കൊതിപ്പിക്കുന്ന വിലയില്‍ 'ബേബി പട്രോള്‍' പുറത്തിറങ്ങി! ഒന്നൊന്നര വരവില്‍ തൂഫാനടിക്കുമോ ക്രെറ്റ
മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ജാപ്പനീസ് ബ്രാന്‍ഡ് ആയ നിസാന്‍ ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ടെക്റ്റണിന്റെ (Nissan Tekton) വില പ്രഖ്യാപിച്ചു. കിടമത്സരം നടക്കുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ മത്സരിക്കാന്‍ എത്തുന്ന ടെക്റ്റണ്‍ 10.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന് 18.59 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ ആകര്‍ഷകമായ വില നിര്‍ണയം സെഗ്‌മെന്റില്‍ ടെക്റ്റണിന് സ്വന്തമായി ഒരിടം നല്‍കും.
നിസാനിന്റെ 'വണ്‍ കാര്‍, വണ്‍ വേള്‍ഡ്' തന്ത്രത്തിന് കീഴില്‍ മാഗ്‌നൈറ്റിന് ശേഷം ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങുന്ന രണ്ടാമത്തെ ഗ്ലോബല്‍ മോഡലാണിത്. റെനോ-നിസാന്‍ സഖ്യത്തിന്റെ ചെന്നൈയിലുള്ള അത്യാധുനിക പ്ലാന്റിലാണ് ഈ വാഹനം നിര്‍മ്മിക്കുന്നത്. ഇവിടെ നിന്നും ഇന്ത്യന്‍ വിപണിയിലേക്ക് മാത്രമല്ല, ഒട്ടനവധി അന്താരാഷ്ട്ര വിപണികളിലേക്കും ഈ എസ്‌യുവി വന്‍തോതില്‍ കയറ്റുമതി ചെയ്യും.

റെനോ ഡസ്റ്ററിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. നിസാനിന്റെ വിഖ്യാതമായ 'പട്രോള്‍' എസ്‌യുവിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടുള്ള മോഡേണ്‍ ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, മസ്‌കുലാര്‍ ബോണറ്റ് എന്നിവ ടെക്റ്റണിന് പരുക്കന്‍ ലുക്ക് നല്‍കുന്നുണ്ട്. വശങ്ങളില്‍ സി-പില്ലറിലാണ് റിയര്‍ ഡോര്‍ ഹാന്‍ഡില്‍ ഘടിപ്പിച്ചിരിക്കുന്നത്.
Tekton' ലെറ്ററിംഗിനൊപ്പം ഫുള്‍ വിഡ്ത്ത് എല്‍ഇഡി ലൈറ്റ്ബാർ, കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാംപ്, റൂഫ് മൗണ്ടഡ് സ്‌പോയിലർ എന്നിവയാണ് എസ്‌യുവിയുടെ റിയർ എൻഡിലെ പ്രധാന ഹൈലൈറ്റുകൾ . ലതറെറ്റ് അപ്‌ഹോള്‍സ്റ്ററിയാല്‍ സമ്പന്നമായ അകത്തളം പ്രീമിയം ഫീല്‍ നല്‍കുന്നു. ഗൂഗിള്‍ ഇന്റഗ്രേഷന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നീ സൗകര്യങ്ങളുള്ള 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും ക്യാബിനിലെ പ്രധാന ആകര്‍ഷണങ്ങളാണ്.

മാത്രമല്ല ഉയര്‍ന്ന വേരിയന്റുകളില്‍ പ്രീമിയം ആര്‍ക്കമിസ് (Arkamys) സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പവേര്‍ഡ് ടെയില്‍ഗേറ്റ് എന്നീ ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആറ് മോണോടോണ്‍ നിറങ്ങളിലും അഞ്ച് ആകര്‍ഷകമായ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലും ഈ എസ്‌യുവി ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
മെക്കാനിക്കല്‍ വശങ്ങളിലേക്ക് വന്നാല്‍ രണ്ട് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ടെക്റ്റണില്‍ ലഭ്യമാകുന്നത്. ഇതിലെ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ 100 bhp പവര്‍ നല്‍കുക്കുമ്പോള്‍, കൂടുതല്‍ പെര്‍ഫോമന്‍സ് നല്‍കുന്ന 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 163 bhp പവര്‍ പുറത്തെടുക്കും. ഈ രണ്ട് എഞ്ചിനുകള്‍ക്കുമൊപ്പം 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ലഭ്യമാണ്.

ഇതിനുപുറമെ 1.3 ലിറ്റര്‍ എഞ്ചിനൊപ്പം ഡ്രൈവിംഗ് സുഖമമാക്കാനായി 7 സ്പീഡ് ഡ്യുവല്‍-ക്ലച്ച് (DCT) ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും കമ്പനി നല്‍കുന്നുണ്ട്. ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ലെവല്‍-2 ADAS തുടങ്ങിയ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും നിസാന്‍ ടെക്റ്റണില്‍ ഉറപ്പാക്കിയിട്ടുണ്ട്.
നിസാന്‍ ടെക്റ്റണിന്റെ ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ജൂലൈ 20 മുതല്‍ പുത്തന്‍ മോഡലിന്റെ കസ്റ്റമര്‍ ഡെലിവറി തുടങ്ങുമെന്നും ലോഞ്ച് ഇവന്റില്‍ വെച്ച് നിസാന്‍ അറിയിച്ചു. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ടാറ്റ സിയറ, ഫോക്‌സവാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, ഹോണ്ട എലിവേറ്റ് എന്നിയടക്കം ശക്തമായ എതിരാളികളുമായാണ് ടെക്റ്റണിന് മത്സരിക്കാനുള്ളത്.


Click it and Unblock the Notifications