₹5.65 ലക്ഷത്തിന് 7-സീറ്റർ ഇറക്കാൻ മാരുതിക്ക് പോലും പറ്റിയില്ല! ആദ്യ മാസം ബമ്പർ വിൽപ്പന, തരംഗമായി ഗ്രാവൈറ്റ്
കൂടുതല്‍ അംഗങ്ങളെ കയറ്റാന്‍ പറ്റുന്ന 7 സീറ്റര്‍ ഫാമിലി കാറുകള്‍ക്ക് ഉയര്‍ന്ന വില നല്‍കണം എന്ന ധാരണ തിരുത്തിക്കുറിച്ച കാര്‍ മോഡലുകളില്‍ ഒന്നാണ് നിസാന്‍ ഗ്രാവൈറ്റ് (Nissan Gravite). വിപണിയില്‍ എത്തി വെറും 1 മാസം പിന്നിടുമ്പോള്‍ തന്നെ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്കും റെനോ ട്രൈബറിനും കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ഈ മള്‍ട്ടി പര്‍പ്പസ് വാഹനം. 6 ലക്ഷത്തില്‍ താഴെ മാത്രം വിലയുള്ള ഈ 7 സീറ്റര്‍ കാര്‍ വിപണിയിലെ വമ്പന്‍മാരെ പോലും അമ്പരപ്പിക്കുന്ന വില്‍പ്പന കണക്കുകളുമായി സമീപകാലത്ത് നിസാന്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച ഏറ്റവും വലിയ ഹിറ്റ് മോഡലായി മാറിക്കഴിഞ്ഞു.
ഗ്രാവൈറ്റ് വന്നതോട് കൂടി മാഗ്‌നൈറ്റ് മാത്രം പ്രദര്‍ശിപ്പിച്ചിരുന്ന നിസാന്‍ ഷോറൂമുകളില്‍ ഇപ്പോള്‍ ആളും അനക്കവുമെല്ലാം വെച്ചു. 2026 ഫെബ്രുവരി 17-നാണ് ജാപ്പനീസ് ബ്രാന്‍ഡ് ഈ 7 സീറ്റര്‍ എംപിവി പുറത്തിറക്കിയത്. വിപണിയിലെത്തിയ ശേഷമുള്ള ആദ്യ സമ്പൂര്‍ണ മാസമായ മാര്‍ച്ചില്‍ തന്നെ അമ്പരപ്പിക്കുന്ന വില്‍പ്പനയാണ് ഗ്രാവൈറ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

റഷ്‌ലെയ്ന്‍ (Rushlane) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം നിസാന്‍ എന്ന ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മോഡലായി ഗ്രാവൈറ്റ് മാറിക്കഴിഞ്ഞു. വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2026 മാര്‍ച്ചില്‍ മാത്രം 2,375 യൂണിറ്റ് ഗ്രാവൈറ്റാണ് നിസാന്‍ വിറ്റഴിച്ചത്. ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി 7 സീറ്റര്‍ എംപിവി മാറി.
ഏതാനും വര്‍ഷങ്ങളായി കമ്പനിയുടെ ഏക അത്താണിയായിരുന്ന നിസാന്‍ മാഗ്‌നൈറ്റിന് (Nissan Magnite) കഴിഞ്ഞ മാസം 2,033 പുതിയ ഉപഭോക്താക്കളെയാണ് കണ്ടെത്താനായത്. ഇതോടെ 300+ യൂണിറ്റുകളുടെ ലീഡുമായി മാഗ്‌നൈറ്റിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഗ്രാവൈറ്റ് ആദ്യ മാസം തന്നെ ബ്രാന്‍ഡിന്റെ ബെസ്റ്റ് സെല്ലര്‍ ആയി. നിസാന്‍ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ വിപണി വിഹിതം ഉയര്‍ത്തുന്നതില്‍ ഈ പുതിയ 7 സീറ്റര്‍ കാര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
നിലവില്‍ നിസാന്‍ മാഗ്‌നൈറ്റ്, ഗ്രാവൈറ്റ് എന്നീ രണ്ട് മോഡലുകളാണ് കമ്പനിയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. പ്രീമിയം എസ്‌യുവിയായ നിസാന്‍ X-ട്രെയില്‍ വിപണിയിലുണ്ടെങ്കിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഫോര്‍ച്യൂണറിനെ വെല്ലുവിളിക്കാനെത്തിയ X-ട്രെയില്‍ പൂര്‍ണമായി ഇറക്കുമതി ചെയ്യുന്നതിനാല്‍ ഉയര്‍ന്ന വിലയിട്ടാണ് കമ്പനി പുറത്തിറക്കിയത്. ഇതോടെ ഈ ഫുള്‍ െൈസസ് എസ്‌യുവി വാങ്ങാന്‍ നിസാന്‍ ഷോറൂമില്‍ ആളെത്തിയില്ല.
മാഗ്‌നൈറ്റിന്റെ വില്‍പ്പനയെ മാത്രം ആശ്രയിച്ച് മുന്നോട്ട് നീങ്ങുന്നതിനിടെയാണ് ഗ്രാവൈറ്റിന്റെ വരവ്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഗ്രാവൈറ്റ് നേടിയെടുത്ത വന്‍ ജനപ്രീതി ജപ്പാന്‍കാര്‍ക്ക് പിടിവള്ളിയായി. സാധാരണക്കാരുടെ ബജറ്റിന് ഇണങ്ങുന്ന വിലയില്‍ 7-സീറ്റര്‍ കാര്‍ ലഭ്യമാക്കിയത് തന്നെയാണ് ഗ്രാവൈറ്റിന്റെ വിജയ രഹസ്യം. വിലയുടെ കാര്യത്തില്‍ മറ്റ് ബജറ്റ് എംപിവികളെ കടത്തിവെട്ടാന്‍ നിസാനിന് സാധിച്ചിട്ടുണ്ട്. വെറും 5.65 ലക്ഷം രൂപ മുതലാണ് ഗ്രാവൈറ്റിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.

ഇത്രയും കുറഞ്ഞ വിലയില്‍ ഒരു 7 സീറ്റര്‍ ഫാമിലി കാര്‍ നല്‍കാന്‍ ഇന്ത്യന്‍ വിപണി അടക്കി ഭരിക്കുന്ന മാരുതി സുസുക്കിക്ക് വരെ സാധിക്കാത്ത സാഹചര്യത്തിലാണ് നിസാന്‍ കൂട്ടാളികളായ റെനോയുമായി ചേര്‍ന്ന് വിസ്മയം കാണിക്കുന്നത്. പുതിയ തലമുറ റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയാണ് ഗ്രാവൈറ്റ് നിര്‍മിച്ചിരിക്കുന്നത്. റെനോയും നിസാനും തമ്മിലുള്ള ദീര്‍ഘകാലമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഇതേ രീതിയില്‍ കാറുകള്‍ റീബാഡ്ജ് ചെയ്ത് വിപണിയിലേക്ക് എത്തുന്നത്.
ഒരേ പ്ലാറ്റ്‌ഫോമും മെക്കാനിക്കല്‍ ഘടകങ്ങളും പങ്കിടുന്നുവെങ്കിലും ട്രൈബറും ഗ്രാവൈറ്റും കാഴ്ചയില്‍ വ്യത്യസ്തരാക്കാന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ട്.റെനോ ട്രൈബറിലേതിന് സമാനമായ വിശ്വസനീയമായ എഞ്ചിനും ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമാണ് ഗ്രാവൈറ്റിലും നല്‍കിയിരിക്കുന്നത്. കുറഞ്ഞ പരിപാലന ചിലവും മികച്ച ഇന്ധനക്ഷമതയുമാണ് ഈ എഞ്ചിനുകളുടെ പ്രത്യേകത. സിറ്റി ഡ്രൈവുകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരേപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ സസ്‌പെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. ഇടുങ്ങിയ റോഡുകളിലും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് ഇതിന്റെ സ്റ്റിയറിംഗ് സംവിധാനം.

പ്രീമിയം ഹാച്ച്ബാക്കിന്റെ വിലയില്‍ കൂടുതല്‍ യാത്രാ സൗകര്യം ആഗ്രഹിക്കുന്ന വലിയ കുടുംബങ്ങള്‍ക്ക് ഗ്രാവൈറ്റ് മികച്ച ഒരു ഓപ്ഷനായിരിക്കും. ഗ്രാവൈറ്റിന്റെ വിതരണം ധ്രുതഗതിയിലായാല്‍ വരും മാസങ്ങളില്‍ നിസാനിന്റെ വിപണി വിഹിതം ഇനിയും ഉയര്‍ന്നേക്കും. ഭാവിയില്‍ ഇന്ത്യന്‍ വിപണി പിടിച്ചെടുക്കാന്‍ കൂടുതല്‍ മോഡലുകള്‍ അവതരിപ്പിക്കാന്‍ നിസാന്‍ പദ്ധതിയിടുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വരാനിരിക്കുന്ന നിസാന്‍ ടെക്‌റ്റോണ്‍ (Nissan Tekton).
വരും ആഴ്ചകളില്‍ തന്നെ ടെക്‌റ്റോണ്‍ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ കസിന്‍ മോഡലായ റെനോ ഡസ്റ്റിന് സമാനമായി ടെക്‌റ്റോണിന്റെയും 5 സീറ്റര്‍ പതിപ്പായിരിക്കും ആദ്യം പുറത്തിററങ്ങുക. അധികം വൈകാതെ തന്നെ ഇതിന്റെ 7 സീറ്റര്‍ പതിപ്പും വിപണിയിലെത്തും. ഇതോടെ ബജറ്റ് 7 സീറ്റര്‍ വിഭാഗത്തില്‍ കമ്പനിയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാകും.


Click it and Unblock the Notifications








