ഥാറും ജിംനിയുമല്ലാതെ 1 ഓപ്ഷൻ കൂടി; 'മിനി ഡിഫെൻഡർ' ലുക്കിൽ റെനോ ബ്രിഡ്ജർ, കുറഞ്ഞ വിലയിൽ കിട്ടും
ഇന്ത്യയില്‍ ഓഫ്റോഡിംഗ് ആവേശം വിതറാന്‍ റെനോയുടെ പുത്തന്‍ പടയാളി 'ബ്രിഡ്ജര്‍' (Renault Bridger Concept) കണ്‍സെപ്റ്റ് ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെട്ടു. ലൈഫ്സ്‌റ്റൈല്‍ എസ്‌യുവി വിപണിയില്‍ മഹീന്ദ്ര ഥാറിന്റെയും മാരുതി ജിംനിയുടെയും കുത്തക തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് റെനോ ഈ പുതിയ കണ്‍സെപ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയെ പ്രധാന വിപണിയായി കണ്ടുകൊണ്ട് വികസിപ്പിച്ച ഈ സബ്-4 മീറ്റര്‍ എസ്‌യുവി റെനോയുടെ വിപുലീകരണ തന്ത്രങ്ങളുടെ ഭാഗമാണ്. ഇന്ത്യയില്‍ നിര്‍മിച്ച് ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണികളിലും ഈ വാഹനം എത്തിക്കാനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
4 മീറ്ററില്‍ താഴെ മാത്രം നീളമുള്ള ഈ എസ്‌യുവി റെനോയുടെ പൂനെ പ്ലാന്റിലായിരിക്കും നിര്‍മിക്കുക. അടുത്ത വര്‍ഷം മുതല്‍ പുത്തന്‍ എസ്‌യുവിയുടെ ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഓഫ്-റോഡിംഗിന് അനുയോജ്യമായ ബോക്‌സി ഡിസൈനും കരുത്തുറ്റ ബോഡി ഘടനയുമാണ് ബ്രിഡ്ജര്‍ കണ്‍സെപ്റ്റിന്റെ പ്രധാന സവിശേഷത. 'മിനി ഡിഫെൻഡർ' ലുക്ക് ഓഫ്-റോഡ് പ്രേമികളെ വലിയ രീതിയില്‍ ആകര്‍ഷിക്കുമെന്നാണ് റെനോയുടെ പ്രതീക്ഷ.

നിരത്തുകളില്‍ തനത് ഐഡന്റിറ്റി പ്രകടമാക്കാന്‍ കഴിയുന്ന വിധത്തിലുള്ള മസ്‌കുലര്‍ ഡിസൈന്‍ ബ്രിഡ്ജര്‍ കണ്‍സെപ്റ്റിന് പ്രത്യേക ഗാംഭീര്യം നല്‍കുന്നുണ്ട്. വാഹനത്തിന്റെ മുന്‍ഭാഗത്ത് ഫ്‌ലാറ്റ് ഗ്രില്ലും അതില്‍ ഇല്യൂമിനേറ്റഡ് റെനോ ലെറ്ററിംഗും വശങ്ങളില്‍ സ്‌ക്വയര്‍ഡ്-ഓഫ് ഹെഡ്ലാമ്പുകളും നല്‍കിയിരിക്കുന്നു. ലെയര്‍ഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍ മോഡേണ്‍ ലുക്ക് നല്‍കുമ്പോള്‍, വലിയ ബമ്പറുകളും സ്‌കിഡ് പ്ലേറ്റുകളും എസ്‌യുവിയുടെ കരുത്ത് വിളിച്ചോതുന്നു.
വശങ്ങളില്‍ സ്‌ക്വയര്‍ഡ് വീല്‍ ആര്‍ച്ചുകളും തിക്ക് ബോഡി ക്ലാഡിംഗും വലിയ അലോയ് വീലുകളും വാഹനത്തിന് ഓഫ്-റോഡ് ലുക്ക് നല്‍കുന്നു. ഓഫ്-റോഡ് ടയറുകള്‍ക്കൊപ്പം കറുപ്പ് നിറത്തിലുള്ള റൂഫും ഹൂഡും റൂഫ് റെയിലുകളും ഈ എസ്യുവിക്ക് ഒരു അഡ്വഞ്ചര്‍ തീം നല്‍കുന്നുണ്ട്. ഡിസൈനിലെ ഈ പ്രത്യേകതകള്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി സെഗ്മെന്റില്‍ വാഹനത്തിന് മുന്‍തൂക്കം നല്‍കുമെന്നുറപ്പാണ്.

വെര്‍ട്ടിക്കലി സ്റ്റാക്ക്ഡ് ടെയില്‍ ലാമ്പുകളും ടെയില്‍ഗേറ്റ് മൗണ്ടഡ് സ്‌പെയര്‍ വീലുമാണ് ബ്രിഡ്ജര്‍ കണ്‍സെപ്റ്റിന്റെ റിയര്‍ എന്‍ഡിലെ പ്രധാന ഹൈലൈറ്റുകള്‍. മഹീന്ദ്ര ഥാറിനെ ഓര്‍മ്മിപ്പിക്കുന്ന ഈ സ്‌പെയര്‍ വീല്‍ ഡിസൈന്‍ വാഹനത്തിന്റെ എടുപ്പ് കൂട്ടുന്നു. പ്രായോഗികമായി ഗുണം ചെയ്യുന്ന അപ്‌റൈറ്റ് ടെയില്‍ഗേറ്റും ഗ്ലാസ് ഏരിയയുമാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. കൂടാതെ, 400 ലിറ്ററോളം ബൂട്ട് സ്‌പേസ് ഈ വാഹനത്തിനുണ്ടെന്ന് റെനോ വ്യക്തമാക്കിയിട്ടുണ്ട. ഇത് ദൂരയാത്രകളിലും മറ്റും ഏറെ ഉപകാരപ്രദമാകും.
ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ റെനോ ബ്രിഡ്ജര്‍ വിപണിയിലെത്തുമെന്ന് കമ്പനി വ്യക്തമാക്കി. ഇതില്‍ ഇലക്ട്രിക് പതിപ്പായിരിക്കും (EV) ആദ്യം പുറത്തിറങ്ങാന്‍ സാധ്യതയെന്നാണ് സൂചനകള്‍. പെട്രോള്‍ എഞ്ചിന്‍ പതിപ്പുകള്‍ പിന്നീട് നിരത്തിലിറങ്ങും. സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന എഞ്ചിനുകളായിരിക്കും ഈ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയില്‍ കമ്പനി ഘടിപ്പിക്കുക.

ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ഥാര്‍, മാരുതി സുസുക്കി ജിംനി എന്നിവയോടായിരിക്കും റെനോ ബ്രിഡ്ജര്‍ പ്രധാനമായും മത്സരിക്കുക. നിലവില്‍ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത മുതലെടുക്കാനാണ് റെനോ ഈ പുതിയ പരീക്ഷണം നടത്തുന്നത്. ഓഫ്-റോഡിംഗ് സൗകര്യങ്ങള്‍ക്കൊപ്പം സിറ്റി ഡ്രൈവുകള്‍ക്കും അനുയോജ്യമായ രീതിയിലായിരിക്കും ഇതിന്റെ ട്യൂണിംഗ് എന്ന് കമ്പനി വക്താക്കള്‍ സൂചിപ്പിച്ചു.
ഈ വര്‍ഷം മുതല്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സജീവമാകാന്‍ ഒരുങ്ങുന്ന റെനോയുടെ പദ്ധതികളിലെ സുപ്രധാനമാണ് ബ്രിഡ്ജര്‍. ഇന്ത്യയിലെ റെനോയുടെ പുനരുജ്ജീവനത്തിന് ബ്രിഡ്ജറിന് വലിയ പങ്കുവഹിക്കാനുണ്ട്. പ്രീമിയം ഫീച്ചറുകളും കരുത്തുറ്റ ഡിസൈനും ഒത്തുചേരുന്ന ഈ വാഹനം ഓഫ്-റോഡ് പ്രേമികളുടെ ഇഷ്ട മോഡലായി മാറുമെന്നാണ് വിലയിരുത്തല്‍. എസ്‌യുവിയുടെ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ഉല്‍പ്പാദനത്തിനോട് അടുക്കുന്ന മുറയ്ക്ക് കമ്പനി ഔദ്യോഗികമായി തന്നെ വെളിപ്പെടുത്തുന്നതായിരിക്കും.


Click it and Unblock the Notifications








