635hp പവറും 30 ലക്ഷം രൂപ വിലക്കുറവും! കോടീശ്വരന്മാരുടെ പ്രിയ വാഹനം ഇന്ത്യയിലെത്തി
ആഡംബര എസ്‌യുവി വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ലാന്‍ഡ് റോവര്‍ തങ്ങളുടെ ഏറ്റവും കരുത്തുറ്റ മോഡലായ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SV ഇന്ത്യയിലെത്തിച്ചു. റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ശ്രേണിയില്‍ ഒരു പ്യുവര്‍ SV മോഡല്‍ ആദ്യമായാണ് ഇന്ത്യയില്‍ ഔദ്യോഗികമായി വില്‍പ്പനയ്ക്ക് എത്തുന്നത്. 2.05 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഈ ആഡംബര വാഹനം അവതരിപ്പിച്ചിരിക്കുന്നത്. മുമ്പ് പരിമിതമായി അളവില്‍ മാത്രം വിറ്റിരുന്ന എഡിഷന്‍ ടു (Edition Two) മോഡലിനേക്കാള്‍ 30 ലക്ഷം രൂപ കുറവാണ് പുതിയ വാഹനത്തിന് എന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ (FTA) പുതിയ നികുതി ഘടനയാണ് ഈ വിലക്കുറവിന് കാരണം. എസ്‌യുവിക്കായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു കഴിഞ്ഞു. 2026 ഓഗസ്റ്റ് മാസം മുതല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് വാഹനത്തിന്റെ ഡെലിവറി ലഭ്യമായി തുടങ്ങും. ഇന്ത്യന്‍ വിപണിക്കായി പ്രത്യേകമായി തയാറാക്കിയ അഞ്ച് ആകര്‍ഷകമായ നിറങ്ങളിലാണ് ഈ പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SV ലഭ്യമാകുന്നത്.

ഗ്രീന്‍ ഇന്‍ സാറ്റിന്‍, ഓറഞ്ച് ഇന്‍ മാറ്റ്, ബ്ലൂ ഇന്‍ ഗ്ലോസ്, വയലറ്റ് ഇന്‍ മാറ്റ്, ടീല്‍ ഇന്‍ ഗ്ലോസ് എന്നിവയാണവ. ഇതിനൊപ്പം കോണ്‍ട്രാസ്റ്റ് ബ്ലാക്ക് റൂഫും വലിയ 22 ഇഞ്ച് ഫോര്‍ജ്ഡ് അലോയ് വീലുകളും ഇന്ത്യ സ്‌പെക്ക് മോഡലുകള്‍ക്ക് മാത്രമായി നല്‍കിയിട്ടുണ്ട്.
കാഴ്ചയില്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കാന്‍ ക്വാഡ് എക്സ്ഹോസ്റ്റ് പൈപ്പുകള്‍, റിയര്‍ സ്‌പോയിലര്‍, ബ്ലാക്ക്ഡ്-ഔട്ട് പില്ലറുകള്‍, ഒആര്‍വിഎം (ORVM) ഹൗസിംഗുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മുന്‍വശത്തെ സ്പ്ലിറ്റര്‍, എയര്‍ ഇന്‍ടേക്കുകള്‍, പുതിയ ഗ്രില്‍ എന്നിവയ്ക്കൊപ്പം വാഹനത്തിന്റെ പല ഭാഗങ്ങളിലും SV ബാഡ്ജിംഗും നല്‍കിയിട്ടുണ്ട്. ഇത് ഗ്ലോബല്‍ സ്‌പെക്കിനേക്കാള്‍ ഇന്ത്യന്‍ സ്‌പെക്കിന്റെ ലുക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
അത്യാധുനികമായ 'ബോഡി ആന്‍ഡ് സോള്‍' സീറ്റുകളാണ് ഈ ലക്ഷ്വറി എസ്‌യുവിയുടെ അകത്തളത്തിലെ പ്രധാന ആകര്‍ഷണം. ലൈറ്റ് ക്ലൗഡ്, എബണി പെര്‍ഫൊറേറ്റഡ് വിന്‍ഡ്‌സര്‍ ലെതര്‍ ഫിനിഷിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. സ്ലൈഡിംഗ് പനോരമിക് റൂഫ്, വിപുലീകരിച്ച ലെതര്‍ പാക്കേജ്, ഇല്യുമിനേറ്റഡ് SV ഡോര്‍ സില്ലുകള്‍, മെറിഡിയന്‍ സിഗ്‌നേച്ചര്‍ സൗണ്ട് സിസ്റ്റം എന്നിവയും ഇന്ത്യന്‍ മോഡലുകള്‍ക്കായി സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്.
മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ഈ മോഡലിന് കരുത്ത് പകരുന്നത്. ഇത് പരമാവധി 635 bhp പവറും 750 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ എസ്യുവിക്ക് മണിക്കൂറില്‍ 290 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വലിയ വാഹനമാണെങ്കില്‍ കൂടി വെറും 3.8 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിക്കാന്‍ ഇതിന് സാധിക്കും. മികച്ച ഡ്രൈവിംഗ് നിയന്ത്രണത്തിനായി '6D ഡയനാമിക്‌സ്' സസ്പെന്‍ഷന്‍ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹൈഡ്രോളിക് സംവിധാനമുള്ള ഈ സസ്പെന്‍ഷന്‍ വാഹനം പെട്ടെന്ന് തിരിക്കുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും ഉണ്ടാകുന്ന ബോഡി റോള്‍ പൂര്‍ണമായും ഇല്ലാതാക്കി യാത്ര സുഖകരമാക്കാന്‍ സഹായിക്കുന്നു.
ഇന്ത്യയിലെ ആഡംബര വാഹന വിപണിയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും ഉപഭോക്താക്കള്‍ ഇപ്പോള്‍ മികച്ച പെര്‍ഫോമന്‍സ് വാഹനങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ജെഎല്‍ആര്‍ (JLR) ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ അംബ വ്യക്തമാക്കി. സ്‌പോര്‍ട്ടി ലുക്കും ആഡംബരവും ഒത്തിണങ്ങിയ ഈ വാഹനം ഇന്ത്യന്‍ വാഹനപ്രേമികള്‍ക്ക് മികച്ചൊരു യാത്രാനുഭവമായിരിക്കും സമ്മാനിക്കുക. പ്രീമിയം എസ്‌യുവി വിപണിയില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SV വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും.


Click it and Unblock the Notifications