മല പോലെ വന്നത് ഏലി പോലായോ? ഏറ്റവും വില കുറഞ്ഞ 7-സീറ്ററിന്റെ ഗ്രാഫ് താഴോട്ട്, കാരണങ്ങൾ അറിയാം
വലിയ പ്രതീക്ഷകളോടെ ഇന്ത്യന്‍ വിപണിയിലെത്തിയ ജാപ്പനീസ് ബ്രാന്‍ഡായ നിസാനിന്റെ ഏറ്റവും പുതിയ എംപിവി മോഡല്‍ ഗ്രാവൈറ്റ്' (Nissan Gravite) കടുത്ത വെല്ലുവിളി നേരിടുന്നു. വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ 7 സീറ്റര്‍ വാഹനം എന്ന വിപണി വിശേഷണത്തോടെ എത്തിയ ഈ മോഡലിന് ആദ്യ മാസങ്ങളില്‍ വിചാരിച്ചത്ര മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റെനോ ട്രൈബറിനേക്കാള്‍ കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിയ ഈ വാഹനത്തിന് നിലവില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രതീക്ഷിച്ച ജനപ്രീതി നേടാന്‍ കഴിഞ്ഞിട്ടില്ല.
പ്രമുഖ വാഹന പോര്‍ട്ടലായ വി3 കാര്‍സ് (V3 Cars) പുറത്തുവിട്ട ഏറ്റവും പുതിയ വില്‍പ്പന കണക്കുകള്‍ പ്രകാരം ആദ്യ മൂന്ന് മാസങ്ങളില്‍ വളരെ കുറഞ്ഞ വില്‍പ്പന മാത്രമാണ് ഈ മോഡലിന് ഇന്ത്യയില്‍ നേടാനായത്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില കുറഞ്ഞ 7 സീറ്റര്‍ കാര്‍ എന്ന ലേബലിലാണ് കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ഗ്രാവൈറ്റ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടത്.

ഈ വിഭാഗത്തില്‍ ജനപ്രിയമായിരുന്ന റെനോ ട്രൈബറിന്റെ ബേസ് വേരിയന്റിന് 5.81 ലക്ഷം രൂപ വിലയുള്ളപ്പോള്‍, ഗ്രാവൈറ്റ് വെറും 5.73 ലക്ഷം രൂപയ്ക്കാണ് പ്രാരംഭ വിലയിലാണ് വിപണിയില്‍ എത്തിച്ചത്. തുടര്‍ന്ന് 2026 മാര്‍ച്ച് മാസത്തില്‍ ഈ വാഹനത്തിന്റെ ഔദ്യോഗിക ഡെലിവറി ആരംഭിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ 2,375 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.
ആദ്യ മാസം വിപണിയില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും തൊട്ടടുത്ത മാസങ്ങളില്‍ വില്‍പ്പന ഗ്രാഫ് വന്‍തോതില്‍ താഴേക്ക് പോകുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ഏപ്രില്‍ മാസത്തില്‍ നിസാന്‍ ഗ്രാവൈറ്റിന്റെ വില്‍പ്പന കേവലം 1,428 യൂണിറ്റ് മാത്രമായി ചുരുങ്ങുകയാണുണ്ടായത്. കഴിഞ്ഞ മെയ് മാസത്തെ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ഇത് വീണ്ടും ഇടിഞ്ഞ് വെറും 1,283 യൂണിറ്റുകളിലേക്ക് എത്തിയതായാണ് വ്യക്തമാക്കുന്നത്.
ചുരുക്കത്തില്‍, വിപണിയില്‍ എത്തിയ ആദ്യത്തെ മൂന്ന് മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേവലം 5,086 ഗ്രാവൈറ്റ് കാറുകള്‍ മാത്രമാണ് നിസാന് രാജ്യത്തുടനീളം വിറ്റഴിക്കാന്‍ സാധിച്ചത്. വിപണിയില്‍ നിലവില്‍ വലിയ തരംഗം സൃഷ്ടിക്കാന്‍ ഈ 7 സീറ്റര്‍ മോഡലിന് സാധിച്ചിട്ടില്ലെന്ന് ഈ കുറഞ്ഞ വില്‍പ്പന കണക്കുകള്‍ അടിവരയിടുന്നു. ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ നിസാന്‍ ബ്രാന്‍ഡിനെ ശക്തമായി നിലനിര്‍ത്തുന്നത് അവരുടെ ജനപ്രിയ എസ്‌യുവി മോഡലായ നിസാന്‍ മാഗ്‌നൈറ്റ് (Nissan Magnite) മാത്രമാണ്.
പ്രീമിയം വിഭാഗത്തിലുള്ള നിസാന്‍ എക്‌സ്-ട്രെയില്‍ മോഡലിന് വിപണിയില്‍ വിരലിലെണ്ണാവുന്ന വില്‍പ്പന മാത്രമുള്ളതെന്നതിനാല്‍ ഗ്രാവൈറ്റ് മോഡലില്‍ കമ്പനിക്ക് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. വലിയ കുടുംബങ്ങളെയും ബജറ്റ് ഉപഭോക്താക്കളെയും ഒരേപോലെ ആകര്‍ഷിക്കാന്‍ പ്ലാന്‍ ചെയ്താണ് ഈ വലിയ വണ്ടി വിപണിയില്‍ ഇറക്കിയത്. എന്നാല്‍ പ്രായോഗിക തലത്തിലേക്ക് വരുമ്പോള്‍ വാഹനത്തിന്റെ ചില മെക്കാനിക്കല്‍ വശങ്ങള്‍ ഉപഭോക്താക്കളെ ഈ വാഹനം വാങ്ങുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകമായി മാറിയിട്ടുണ്ടെന്നാണ് വിപണി വിലയിരുത്തല്‍.

ഏഴ് പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ സാധിക്കുന്ന വലിയ എംപിവിയാണെങ്കിലും ഇതില്‍ വളരെ ചെറിയ എഞ്ചിനാണ് നിസാന്‍ നല്‍കിയിരിക്കുന്നത്. വെറും 1.0 ലിറ്റര്‍ ശേഷിയുള്ള ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് മെക്കാനിക്കല്‍ കരുത്ത് പകരുന്നത്.ഈ ചെറിയ എഞ്ചിന്‍ പരമാവധി 72 hp പവറും 96 Nm ടോര്‍ക്കും മാത്രമാണ് ഉത്പാദിപ്പിക്കുന്നത്.
മുഴുവന്‍ യാത്രക്കാരെ കയറ്റി ഓടിക്കുമ്പോള്‍ ഈ എഞ്ചിന്‍ ഔട്ട്പുട്ട് ഒട്ടും തികയാതെ വരുന്നു എന്നതാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നഗരങ്ങളിലെ സാധാരണ ട്രാഫിക്കില്‍ കുറഞ്ഞ വേഗതയിലും ഓടിക്കാന്‍ ഈ 1.0 ലിറ്റര്‍ എഞ്ചിന്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നില്ലെങ്കിലും ഹൈവേകളിലേക്ക് എത്തുമ്പോള്‍ ഡ്രൈവിംഗ് ദുഷ്‌കരമാകുന്നു.

വാഹനം ഫുള്‍ ലോഡില്‍ ആയിരിക്കുമ്പോള്‍ ദീര്‍ഘദൂര യാത്രകളില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ഡ്രൈവര്‍മാര്‍ക്ക് മുന്‍കൂട്ടി പ്ലാന്‍ ചെയ്യേണ്ട അവസ്ഥ വരുന്നു. പെട്ടെന്ന് വേഗത കൂട്ടാനായി ഒന്നോ രണ്ടോ ഗിയറുകള്‍ താഴേക്ക് ഷിഫ്റ്റ് ചെയ്താല്‍ മാത്രമേ എഞ്ചിന്‍ ആവശ്യത്തിന് കരുത്ത് പുറത്തെടുക്കുകയുള്ളൂ. ദീര്‍ഘദൂര യാത്രകളില്‍ പെര്‍ഫോമന്‍സ് കുറയുന്നത് ഡ്രൈവര്‍മാര്‍ക്ക് വലിയ മടുപ്പ് ഉണ്ടാക്കുന്നതാണ് പല ഉപഭോക്താക്കളും ഈ വണ്ടി ഒഴിവാക്കാന്‍ കാരണമായി പറയുന്നത്.
വരും ദിവസങ്ങളില്‍ നിസാന്‍ ഗ്രാവൈറ്റില്‍ കൂടുതല്‍ കരുത്തുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ കൂടി നല്‍കാന്‍ കമ്പനി തയാറായാല്‍ വില്‍പ്പന തിരിച്ചുപിടിക്കാനാകും. ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന വലിയ വാഹനത്തിന് ആവശ്യത്തിന് പവര്‍ ഉള്ള എഞ്ചിന്‍ നല്‍കേണ്ടത് ഏറെ അത്യാവശ്യമായ കാര്യമാണ്.


Click it and Unblock the Notifications