ഡസ്റ്റർ വന്നു, ചരിത്രം വഴിമാറി! വിപണിയിൽ കത്തിക്കയറി റെനോ; മാർച്ചിൽ 77% വളർച്ച
2026 മാര്‍ച്ചിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ (Renault) ഇന്ത്യന്‍ വിപണിയില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജനപ്രിയ മോഡലായ ഡസ്റ്റര്‍ (2026 Renault Duster) പുത്തന്‍ അവതാരത്തില്‍ തിരിച്ചെത്തിയതാണ് ഈ കുതിപ്പിന് പ്രധാന കാരണം. മാര്‍ച്ചില്‍ 5000-ത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ചാണ് റെനോ സമീപകാലത്തെ ഏറ്റവും മികച്ച വില്‍പ്പന നേട്ടം കൈവരിച്ചത്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2026 മാര്‍ച്ച് മാസം 5,046 പുതിയ ഉപഭോക്താക്കളെയാണ് അവര്‍ക്ക് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 2,846 യൂണിറ്റുകളെ അപേക്ഷിച്ച് 77.30 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് റെനോ നേടിയത്.ഫെബ്രുവരി മാസത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോഴും വളര്‍ച്ചയാണ്. മുന്‍ മാസത്തെ അപേക്ഷിച്ച് 44.38 ശതമാനത്തിന്റെ വര്‍ദ്ധനവാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയത്. 2026 ഫെബ്രുവരിയില്‍ 3,495 യൂണിറ്റുകളായിരുന്നു വില്‍പ്പന. 2026-ന്റെ ആദ്യ പാദത്തില്‍ (ജനുവരി-മാര്‍ച്ച്) ആകെ 12,256 വാഹനങ്ങള്‍ വിറ്റഴിക്കാന്‍ റെനോയ്ക്ക് കഴിഞ്ഞു.

ഇത് കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് 47.63 ശതമാനം കൂടുതലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2025-26) ആകെ കണക്കുകള്‍ പരിശോധിച്ചാലും റെനോയ്ക്ക് പോസിറ്റീവാണ് ഫലങ്ങള്‍. 2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ റെനോ 42,018 കാറുകളാണ് വിറ്റത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ 37,900 യൂണിറ്റുകളില്‍ നിന്ന് 11 ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ കമ്പനിക്ക് സാധിച്ചു.
പുതിയ മോഡലുകളുടെ വരവാണ് ഈ സ്ഥിരതയാര്‍ന്ന വളര്‍ച്ചയ്ക്ക് അടിത്തറ പാകിയതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.റെനോയുടെ ജനപ്രിയ മോഡലുകളായ കൈഗര്‍ (Kiger), ട്രൈബര്‍ (Triber) എന്നിവ വിപണിയില്‍ മികച്ച മുന്നേറ്റം തുടരുകയാണ്. മാര്‍ച്ചിലെ ആകെ വില്‍പ്പനയുടെ 63 ശതമാനവും ഈ രണ്ട് മോഡലുകളാണ് സംഭാവന ചെയ്തത്. എന്നാല്‍ മാര്‍ച്ച് പകുതിയോടെ പുതിയ ഡസ്റ്ററിന്റെ വിതരണംആരംഭിച്ചതാണ് വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ റെനോയെ സഹായിച്ചത്.

പുതിയ ആര്‍ജിഎം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പുതിയ ഡിസൈന്‍, സവിശേഷതകള്‍, മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷന്‍സ് എന്നിവയുമായി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയ ഡസ്റ്ററിനായി ഇന്ത്യന്‍ ഉപഭോക്താക്കള്‍ വലിയ ഇഷ്ടവും താല്‍പര്യവുമാണ് പ്രകടിപ്പിക്കുന്നത്. ഒതന്റിക്, എവല്യൂഷന്‍, ടെക്നോ, ടെക്നോ+, ഐക്കണിക് എന്നിവയടക്കം 5 വേരിയന്റുകളാണ് പുതിയ ഡസ്റ്ററിനുള്ളത്.
നിലവില്‍ 10.49 ലക്ഷം രൂപ മുതല്‍ 18.49 ലക്ഷം രൂപ വരെയാണ് ഡസ്റ്ററിന്റെ എക്‌സ്-ഷോറൂം വില. നേരത്തെ പ്രഖ്യാപിച്ചിരുന്ന 'ആര്‍ പാസ്' (R Pass) ഓഫറുകള്‍ മാര്‍ച്ച് 31-ഓടെ അവസാനിച്ചു. ഇനി മുതല്‍ കമ്പനി പ്രഖ്യാപിച്ച സാധാരണ നിരക്കുകളിലായിരിക്കും വാഹനം വിപണിയില്‍ ലഭ്യമാകുക. മൂന്ന് വ്യത്യസ്ത പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് 2026 ഡസ്റ്റര്‍ വിപണിയിലെത്തുന്നത്.
1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയ്ക്ക് പുറമെ ഇത്തവണ 1.8 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനും ഡസ്റ്ററില്‍ ലഭ്യമാണ്. ഹൈബ്രിഡ് മോഡല്‍ മികച്ച ഇന്ധനക്ഷമതയ്ക്കൊപ്പം കരുത്തുറ്റ പ്രകടനവും കാഴ്ചവെക്കുമെന്ന് റെനോ ഇന്ത്യ ഉറപ്പ് നല്‍കുന്നു. എന്നാല്‍ ഹൈബ്രിഡ് പതിപ്പ് ഈ വര്‍ഷത്തെ ഉത്സവ സീസണിലാകും പുറത്തിറങ്ങുക.
6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന് പുറമെ സിവിടി, 6 സ്പീഡ് ഡിസിടി (DCT) എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഗിയര്‍ബോക്സ് ഓപ്ഷനുകളും ഡസ്റ്ററില്‍ റെനോ ഒരുക്കിയിരിക്കുന്നു. പുതിയ ഡസ്റ്ററിലെ ഏറ്റവും കരുത്തുറ്റ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിന്റെ (TCe 160e) മൈലേജ് കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഡിസിടി ഗിയര്‍ബോക്‌സ് മോഡലിന് ലിറ്ററിന് 18.45 കിലോമീറ്ററും മാനുവല്‍ ഗിയര്‍ബോക്‌സിന് 17.75 കിലോമീറ്ററുമാണ് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്.

അത്യാധുനിക ഫീച്ചറുകളും കരുത്തുറ്റ എഞ്ചിനുമായി എത്തിയ ഡസ്റ്റര്‍ വരും മാസങ്ങളില്‍ റെനോയുടെ വില്‍പ്പന കൂട്ടുമെന്ന് ഉറപ്പാണ്. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിന് തുടക്കമിട്ട ഡസ്റ്ററിന്റെ മടങ്ങി വരവ് സെഗ്‌മെന്റിലെ പ്രമുഖരായ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, ടാറ്റ സിയറ എന്നിവയ്ക്ക് വലിയ വെല്ലുവിളിയാകും.
രാജ്യത്തുടനീളമുള്ള ഷോറൂമുകളില്‍ ഡസ്റ്ററിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുത്തന്‍ വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നതിനൊപ്പം സര്‍വീസ് ശൃംഖല വിപുലീകരിക്കുന്നതിനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും റെനോ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. വരും പാദങ്ങളിലും വിപണിയില്‍ ഇതേ മുന്നേറ്റം തുടരാനാകുമെന്നാണ് റെനോ ഇന്ത്യയുടെ പ്രതീക്ഷ. ഡസ്റ്റര്‍ റെനോയുടെ വില്‍പ്പനയിലുണ്ടാക്കുന്ന സ്വാധീനം അറിയാന്‍ ഈ മാസത്തെ വില്‍പ്പന കണക്കുകള്‍ വരുന്നത് വരെ നമ്മള്‍ കാത്തിരിക്കേണ്ടി വരും.


Click it and Unblock the Notifications








