തീര്‍ന്നിട്ടില്ല രാമ..! ഡിഫെന്‍ഡര്‍ ലുക്കില്‍ ഡസ്റ്ററിന്റെ അനിയന്‍ വരുന്നു; തരംഗമായി 'ബ്രിഡ്ജര്‍' ടീസര്‍
ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നീ വമ്പന്‍മാര്‍ അരങ്ങുവാഴുന്ന സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് റെനോയുടെ ഒരു കരുത്തന്‍ പോരാളി കൂടി എത്തുന്നു. ആഗോള വിപണിക്കായി ഒരുക്കിയ റെനോയുടെ പുതിയ സബ്-4 മീറ്റര്‍ എസ്‌യുവി 'ബ്രിഡ്ജര്‍' (Bridger) കണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വണ്ടിപ്രാന്തന്‍മാര്‍ക്കിടയില്‍ തരംഗമാകുന്നത്. റെനോയുടെ ഭാവി തന്ത്രങ്ങള്‍ വ്യക്തമാക്കുന്ന 'futuREady' പ്ലാനിന്റെ ഭാഗമായി മാര്‍ച്ച് 10-ന് ഈ വാഹനം പൂര്‍ണമായും ലോകത്തിന് മുമ്പില്‍ വെളിപ്പെടുത്തും. റെനോ ബ്രിഡ്ജര്‍ കണ്‍സെപ്റ്റില്‍ നമുക്ക് എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് ചുവടെ വായിക്കാം.
വലിപ്പവും ഡിസൈന്‍
കുടുംബങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നാല് മീറ്ററില്‍ താഴെ നീളത്തില്‍ വരുന്ന അര്‍ബന്‍ എസ്‌യുവിയായാണ് റെനോ ബ്രിഡ്ജര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കോംപാക്ട് വലിപ്പം മാത്രമാണുള്ളതെങ്കിലും വിശാലമായ ക്യാബിന്‍ സ്‌പേസ് ലഭ്യമാക്കുന്ന 'സര്‍പ്രൈസിംഗ് പ്രൊപ്പോര്‍ഷന്‍' ആണ് ഇതിന്റെ പ്രത്യേകതയെന്ന് റെനോ അവകാശപ്പെടുന്നു. ടീസര്‍ ചിത്രങ്ങള്‍ പ്രകാരം ബോക്‌സി രൂപഘടനയും അപ്‌റൈറ്റ് പ്രപ്പോഷനുകളുമാണ് ബ്രിഡ്ജറിനുള്ളത്.

ഇത് നിലവിലുള്ള കോംപാക്ട് എസ്‌യുവികളേക്കാള്‍ ബ്രിഡ്ജറിന് കൂടുതല്‍ കരുത്തുറ്റ ലുക്ക് നല്‍കുന്നു. ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌പെയര്‍ വീലാണ് ടീസറിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിനെ അനുസ്മരിപ്പിക്കുന്ന ഈ ശൈലി പുതിയ എസ്‌യുവി ക്ക് ഒരു ഓഫ്-റോഡ് സ്വഭാവം നല്‍കാന്‍ സഹായിക്കുന്നുണ്ട്. ഫ്രണ്ട് ഫാസിയയിലെ ഇല്യുമിനേറ്റഡ് റെനോ ലെറ്ററിംഗ് ആണ് ടീസറില്‍ കാണിച്ച മറ്റൊരു ഹൈലൈറ്റ്.
അന്താരാഷ്ട്ര വിപണിയിലുള്ള പുതിയ ഡസ്റ്ററിന് സമാനമായ ലൈറ്റിംഗ് ഡിസൈനാണ് ഇതിലും പിന്തുടരുന്നത്. ബോക്‌സി ഡിസൈനും പരുക്കല്‍ ലുക്കും ലഭിക്കുന്നുണ്ടെങ്കിലും പ്രൊഡക്ഷന്‍ മോഡലിന് 4 മീറ്ററില്‍ താഴെ നീളം നിലനിര്‍ത്തുന്നത് ഇന്ത്യയില്‍ ചെറു കാറുകള്‍ക്കുള്ള നികുതി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സഹായകമാകും. ഇത് വരാന്‍ പോകുന്ന എസ്‌യുവിക്ക് അക്രമണാത്മകമായ വില നല്‍കാന്‍ ഫ്രഞ്ച് ബ്രാന്‍ഡിനെ സഹായിക്കും.

പവര്‍ട്രെയിന്‍
ബ്രിഡ്ജറിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് റെനോ ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും കൈഗറിലെ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ തന്നെയാകാം പുത്തന്‍ മോഡലിനും തുടിപ്പേകാന്‍ എത്തുക. കൈഗറില്‍ ഈ മോട്ടോര്‍ 100hp പവറാണ് നല്‍കുന്നത്. കൈഗറില്‍ മാനുവല്‍ ഗിയര്‍ബോക്‌സിന് പുറമെ സിവിടി (CVT) ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഓഫര്‍ ചെയ്യുന്നു. ഇതേ എഞ്ചിന്‍-ട്രാന്‍സ്മിഷന്‍ ചോയ്‌സുകള്‍ പുതിയ എസ്‌യുവിയില്‍ പ്രതീക്ഷിക്കാം. ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ സസ്‌പെന്‍ഷന്‍ സെറ്റപ്പും വാഗ്ദാനം ചെയ്‌തേക്കാം.
'ബ്രിഡ്ജര്‍' എന്ന പേര്?
'ബ്രിഡ്ജ്' എന്ന വാക്കില്‍ നിന്നാണ് ബ്രിഡ്ജര്‍ എന്ന പേര് സ്വീകരിച്ചതെന്ന് റെനോയുടെ നെയിമിംഗ് സ്ട്രാറ്റജി വിഭാഗം ഹെഡ് ആയ സില്‍വിയ ഡോസ് സാന്‍േറാസ് വ്യക്തമാക്കുന്നു. കണക്ഷനെയും കരുത്തിനെയും സൂചിപ്പിക്കുന്നതാണ് ഈ പേരെന്നാണ് അവര്‍ പറയുന്നത്. ഡസ്റ്ററിലെ പോലെ ബ്രാന്‍ഡ് തിരിച്ചറിയാനായി 'ER' സഫിക്‌സ് ഇതോടൊപ്പം ചേര്‍ത്തു. കുടുംബങ്ങള്‍ക്കും ദൈനംദിന ഉപയോഗത്തിനും അനുയോജ്യമായ പ്രായോഗിക വാഹനമെന്ന റെനോയുടെ ചിന്തയുമായും പുതിയ എസ്‌യുവിയുടെ സ്വഭാവവുമായും ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ പേര്.
റെനോയുടെ വമ്പന്‍ പദ്ധതി
റെനോയുടെ അന്താരാഷ്ട്ര വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായാണ് ബ്രിഡ്ജര്‍ വികസിപ്പിക്കുന്നത്. ഇതുവഴി ഇന്ത്യയെ കൂടാതെ ദക്ഷിണാഫ്രിക്ക, മിഡില്‍ ഈസ്റ്റ് വിപണികളെയും കമ്പനി ലക്ഷ്യമിടുന്നു. 2027-ഓടെ യൂറോപ്പിന് പുറത്തുള്ള വിപണികളില്‍ 3 ബില്യണ്‍ യൂറോ നിക്ഷേപിക്കാനാണ് റെനോയുടെ തീരുമാനം. ഈ വലിയ നിക്ഷേപ പദ്ധതിക്ക് കീഴില്‍ വികസിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങളില്‍ ഒന്നായിരിക്കും ഈ സബ്-കോംപാക്ട് എസ്‌യുവി.
എതിരാളികള്‍
ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV 3XO, മാരുതി ബ്രെസ എന്നിവയുമായാകും ബ്രിഡ്ജര്‍ പ്രധാനമായും മത്സരിക്കുക. മാര്‍ച്ച് 10-ന് നടക്കുന്ന 'futuREady' ചടങ്ങില്‍ വാഹനത്തിന്റെ സവിശേഷതകളെ കുറിച്ചും ലോഞ്ചിനെ കുറിച്ചും കൂടുതല്‍ വ്യക്തത ലഭിക്കും. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിന്റെ ഒരുപങ്ക് പറ്റാനായാല്‍ ബ്രിഡ്ജറിന് റെനോയുടെ വിപണി വിഹിതം ഉയര്‍ത്താനാകും.


Click it and Unblock the Notifications








