കുറഞ്ഞ ചിലവിൽ കൂടുതൽ ട്രിപ്പടിക്കാം! 140 കി.മീ റേഞ്ചുമായി പിയാജിയോ ആപെ വേവ് ഇലക്ട്രിക് വിപണിയിൽ; വില അറിയാം
രാജ്യത്ത് എല്ലാ വാഹന വിഭാഗത്തില്‍ വൈദ്യുതവല്‍ക്കരണം പതുക്കെ നടന്നുകൊണ്ടിരിക്കുകയാണ്. പണ്ട് വളരെ ചുരുക്കമായിരുന്ന പച്ച നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച ഓട്ടോറിക്ഷകള്‍ ഇന്ന് കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലടക്കം സാധാരണമായി മാറി. ഇപ്പോള്‍ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പാസഞ്ചര്‍ വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഇറ്റാലിയന്‍ ബ്രാന്‍ഡ് ആയ പിയാജിയോ വെഹിക്കിള്‍സ് (Piaggio Vehicles) പുതിയ 'ആപെ വേവ്' (Ape WavE) ഇലക്ട്രിക് ത്രീ-വീലര്‍ വിപണിയില്‍ എത്തിച്ചു.
കുറഞ്ഞ ചിലവില്‍ സ്വന്തമാക്കാവുന്ന L3 ഇലക്ട്രിക് പാസഞ്ചര്‍ വാഹന വിഭാഗത്തിലാണ് ഈ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. വെറും 2.55 ലക്ഷം രൂപയാണ് ഈ പുത്തന്‍ ഇലക്ട്രിക് പാസഞ്ചര്‍ വാഹനത്തിന്റെ പ്രാരംഭ വില. പൂനെ എക്‌സ്-ഷോറൂംവിലയാണ് ഇത്. രാജ്യത്തുടനീളമുള്ള പിയാജിയോയുടെ അംഗീകൃത ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കുകള്‍ വഴി ഈ വാഹനം ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

നഗരങ്ങളിലും സമീപ പട്ടണങ്ങളിലുമുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാഹനം വികസിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ പ്രവര്‍ത്തനച്ചിലവില്‍ കൂടുതല്‍ ലാഭം ആഗ്രഹിക്കുന്ന സാധാരണ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും വലിയ ഫ്‌ലീറ്റ് ഉടമകള്‍ക്കും ഈ പുതിയ മോഡലിലൂടെ ഇവി വിപ്ലവത്തിന്റെ ഭാഗമാകാന്‍ അവസരമൊരുങ്ങുന്നു.
വലിയ L5 വിഭാഗം ഇലക്ട്രിക് ത്രീ-വീലറുകള്‍ക്ക് സമാനമായ മികച്ച യാത്രാസുഖവും വിശ്വാസ്യതയും ഈ ആപെ വേവ് ബജറ്റ് മോഡലിലും പിയാജിയോ ഉറപ്പുനല്‍കുന്നുണ്ട്. ഇന്ത്യയിലെ പരുക്കന്‍ റോഡുകളിലൂടെയുള്ള ദൈനംദിന സര്‍വീസുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ദീര്‍ഘകാലം ഈടുനില്‍ക്കുന്ന നിര്‍മ്മാണ നിലവാരത്തിലാണ് കമ്പനി ഈ ഉല്‍പ്പന്നം രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്.
മെക്കാനിക്കല്‍ വശങ്ങളിലേക്ക് കടന്നാല്‍, 5.4 kWh ശേഷിയുള്ള അത്യാധുനിക ബാറ്ററി പായ്ക്കാണ് ആപെ വേവിന് കരുത്ത് പകരുന്നത്. ഫുള്‍ ചാര്‍ജില്‍ 140 കിലോമീറ്റര്‍ വരെയാണ് പിയാജിയോയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമുള്ള ഈ ഇലക്ട്രിക് ത്രീവീലറിന്റെ സര്‍ട്ടിഫൈഡ് റേഞ്ച്. എന്നാല്‍ യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ഏകദേശം 110 കിലോമീറ്ററിനടുത്ത് ട്രൂ റേഞ്ച് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിക്കാമെന്ന് കമ്പനി വ്യക്തമാക്കുന്നു.
ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 3 മണിക്കൂറും 45 മിനിറ്റും മാത്രം മതിയാകും. ഇതിനൊപ്പം ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ പരമാവധി 3 kW പീക്ക് പവറും 25 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. മണിക്കൂറില്‍ 40 കിലോമീറ്ററാണ് ഇലക്ട്രിക് ത്രീവീലറിന്റെ ടോപ് സ്പീഡ്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇതിന് സാധിക്കും.
ചെങ്കുത്തായ കയറ്റങ്ങളും മറ്റ് കഠിനമായ ഭൂപ്രദേശങ്ങളും എളുപ്പത്തില്‍ മറികടക്കാന്‍ സഹായിക്കുന്ന 19 ശതമാനം ഗ്രേഡബിലിറ്റി (Gradient Capability) ഈ വാഹനത്തിനുണ്ട്. പൂര്‍ണ്ണമായും മെറ്റല്‍ ബോഡിയിലാണ് ഈ മുച്ചക്ര വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിലെ മോണോകോക്ക് ഷാസി ഘടന വാഹനത്തിന് ഉയര്‍ന്ന സുരക്ഷയും കരുത്തും നല്‍കുന്നു. റോഡിലെ കുഴികളില്‍ ചാടിയാലുണ്ടാകുന്ന കുലുക്കവും ശബ്ദവും കുറയ്ക്കുന്ന പ്രത്യേക സസ്പെന്‍ഷന്‍, 180 mm ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വിശാലമായ ക്യാബിന്‍ എന്നിവ ഇതിന്റെ മറ്റ് പ്രത്യേകതകളാണ്.
ഇന്ത്യന്‍ വാണിജ്യ ഇലക്ട്രിക് വാഹന വിപണിയില്‍ ഇതിനകം തരംഗമായ ആപെ E-സിറ്റി സ്വാപ്പബിള്‍, E-സിറ്റി FX, E-സിറ്റി മാക്‌സ്, E-സിറ്റി അള്‍ട്ര എന്നീ മോഡലുകള്‍ക്ക് ശേഷമുള്ള പിയാജിയോയുടെ ഏറ്റവും പുതിയ പതിപ്പാണിത്. കുറഞ്ഞ വിലയില്‍ ഉയര്‍ന്ന സുരക്ഷയും മികച്ച യാത്രാനുഭവവും സമ്മാനിക്കുന്ന ഈ വാഹനം സാധാരണക്കാരായ ഡ്രൈവര്‍മാരുടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു. പുതുതായി ഒരു ഇലക്ട്രിക് ഓട്ടോ വാങ്ങാന്‍ ഉദ്ദേശിക്കുന്ന പരിചയക്കാര്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ റിപ്പോര്‍ട്ട് അവര്‍ക്ക് അയച്ച് കൊടുക്കൂ.


Click it and Unblock the Notifications