിസൈന്‍ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അതിന്റെ രൂപത്തെ കുറിച്ചുള്ള ചില സൂചനകള്‍ നേരത്തെ നല്‍കിയിരുന്നു.
നിസാന്റെ ഗ്ലോബല്‍ ഡിസൈന്‍ ഭാഷയോട് ചേര്‍ന്ന് നില്‍ക്കുന്ന മോഡേണ്‍ ലുക്കിലാണ് ഗ്രാവൈറ്റ് വരിക. സ്ലീക്ക് ഡിസൈനിലുള്ള ഹെഡ്ലാമ്പ് യൂണിറ്റുകളും ബോണറ്റിലെ മസ്‌കുലര്‍ ഘടകങ്ങളും വാഹനത്തിന് കരുത്തുറ്റ രൂപം നല്‍കുന്നു. വാഹനത്തിന്റെ ഉള്‍വശത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും മൂന്ന് നിരകളിലായി 5, 6, അല്ലെങ്കില്‍ 7 സീറ്റുകള്‍ ക്രമീകരിക്കാന്‍ സാധിക്കുന്ന ഫ്‌ലെക്‌സിബിള്‍ സീറ്റിംഗ് ലേഔട്ട് ഗ്രാവൈറ്റില്‍ പ്രതീക്ഷിക്കാം.
7 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, സെന്റര്‍ കണ്‍സോളിലെ കൂള്‍ഡ് സ്റ്റോറേജ്, സ്ലൈഡ് ചെയ്യാനും ചാരിയിരിക്കാനും കഴിയുന്ന രണ്ടാം നിര സീറ്റുകള്‍ എന്നിവ ഗ്രാവൈറ്റിന്റെ പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകളാകും. കുടുംബമൊന്നിച്ച് യാത്ര പോകാന്‍ അനുയോജ്യമായ രീതിയില്‍ ക്യാബിന്‍ സ്‌പേസ് പരമാവധി പ്രയോജനപ്പെടുത്താന്‍ നിസാന്‍ ശ്രമിച്ചിരിക്കും.
1.0 ലിറ്റര്‍, 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് നിസാന്‍ ഗ്രാവൈറ്റിന് കരുത്ത് പകരുക. 72 hp പവറും 96 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുളള ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി (AMT) ഗിയര്‍ബോക്‌സുമായി ബന്ധിപ്പിക്കും. മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നതിനായി നിസാന്‍ ചിലപ്പോള്‍ എഞ്ചിനും ഗിയര്‍ബോക്‌സും ട്യൂണ്‍ ചെയ്‌തേക്കാം.

കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്ന ഒരു ഫാമിലി എംപിവിയായി ഗ്രാവൈറ്റ് അവതരിപ്പിച്ച് ഇന്ത്യയിലെ ഇടത്തരക്കാരം കുടുംബങ്ങളെ ആകര്‍ഷിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലോഞ്ച് മാറ്റിവെച്ചെങ്കിലും നിസാന്‍ ഗ്രാവൈറ്റിനെ കുറിച്ചുള്ള പ്രതീക്ഷികള്‍ക്ക് ഇളക്കം തട്ടിയിട്ടില്ല. ലോഞ്ച് സംബന്ധിച്ച പുതിയ അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ നിരത്തുകളില്‍ മാഗ്‌നൈറ്റിന് ശേഷം നിസാന് വലിയൊരു വിജയം നല്‍കാന്‍ ഈ പുതിയ 7 സീറ്റര്‍ എംപിവിക്ക് സാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തീന്നത്. ട്രൈബറിന് സമാനമായ രീതിയില്‍ 6 ലക്ഷത്തില്‍ താഴെ പ്രാരംഭ വിലയില്‍ വന്നാല്‍ ഗ്രാവൈറ്റ് തരംഗം സൃഷ്ടിച്ചേക്കും. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിടും.


Click it and Unblock the Notifications








