നിസാൻ ഗ്രാവൈറ്റ് Vs റെനോ ട്രൈബർ; 6 ലക്ഷത്തിൽ താഴെ വിലയുള്ള മികച്ച 7-സീറ്റർ ഏതാണ്? വിശദമായ താരതമ്യം ഇതാ

കൂടുതല്‍ സീറ്റിംഗ് കപാസിറ്റിയും സൗകര്യങ്ങളുമുള്ള യൂടിലിറ്റി വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ കൂടി വരികയാണ്. ഇന്ന് വലിയ കുടുംബങ്ങള്‍ക്ക് പ്രീമിയം വിഭാഗങ്ങളിലേക്ക് പോകാതെ തന്നെ കുറഞ്ഞ വിലയില്‍ 7-സീറ്റര്‍ കാറുകള്‍ വാങ്ങാനാകും. ദീര്‍ഘകാലമായി ബജറ്റ് 7-സീറ്റര്‍ എംപിവി സെഗ്മെന്റില്‍ റെനോ ട്രൈബറിന്റെ ആധിപത്യമായായിരുന്നു. ഇപ്പോള്‍ ഈ വിഭാഗത്തില്‍ ട്രൈബറിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് നിസാന്‍ ഗ്രാവൈറ്റ് ഇന്നലെ (17 ഫെബ്രുവരി 2026) പുറത്തിറങ്ങി. ഒരേ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചതാണെങ്കിലും രണ്ട് എംപിവികളും തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ട്. ഒരേ അച്ചില്‍ വാര്‍ത്ത ഈ രണ്ട് എംപിവികള്‍ തമ്മില്‍ നമുക്കൊന്ന് താരതമ്യം ചെയ്ത് നോക്കിയാലോ?

ഡിസൈന്‍: മെക്കാനിക്കല്‍ ഘടകങ്ങള്‍ പങ്കിടുന്നുണ്ടെങ്കിലും രണ്ട് എംപിവികളും കാഴ്ചയില്‍ വ്യത്യസ്തരാകാന്‍ രണ്ട് കമ്പനികളും ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ മോഡല്‍ ആയതിനാല്‍ തന്നെ ഗ്രാവൈറ്റ് മോഡേണ്‍, പ്രീമിയം സ്‌റ്റൈലിംഗിലാണ് നിസാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗ്രാവൈറ്റിന്റെ ബ്ലാക്ക്, സില്‍വര്‍ നിറത്തില്‍ ഫിനിഷ് ചെയ്ത ലോവര്‍ പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ് ട്രൈബറിനേക്കാള്‍ അല്‍പ്പം കൂടി ആകര്‍ഷകമാക്കുന്നു.

nissan gravite vs renault triber exterior

നിസാനിന്റെ സിഗ്‌നേച്ചര്‍ ഫ്രണ്ട് ഗ്രില്‍, അഗ്രസീന് ബമ്പറുകള്‍, അതുല്യമായ അലോയ് വീല്‍ ഡിസൈന്‍, സ്‌പോര്‍ട്ടിയര്‍ ഭാവം എന്നിവയാണ് രണ്ട് മോഡലുകള്‍ക്കുമിടയില്‍ വ്യത്യാസം കല്‍പ്പിക്കുന്നത്. റെനോ ട്രൈബര്‍ തനതായ 2D ലോഗോയും ഷാര്‍പ്പ് ആയ ഗ്രില്ലും ഉപയോഗിച്ച് കൂടുതല്‍ പ്രായോഗികമായ രൂപകല്‍പ്പനയാണ് പിന്തുടരുന്നത്.

പവര്‍ട്രെയിന്‍: രണ്ട് എംപിവികള്‍ക്കും ഒരേ 1.0 ലിറ്റര്‍, ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് ഏകദേശം 71-72 hp പവറും 96 Nm ടോര്‍ക്കും നല്‍കുന്നു. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം. നഗരയാത്രകള്‍ക്കും ഫാമിലി ട്രിപ്പുകള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഈ പവര്‍ട്രെയിനുകള്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഫുള്‍ ലോഡില്‍ 7 യാത്രക്കാര്‍ കയറിയാല്‍ ചെറിയ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം.

ഗ്രാവൈറ്റ് എംപിവി ലിറ്ററിന് പരമാവധി 19.6 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് നിസാന്‍ അവകാശപ്പെടുന്നു. ട്രൈബര്‍ മാനുവല്‍ പതിപ്പിന് ഏകദേശം 20 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കമ്പനികളും ഭാവിയില്‍ ഈ മോഡലുകളുടെ സിഎന്‍ജി പതിപ്പുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ട്.

സേഫ്റ്റി: സുരക്ഷാ ക്രമീകരണങ്ങളിലാണ് നിസാന്‍ ഗ്രാവൈറ്റ് വലിയ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. ഗ്രാവൈറ്റില്‍ 30 സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുമ്പോള്‍ ട്രൈബറില്‍ ഇത് 21 ആണ്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ട്രാക്ഷന്‍ കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഗ്രാവൈറ്റിന്റെ എല്ലാ വേരിയന്റുകളിലും ലഭ്യമാണ്. ഇത് സേഫ്റ്റി വളരെ ഗൗരവത്തിലെടുക്കുന്ന കുടുംബങ്ങളെ ആകര്‍ഷിക്കും.

nissan gravite vs renault triber airbags

ഫീച്ചറുകള്‍: ക്യാബിന്‍ സൗകര്യങ്ങളില്‍ രണ്ട് മോഡലുകളും ഒപ്പത്തിനൊപ്പമാണ്. എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഏഴ് ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, എല്ലാ നിരകളിലും എസി വെന്റുകള്‍ എന്നിവ രണ്ട് കാറുകളിലുമുണ്ട്. എന്നാല്‍ സീറ്റ് വിന്യാസത്തില്‍ (Modularity) ട്രൈബര്‍ ഗ്രാവൈറ്റിനെ പിന്നിലാക്കും. സീറ്റുകള്‍ നീക്കം ചെയ്യാനാകുന്ന സൗകര്യത്തിലൂടെ നൂറിലധികം കോമ്പിനേഷനുകള്‍ ട്രൈബര്‍ നല്‍കുന്നു. എന്നാല്‍ 31 ലിറ്റര്‍ സ്റ്റോറേജ് സൗകര്യത്തിലൂടെ ഗ്രാവിറ്റ് പ്രായോഗികത ഉറപ്പാക്കുന്നു. രണ്ട് കാറുകളിലെയും വിശദമായ ഫീച്ചര്‍ പട്ടിക താഴെ.

നിറങ്ങള്‍: സ്റ്റോം വൈറ്റ്, ബ്ലേഡ് സില്‍വര്‍, ഒനിക്‌സ് ബ്ലാക്ക്, മെറ്റാലിക് ഗ്രേ, ഫോറസ്റ്റ് ഗ്രീന്‍ എന്നിങ്ങനെ 5 കളര്‍ ഓപ്ഷനുകളിലാണ് ഗ്രാവൈറ്റ് വരുന്നത്. മറുവശത്ത്, സാന്‍സ്‌കര്‍ ബ്ലൂ, സ്റ്റെല്‍ത്ത് ബ്ലാക്ക്, മൂണ്‍ലൈറ്റ് സില്‍വര്‍, ഐസ് കൂള്‍ വൈറ്റ്, ഷാഡോ ഗ്രേ, ആംബര്‍ ടെറാക്കോട്ട എന്നിവയുള്‍പ്പെടെ 6 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ട്രൈബര്‍ ലഭ്യമാണ്. അവസാന മൂന്ന് ഷേഡുകള്‍ ബ്ലാക്ക് റൂഫ് ഓപ്ഷനിലും വാഗ്ദാനം ചെയ്യുന്നു.

വാറണ്ടി: ഗ്രാവൈറ്റിന്റെ ആദ്യ 5,000 ഉപഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷത്തെ സൗജന്യ സര്‍വീസും നിസാന്‍ വാഗ്ദാനം ചെയ്യുന്നു. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 1 ലക്ഷം കിലോമീറ്ററാണ് സാധാരണ വാറണ്ടി. ഇത് 10 വര്‍ഷം അല്ലെങ്കില്‍ 2 ലക്ഷം കിലോമീറ്റര്‍ വരെ ദീര്‍ഘിപ്പിക്കാം. റെനോ ട്രൈബറിന്റെ 3 വര്‍ഷം/1 ലക്ഷം കിലോമീറ്റര്‍ വാറണ്ടി 7 വര്‍ഷം അല്ലെങ്കില്‍ 1.5 ലക്ഷം കിലോമീറ്ററാക്കി ദീര്‍ഘിപ്പിക്കാം.

വില: 4 മീറ്ററില്‍ താഴെ മാത്രം നീളമുള്ള രണ്ട് എംപിവികളും ഒരേ CMF-A പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നികുതി ആനുകൂല്യങ്ങള്‍ക്ക് ഇവ രണ്ടും അര്‍ഹരാണ്. ഇന്ത്യന്‍ വിപണി പ്രൈസ് സെന്‍സിറ്റീവായതിനാല്‍ തന്നെ മത്സരാധിഷ്ഠിത വിലനിര്‍ണയത്തിലൂടെ തുടക്കം തന്നെ ഉഷാറാക്കാനാണ് ഗ്രാവൈറ്റിന്റെകാര്യത്തില്‍ നിസാന്‍ ശ്രമിച്ചത്.

nissan gravite vs renault triber interior

വിലയുടെ കാര്യത്തില്‍ ഗ്രാവൈറ്റ് റെനോ കസിന്‍ മോഡലിന് മേല്‍ നേരിയ മുന്‍തൂക്കം നേടുന്നുണ്ട്. വിസിയ, അസെന്റ, എന്‍-കണക്റ്റ, ടെക്‌ന, ലോഞ്ച് എഡിഷന്‍ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഗ്രാവൈറ്റ് ഓഫര്‍ ചെയ്യുന്നത്. ഗ്രാവൈറ്റിന്റെ പ്രാരംഭ വില വെറും 5.65 ലക്ഷം രൂപയാണ് നിസാന്‍ നിശ്ചയിച്ചിരിക്കുന്നത്. ടോപ് വേരിയന്റിന്റെ വില 8.93 ലക്ഷം രൂപയാണ്.

ഒതെന്റിക്, എവല്യൂഷന്‍, ടെക്‌നോ, ഇമോഷന്‍ എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ലഭ്യമാകുന്ന ട്രൈബറിന്റെ വില 5.76 ലക്ഷം മുതല്‍ 8.60 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. ഗ്രാവൈറ്റിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് ട്രൈബറിനേക്കാള്‍ 11000 രൂപ കുറവും ടോപ് വേരിയന്റിന് 33000 രൂപ കൂടുതലുമാണ്. ഇന്ത്യയിലെ മിഡില്‍ക്ലാസ് കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ബേസ് വേരിയന്റിലെ 11,000 രൂപയുടെ വില വ്യത്യാസം നിര്‍ണായകമാണ്.

സവിശേഷതകൾ നിസാൻ ഗ്രാവിറ്റ് റെനോ ട്രൈബർ
പ്രാരംഭ വില (Ex-Showroom) ₹5.65 ലക്ഷം ₹5.76 ലക്ഷം
എഞ്ചിൻ കരുത്ത് 1.0L പെട്രോൾ (71 hp) 1.0L പെട്രോൾ (72 hp)
മൈലേജ് (ഏകദേശം) 19.6 കി.മീ/ലിറ്റർ 20 കി.മീ/ലിറ്റർ
സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകൾ 30 ഫീച്ചറുകൾ 21 ഫീച്ചറുകൾ
എയർബാഗുകൾ 6 എയർബാഗുകൾ 4-6 എയർബാഗുകൾ
സീറ്റിംഗ് ഫ്ലെക്സിബിലിറ്റി മിതമായ ക്രമീകരണങ്ങൾ ഫ്ലെക്സിബിൾ

ഡ്രൈവ്‌സ്പാര്‍ക്ക് കമന്റ്: ചുരുക്കത്തില്‍, നിങ്ങള്‍ സുരക്ഷയ്ക്കും പുതിയ ഫീച്ചറുകള്‍ക്കും മുന്‍ഗണന നല്‍കുന്നവരാണെങ്കില്‍ നിസാന്‍ ഗ്രാവൈറ്റ് മികച്ച ഓപ്ഷനാണ്. എന്നാല്‍ സീറ്റ് ക്രമീകരണത്തിലും ലഗേജ് സ്‌പേസിലും കൂടുതല്‍ വഴക്കം ആഗ്രഹിക്കുന്നവര്‍ക്ക് റെനോ ട്രൈബര്‍ ആയിരിക്കും നന്നാവുക. പണത്തിനൊത്ത മൂല്യം നല്‍കുന്ന ഉല്‍പ്പന്നങ്ങളാണ് രണ്ടും. ഇവ രണ്ടില്‍ ഏത് വാങ്ങണമെന്നത് ഓരോരുത്തരുടെയും മുന്‍ഗണനകള്‍ക്ക് അനുസരിച്ചിരിക്കും.

സമീപഭാവിയില്‍ താങ്ങാവുന്ന വിലയുള്ള 7 സീറ്റര്‍ ഫാമിലി കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ നിസാനിന്റെയും റെനോയുടെയും ഷോറൂമുകള്‍ സന്ദര്‍ശിച്ച് ഈ രണ്ട് മോഡലുകളും ടെസ്റ്റ് ഡ്രൈവ് നടത്തി സര്‍വീസ് സൗകര്യം കൂടി പരിഗണിച്ച് അന്തിമ തീരുമാനത്തിലെത്താം. ബജറ്റ് എംപിവി സെഗ്മെന്റില്‍ കൂടുതല്‍ ചോയ്‌സുകള്‍ വരുന്നത് കൊണ്ട് ഏറ്റവും ഗുണം ഉപഭോക്താക്കള്‍ക്കാണ്. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന നിസാനിന്റെ തുറുപ്പുഗുലാനാകുമോ ഗ്രാവൈറ്റ് എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

More from DriveSpark

Article Published On: Wednesday, February 18, 2026, 17:00 [IST]
English summary
Nissan gravite vs renault triber price specs safety mileage features comparison malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X