₹3+ ലക്ഷം കുറവ്! എര്‍ട്ടിഗയെ വീഴ്ത്തി 'ഗോലിയാത്ത്' ആകുമോ ഗ്രാവൈറ്റ്? എംപിവികള്‍ തമ്മില്‍ മാറ്റുരച്ച് നോക്കാം
ഇന്ത്യയിലെ മള്‍ട്ടി പര്‍പ്പസ് വാഹന (MPV) വിഭാഗത്തില്‍ കിടമത്സരത്തിന് വഴിയൊരുക്കി കൊണ്ട് പുതിയ നിസാന്‍ ഗ്രാവൈറ്റ് (Nissan Gravite) പുറത്തിറങ്ങി. കുറഞ്ഞ ചിലവില്‍ കൂടുതല്‍ സൗകര്യം ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ജാപ്പനീസ് മോഡലിന്റെ വരവ്. വിപണിയില്‍ നിലവില്‍ ആധിപത്യം പുലര്‍ത്തുന്ന മാരുതി സുസുക്കി എര്‍ട്ടിഗയുമായാണ് (Maruti Suzuki Ertiga) നിസാന്‍ ഗ്രാവൈറ്റ് പ്രധാന മത്സരം. രണ്ട് വാഹനങ്ങളും വ്യത്യസ്ത പ്രൈസ് റേഞ്ചിലാണ് എത്തുന്നതെങ്കിലും പ്രായോഗികതയുടെ കാര്യത്തില്‍ സമന്‍മാരാണ് രണ്ട് മോഡലുകളും.
രണ്ട് മോഡലുകളില്‍ ഏത് വാങ്ങണമെന്ന് കണ്‍ഫ്യൂഷനിലായിരിക്കും ചിലര്‍. ഇതിൽ ഒന്ന് എംപിവി സെഗ്മെന്റിലെ രാജാവാണ്. ശമുവേലിന്റെ പുസ്തകത്തിൽ ഇസ്രായേലിന്റെ ഭാവി രാജാവായ ദാവീദിനെ പരാജയപ്പെടുത്തിയ ഗോലിയാത്തിനെ പോലെയാകുമോ ഗ്രാവൈറ്റ് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ട് മോഡലുകളും തമ്മില്‍ നമുക്കൊന്ന് മാറ്റുരച്ച് നോക്കാം.

ഗ്രാവൈറ്റ് Vs എര്‍ട്ടിഗ
ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനായി നിസാന്‍ അവതരിപ്പിച്ച തന്ത്രപ്രധാനമായ മോഡലാണ് ഗ്രാവൈറ്റ്. ഒരു ഹാച്ച്ബാക്കിന്റെ വിലയിലാണ് ഏഴ് സീറ്റുകളുള്ള വലിയ വാഹനം കമ്പനി വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത്, വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എംപിവി എന്ന ഖ്യാതിയുമായാണ് മാരുതി സുസുക്കി എര്‍ട്ടിഗയുടെ നില്‍പ്പ്. വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത വിശ്വാസ്യതയ്‌ക്കൊപ്പം മാരുതി സുസുക്കിയുടെ വിപുലമായ സര്‍വീസ് ശൃംഖലയും എര്‍ട്ടിഗയ്ക്ക് കരുത്താകുന്നു.
എഞ്ചിനും പെര്‍ഫോമന്‍സും
നിസാന്‍ ഗ്രാവൈറ്റിന് 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 71 bhp പവറും 96 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഈ വാഹനം ലഭ്യമാണ്. പരിപാലന ചിലവ് കുറഞ്ഞ ഒരു വാഹനം ആഗ്രഹിക്കുന്നവര്‍ക്ക് നിസാന്റെ ഈ എഞ്ചിന്‍ തികച്ചും അനുയോജ്യമാണ്. മറുവശത്ത് എര്‍ട്ടിഗ പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ വാങ്ങാനാകും.
എര്‍ട്ടിഗയുടെ 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 103 bhp പവറും 137 Nm പീക്ക് ടോര്‍ക്കുംസൃഷ്ടിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭ്യമാണ്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പെര്‍ഫോമന്‍സ് 87 bhp പവറില്‍ 121.5 Nm ടോര്‍ക്കായി കുറയുമെങ്കിലും മൈലേജ് കൂടുതല്‍ കിട്ടും. കൂടുതല്‍ യാത്രക്കാരെയും ലഗേജും വഹിച്ചുകൊണ്ട് ദീര്‍ഘദൂര യാത്രകള്‍ പോകാന്‍ പര്യാപ്തമായ എഞ്ചിനാണ് എര്‍ട്ടിഗയുടേത്.
ഇന്ധനക്ഷമത
മൈലേജിന്റെ കാര്യത്തില്‍ രണ്ട് വാഹനങ്ങളും മികച്ച നിലവാരം പുലര്‍ത്തുന്നു. നിസാന്‍ ഗ്രാവൈറ്റ് മാനുവല്‍ വേരിയന്റിന് 19.3 കിലോമീറ്ററും എഎംടി പതിപ്പിന് 19.6 കിലോമീറ്ററുമാണ് കമ്പനി പറയുന്ന മൈലേജ്. എര്‍ട്ടിഗയുടെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.51 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് 20.30 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്.

മാരുതി എര്‍ട്ടിഗ സിഎന്‍ജിയുടെ മൈലേജ് കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ വരെയാണ്. നിലവില്‍ ഗ്രാവൈറ്റിന്റെ സിഎന്‍ജി പതിപ്പ് കമ്പനി പുറത്തിറക്കിയിട്ടില്ല. അധികം വൈകാതെ ഡീലര്‍ഷിപ്പ് ലെവല്‍ ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി റെട്രോ ഫിറ്റ്‌മെന്റ് കിറ്റ് നല്‍കി ഗ്രാവൈറ്റിന്റെയും ബദല്‍ ഇന്ധന പതിപ്പ് കമ്പനി അവതരിപ്പിക്കും. നിലവില്‍ ഇന്ധന ചിലവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എര്‍ട്ടിഗയുടെ സിഎന്‍ജി പതിപ്പ് ആയിരിക്കും മികച്ച ചോയ്‌സ്.
വില
വിലയിലാണ് നിസാന്‍ ഗ്രാവൈറ്റ് ഞെട്ടിക്കുന്നത്. വെറും 5.65 ലക്ഷം മുതല്‍ 8.93 ലക്ഷം രൂപ വരെയാണ് ഗ്രാവൈറ്റിന്റെ എക്‌സ്-ഷോറൂം വില. എന്നാല്‍ മാരുതി എര്‍ട്ടിഗയുടെ വില 8.80 ലക്ഷം മുതല്‍ 12.94 ലക്ഷം രൂപ വരെയാണ്. രണ്ട് മോഡലുകളുടെയും എന്‍ട്രി ബേസ് വേരിയന്റുകളുടെ വിലയില്‍ ഏകദേശം 3.15 ലക്ഷം രൂപയുടെ അന്തരമുണ്ട്. എര്‍ട്ടിഗയുടെ ലോവര്‍ മിഡ് ട്രിമ്മുകളുടെ വിലക്ക് ഗ്രാവൈറ്റിന്റെ ടോപ് വേരിയന്റ് സ്വന്തമാക്കാം.

ഫീച്ചറുകള്‍
വില കുറവാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിലും ഗ്രാവൈറ്റ് പിന്നിലല്ല. 8-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഇതിലുണ്ട്. എര്‍ട്ടിഗയില്‍ 7-ഇഞ്ച് ടച്ച് സ്‌ക്രീന്‍, സെന്‍ട്രല്‍ ആംറെസ്റ്റ്, ടില്‍റ്റ് ആന്‍ഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. സുരക്ഷയ്ക്കും സൗകര്യങ്ങള്‍ക്കും രണ്ട് കമ്പനികളും ആവശ്യമായ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ഏതാണ് നിങ്ങള്‍ക്ക് അനുയോജ്യം?
ആദ്യമായി 7 സീറ്റര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിസാന്‍ ഗ്രാവൈറ്റ് മികച്ചൊരു ഓപ്ഷനാണ്. കുറഞ്ഞ വിലയില്‍ എംപിവി എന്ന സ്വപ്നം ഇത് സഫലമാക്കും. എന്നാല്‍ ഉയര്‍ന്ന മൈലേജും കൂടുതല്‍ കരുത്തുറ്റ എഞ്ചിനു ഏത് നാട്ടില്‍ പോയാലും സര്‍വീസ് ചെയ്യാനുള്ള സൗകര്യവും വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മാരുതി എര്‍ട്ടിഗ തന്നെയായിരിക്കും കൂടുതല്‍ നല്ലത്. ബജറ്റ് എംപിവിയില്‍ കൂടുതല്‍ ഓപ്ഷനുകള്‍ ഉള്ളത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമാകും. നിങ്ങളുടെ ആവശ്യങ്ങളും ബജറ്റും വിലയിരുത്തി ഇവയില്‍ ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്.


Click it and Unblock the Notifications








