ക്രാഷ് ടെസ്റ്റ് ഡിസ്റ്റിംഗ്ഷനോടെ പാസ്! നിസാന്‍ ടെക്റ്റണ്‍ വാങ്ങാന്‍ ഒരു കാരണം കൂടിയായി
ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ട നിസാന്‍ ടെക്റ്റണ്‍ മിഡ്-സൈസ് എസ്യുവി ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം (BNCAP) ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് കരസ്ഥമാക്കി. നിസാന്‍ ബ്രാന്‍ഡിന്റെ പങ്കാളിയായ റെനോ അടുത്തിടെ വിപണിയിലെത്തിച്ച പെതിഹാസിക എസ്‌യുവി മോഡലായ ഡസ്റ്ററിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ടെക്റ്റണ്‍ നിര്‍മിക്കുന്നത്. ഇപ്പോള്‍ ഡ്‌സറ്ററിന് സമാനമായി BNCAP ക്രാഷ് ടെസ്റ്റില്‍ ഡസ്റ്ററും അതിന്റെ ബാഡ്ജ് എഞ്ചിനിയറിംഗ് പതിപ്പും എ പ്ലസ് നേടിയിരിക്കുകയകണ്. സേഫ്റ്റി ടെസ്റ്റുകളില്‍ രണ്ട് മോഡലുകളും തുല്യമായ മികച്ച സ്‌കോറുകളാണ് പങ്കിടുന്നത്.
ടെക്റ്റണിന്റെ എല്ലാ വേരിയന്റുകള്‍ക്കും ഈ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ബാധകമായിരിക്കുമെന്ന് ഭാരത് NCAP അറിയിച്ചു. ക്രാഷ് ടെസ്റ്റിലെ മിന്നുന്ന നേട്ടം സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന ഉപഭോക്താക്കളെ കാറിലേക്ക് ആകര്‍ഷിക്കും. ടെസ്റ്റ ഫലങ്ങള്‍ വിശദമായി നോക്കിയാല്‍ മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയുടെ (Adult Occupant Protection) കാര്യത്തില്‍ ആകെ ലഭ്യമായ 32 പോയിന്റുകളില്‍ 30.49 പോയിന്റുകള്‍ നേടാന്‍ നിസാന്‍ ടെക്റ്റണിന് സാധിച്ചു.

മുന്‍വശത്തുനിന്നുള്ള ശക്തമായ ഇടികളെ പ്രതിരോധിക്കുന്ന 'ഫ്രണ്ടല്‍ ഓഫ്സെറ്റ് ഡീഫോര്‍മബിള്‍ ബാരിയര്‍' ടെസ്റ്റില്‍ 16-ല്‍ 14.49 പോയിന്റുകളാണ് ഈ എസ്യുവി സ്വന്തമാക്കിയത്. ഈ പരിശോധനയില്‍ ഡ്രൈവറുടെയും കോ പാസഞ്ചര്‍ സീറ്റിലെ യാത്രക്കാരന്റെയും തല, കഴുത്ത്, തുടകള്‍, ഇടുപ്പ് എന്നീ ശരീരഭാഗങ്ങള്‍ക്ക് മികച്ച സുരക്ഷയാണ് വാഹനം നല്‍കുന്നതെന്ന് കണ്ടെത്തി. എന്നാല്‍ അപകട സമയങ്ങളില്‍ ഡ്രൈവറുടെ നെഞ്ച്, കാല്‍മുട്ടിന് താഴെയുള്ള ഭാഗങ്ങള്‍ എന്നിവയ്ക്കുള്ള സുരക്ഷാ നിലവാരം 'അഡിക്വേറ്റ്' (Adequate) അഥവാ തൃപ്തികരമായ അളവിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കൂടാതെ വശങ്ങളില്‍ നിന്നുള്ള ഇടികളെ പ്രതിരോധിക്കുന്ന 'സൈഡ് മൂവബിള്‍ ഡീഫോര്‍മബിള്‍ ബാരിയര്‍' ടെസ്റ്റില്‍ 16 പോയിന്റുകള്‍ തൂത്തുവാരി മികച്ച റേറ്റിംഗ് നിലനിര്‍ത്തി. വശങ്ങളില്‍ നിന്നുള്ള തൂണുകളിലിടിച്ചുള്ള അപകടങ്ങളെ വിലയിരുത്തുന്ന 'സൈഡ് പോള്‍ ഇംപാക്ട്' ടെസ്റ്റിലും മികച്ച പ്രകടനത്തോടെ ഒകെ (OK) റേറ്റിംഗ് സ്വന്തമാക്കാന്‍ ഈ മോഡലിനായി.
കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലേക്ക് (Child Occupant Protection) വരുമ്പോള്‍, 49 പോയിന്റുകളില്‍ 45 പോയിന്റുകള്‍ നേടിക്കൊണ്ടാണ് ടെക്റ്റണ്‍ കരുത്ത് തെളിയിച്ചിരിക്കുന്നത്. 18 മാസം, 3 വയസ് പ്രായമുള്ള കുട്ടികളുടെ ഡമ്മികള്‍ ഉപയോഗിച്ച് നടത്തിയ ക്രാഷ് ടെസ്റ്റിലെ ഡൈനാമിക് ടെസ്റ്റുകളിലും എസ്‌യുവി ആകെയുള്ള 24 പോയിന്റുകളും പോക്കറ്റിലാക്കി.
കുട്ടികള്‍ക്കായുള്ള പ്രത്യേക സീറ്റുകള്‍ ക്രമീകരിക്കുന്ന 'ചൈല്‍ഡ് റെസ്‌ട്രെയിന്റ് സിസ്റ്റം' (CRS) ഇന്‍സ്റ്റലേഷനില്‍ 12-ല്‍ 12 പോയിന്റും ടെക്റ്റണ്‍ നേടിയെടുത്തു. എന്നാല്‍ ഈ എസ്യുവിയുടെ രണ്ടാം നിരയിലെ ഇരുവശങ്ങളിലുമുള്ള സീറ്റുകളില്‍ മാത്രമാണ് ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ നല്‍കിയിട്ടുള്ളത്. വെഹിക്കിള്‍ അസസ്മെന്റ് സ്‌കോറില്‍ 13-ല്‍ 9 പോയിന്റുകള്‍ കൂടി ചേര്‍ത്താണ് കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലുള്ള ആകെ സ്‌കോര്‍ 45 പോയിന്റായി നിശ്ചയിച്ചിരിക്കുന്നത്.
മികച്ച ഫീച്ചറുകള്‍ക്കും പെര്‍ഫോമന്‍സിനും പുറമെ ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ മിന്നിത്തിളങ്ങുക കൂടി ചെയ്തത്. ടെക്റ്റണിന്റെ മാര്‍ക്കറ്റിംഗിന് വലിയ രീതിയില്‍ ഗുണം ചെയ്യും. ഡസ്റ്ററിന്റെ ഡിഎന്‍എയുടെ കൂടെ കാരിരുമ്പിന്റെ കരുത്ത് കൂടി ചേരുന്ന എസ്‌യുവി സ്വന്തമാക്കാന്‍ ജനം ഷോറൂമിലേക്ക് ഒഴുകിയെത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
10.49 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയി പുറത്തിറക്കിയ ടെക്റ്റണിന്റെ ടോപ്പ് സ്പെക് വേരിയന്റിന് 18.59 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ ലഭ്യമാകുന്ന എസ്‌യുവിയില്‍ ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ്, ലെവല്‍-2 ADAS തുടങ്ങിയ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളാണ് സുരക്ഷയൊരുക്കുന്നത്.


Click it and Unblock the Notifications