എർട്ടിഗയേക്കാൾ ₹3 ലക്ഷത്തിലധികം വിലക്കുറവിൽ വിറ്റിട്ടും 7-സീറ്ററിന്റെ വിൽപ്പന താഴേക്ക്! കാരണം അറിയാം
സാധാരണ ഹാച്ച്ബാക്ക് കാറിന്റെ വിലയില്‍ 7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന അത്യാധുനിക സവിശേഷതകളുള്ള ഒരു ഫാമിലി എംപിവിയാണ് നിസാന്‍ ഗ്രാവൈറ്റ്. വെറും 5.65 ലക്ഷം രൂപ പ്രാരംഭ വിലയില്‍ എത്തിയ നിസാന്‍ ഗ്രാവൈറ്റിന്റെ പുതിയ വില്‍പ്പന റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ട 7 സീറ്റര്‍ എംപിവിയായ ഗ്രാവൈറ്റിന്റെ (Nissan Gravite) വില്‍പ്പന ഇപ്പോള്‍ ഇടിവിലാണ്. പ്രമുഖ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ, ഓട്ടോ പണ്ഡിറ്റ്‌സ് പ്രസിദ്ധീകരിച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2026 ഏപ്രില്‍ മാസത്തില്‍ രാജ്യത്തുടനീളം ആകെ 1,428 ഗ്രാവൈറ്റ് കാറുകള്‍ മാത്രമാണ് നിസാന് വില്‍ക്കാന്‍ സാധിച്ചത്.
തൊട്ട് മുമ്പത്തെ മാസമായ 2026 മാര്‍ച്ചിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസം കാണാന്‍ സാധിക്കും. മാര്‍ച്ച് മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ആകെ 2,375 ഗ്രാവൈറ്റ് വിറ്റഴിക്കപ്പെട്ടിരുന്നത്. മാര്‍ച്ചിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഏപ്രില്‍ മാസത്തില്‍ വില്‍പ്പന 40 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഏപ്രിലില്‍ ആകെ 947 കാറുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പുറത്തിറങ്ങി രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു പുതിയ എംപിവി മോഡലിന് ഉണ്ടായ ഈ വില്‍പ്പന ഇടിവ് ഇന്ത്യന്‍ വാഹന വിപണിയിലെ കടുത്ത മത്സരസാഹചര്യമാണ് വരച്ചുകാണിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ 7-സീറ്റര്‍ എംപിവി വിഭാഗത്തില്‍ നിലവില്‍ മാരുതി സുസുക്കി എര്‍ട്ടിഗയാണ് (Maruti Suzuki Ertiga) സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തുന്നത്. നിലവി മാരുതി എര്‍ട്ടിഗയുടെ ബേസ് വേരിയന്റിന്റെ വിപണി വില വരുന്നത് ഏകദേശം 8.80 ലക്ഷം രൂപയോളമാണ്.
എന്നാല്‍ ഇതിന് ബദലായി ജാപ്പനീസ് ബ്രാന്‍ഡായ നിസാന്‍ അവതരിപ്പിച്ച ഗ്രാവൈറ്റിന്റെ പ്രാരംഭ വില വെറും 5.65 ലക്ഷം രൂപ മാത്രമാണ്. മാരുതി എര്‍ട്ടിഗയുടെ എന്‍ട്രി ലെവല്‍ വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ നിസാന്‍ ഗ്രാവിറ്റിന് 3.15 ലക്ഷം രൂപ കുറവാണ് വില. ഇത്രയും വലിയ വില വ്യത്യാസമുണ്ടായിട്ടും വില്‍പ്പനയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ഗ്രാവൈറ്റിന് സാധിച്ചിട്ടില്ല.
കുറഞ്ഞ വിലയിലാണ് വിപണിയില്‍ എത്തുന്നതെങ്കിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി അത്യാധുനിക ഫീച്ചറുകള്‍ ഈ കാറില്‍ നിസാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി 6 എയര്‍ബാഗുകള്‍, മുന്‍വശത്തും പിന്‍വശത്തുമുള്ള പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഇതിലുണ്ട്. ഇവ കൂടാതെ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവയും സുരക്ഷയുടെ ഭാഗമായി നല്‍കിയിട്ടുണ്ട്.
സാധാരണക്കാരുടെ യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ മികച്ച പ്രീമിയം ഫീച്ചറുകള്‍ ഈ കൊച്ചു 7-സീറ്റര്‍ കാബിനില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫാമിലി കാറിന്റെ അകത്തളത്തില്‍ 20.32 സെന്റിമീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, 17.78 സെന്റിമീറ്റര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സിസ്റ്റം എന്നീ ഫീച്ചറുകള്‍ ലഭിക്കുന്നു.

സ്മാര്‍ട്ട്ഫോണുകള്‍ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യുന്നതിനായി വയര്‍ലെസ് ചാര്‍ജര്‍ സംവിധാനവും യാത്രക്കാര്‍ക്ക് മികച്ച ശ്രവ്യാനുഭവം സമ്മാനിക്കാന്‍ ജെബിഎല്‍ (JBL) സ്പീക്കറുകളും ഇതിലുണ്ട്.കൂടാതെ ക്യാബിന്‍ ശുദ്ധീകരിക്കാന്‍ എയര്‍ പ്യൂരിഫയര്‍ സംവിധാനവും മഴ പെയ്യുമ്പോള്‍ തനിയെ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് റെയിന്‍ സെന്‍സിംഗ് വൈപ്പറുകളും ഇതിന്റെ സവിശേഷതകളാണ്.
സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, കാര്യക്ഷമമായ 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഈ കരുത്തുറ്റ എഞ്ചിനോടൊപ്പം സുഗമമായ ഡ്രൈവിംഗിനായി 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഓട്ടോമാറ്റിക് ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കായി എഎംടി (AMT) ഓപ്ഷനും കമ്പനി നല്‍കിയിട്ടുണ്ട്.

പെട്രോള്‍ മോഡലുകള്‍ക്ക് പുറമെ ഇന്ധന ചെലവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ അംഗീകൃത ഡീലര്‍ ലെവല്‍ സിഎന്‍ജി (CNG) റെട്രോഫിറ്റ് കിറ്റും നിസാന്‍ ഗ്രാവൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിപണിയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ട്വിന്‍ സിലിണ്ടര്‍ കിറ്റാണ് (Twin Cylinder Kit) ഈ കാറില്‍ കമ്പനി ഉപയോഗിച്ചിട്ടുള്ളത്.
ബൂട്ട് സ്‌പേസ് നഷ്ടപ്പെടുത്താതെ രണ്ട് ചെറിയ സിലിണ്ടറുകളിലായി സിഎന്‍ജി ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ പുത്തന്‍ സാങ്കേതികവിദ്യ. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സഹായിക്കുന്ന ഈ സിഎന്‍ജി പതിപ്പ് നഗരങ്ങളിലെ കമ്മ്യൂട്ടര്‍ ആവശ്യങ്ങള്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണെന്ന് വിപണി വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. വീട്ടിലെ ആവശ്യങ്ങള്‍ക്കും ബിസിനസ്സ് ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാം.
ഏത് കൊടുങ്കാറ്റിലും ഇടിയാത്ത ജനപ്രീതിയുമായി മാരുതി എര്‍ട്ടിഗയെന്ന മഹാമേരു മറുവശത്ത് നില്‍ക്കുന്നതാണ് തുടക്കത്തിലുള്ള ആളിക്കത്തലിന് ശേഷം ഗ്രാവൈറ്റിന്റെ വില്‍പ്പന പെട്ടന്ന് ഇടിയാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. എര്‍ട്ടിഗയുടെ സ്വാധീനം മറികടന്ന് ഒരു പുതിയ ബ്രാന്‍ഡിനെ ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കാന്‍ അല്പം സമയമെടുക്കും. എന്നിരുന്നാലും വളരെ കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകളുമായി വര്ുന്ന 7-സീറ്റര്‍ ഫാമിലി കാര്‍ വരും മാസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതോടെ വില്‍പ്പനയില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചനകള്‍.


Click it and Unblock the Notifications