ബൈക്കിന്റെ വിലയ്ക്ക് കാർ കൊടുത്തിട്ടും ജനം കൈവിടുന്നു! ഈ ജനപ്രിയ മോഡലിന് തിരിച്ചടിയായത് എന്ത്?
ഒരുകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയിരുന്നത് ഹാച്ച്ബാക്ക് കാറുകളായിരുന്നു. ഇന്ന് പക്ഷേ എല്ലാവര്‍ക്കും സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) മതിയെന്നതിനാല്‍ ഹാച്ച്ബാക്കുകളുടെ വില്‍പ്പന മന്ദഗതിയിലാണ്. ഒരുകാലത്ത് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിഭാഗത്തിലെ ശ്രദ്ധേയ മത്സരാര്‍ത്ഥികളില്‍ ഒന്നായിരുന്നു റെനോ ക്വിഡ്. 2025 ഡിസംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ചില ഹാച്ച്ബാക്കുകള്‍ വളര്‍ച്ച നേടിയപ്പോള്‍ ക്വിഡിന്റെ കഷ്ടകാലം അവസാനിച്ചിട്ടില്ലെന്നാണ് മനസിലാകുന്നത്. എസ്‌യുവികളുടെ സ്വീകാര്യത വര്‍ധിച്ചതും വിപണിയിലെ മാറ്റങ്ങളുമാണ് ക്വിഡിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. ക്വിഡിന്റെ കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍ ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
റഷ്‌ലെയ്ന്‍ പങ്കുവെച്ച 2025 ഡിസംബര്‍ മാസത്തെ വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം റെനോ ക്വിഡ് വാര്‍ഷികാടിസ്ഥാനത്തില്‍ 41.24 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം ക്വിഡിന്റെ കേവലം 369 യൂണിറ്റുകള്‍ മാത്രമാണ് റെനോ വിറ്റഴിച്ചത്. 2024 ഡിസംബറില്‍ ഇത് 628 യൂണിറ്റുകളായിരുന്നു. അതായത്, 12 മാസം കൊണ്ട് 259 വാഹനങ്ങളുടെ കുറവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

മുന്‍ മാസമായ 2025 നവംബറുമായി തട്ടിച്ച് നോക്കുമ്പോഴും ക്വിഡിന്റെ പ്രകടനം നിരാശാജനകമാണ്. 2025 നവംബര്‍ മാസത്തില്‍ 447 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് ഡിസംബറില്‍ 78 യൂണിറ്റ് കുറച്ച് വില്‍ക്കാനാണ് സാധിച്ചത്. ഏകദേശം 17.45 ശതമാനത്തിന്റെ ഇടിവാണ് ഒരു മാസത്തിനിടെ സംഭവിച്ചത്. നിലവില്‍ റെനോയുടെ വാഹന നിരയില്‍ ഏറ്റവും കുറഞ്ഞ വില്‍പനയുള്ള മോഡലാണ് ക്വിഡ്.
2015 സെപ്റ്റംബറില്‍ വിപണിയിലെത്തിയ റെനോ ക്വിഡ് അതിന്റെ എസ്‌യുവിവിഷ് ഡിസൈന്‍ കൊണ്ട് വളരെ വേഗം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2021 നവംബറോടെ 4 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടെങ്കിലും ബജറ്റ് വിലയുള്ള ഹാച്ച്ബാക്കുകളോടുള്ള ഉപഭോക്താക്കളുടെ താല്‍പര്യം കുറഞ്ഞത് ക്വിഡിനെയും സാരമായി ബാധിച്ചു. യൂസ്ഡ് കാര്‍ വിപണിയില്‍ മികച്ച മാര്‍ക്കറ്റ് ഉണ്ടെങ്കിലും പുതിയ കാറുകള്‍ വാങ്ങാന്‍ ഷോറൂമില്‍ ആളുകള്‍ എത്താതെയായി.

2025 സെപ്റ്റംബറില്‍ കമ്പനിക്ക് പ്രതീക്ഷ നല്‍കി കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി ഇളവുകള്‍ (GST 2.0) പ്രഖ്യാപിച്ചു. എന്നിട്ടും, ഈ എന്‍ട്രി ലെവല്‍ കാറിന്റെ വില്‍പ്പനയില്‍ ഉണര്‍വ് പ്രകടമാകുന്നില്ല എന്നതാണ് വസ്തുത. ഭൂരിഭാഗം ആളുകളും മൈക്രോ എസ്‌യുവികളിലേക്കും കോംപാക്ട് എസ്‌യുവികളിലേക്കും ചുവടുമാറുന്നതാണ് ഇതിന് കാരണം.
നിലവില്‍ ക്വിഡിന്റെ പ്രാരംഭ വില വെറും 4.30 ലക്ഷം രൂപ മാത്രമാണ് (എക്‌സ്-ഷോറൂം). ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകളില്‍ ഒന്നായ ക്വിഡിന് 67 bhp പവറും 91 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. മാനുവല്‍, എഎംടി (AMT) ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ക്വിഡ് ലഭ്യമാണ്.

ലിറ്ററിന് ഏകദേശം 21.7 കിലോമീറ്റര്‍ മുതല്‍ 22.3 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഈ വാഹനം ഇന്ധനക്ഷമതയുടെ കാര്യത്തിലും മുന്നിലാണ്. 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ക്വിഡിലുണ്ട്. എന്നിരുന്നാലും സേഫ്റ്റി റേറ്റിംഗിലെ പോരായ്മകളും മാരുതി സുസുക്കി മോഡലുകളില്‍ നിന്നുള്ള കടുത്ത മത്സരവും ക്വിഡിന് വെല്ലുവിളിയായി തുടരുന്നു.
ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തിക്കാന്‍ റെനോ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ട് മാസങ്ങളായെങ്കിലും സംഗതി ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. വില്‍പ്പന ഉയര്‍ത്താനായി കമ്പനി ക്വിഡിനെ ഇലക്ട്രിക് കുപ്പായമണിയിച്ച് പുറത്തിറക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. എങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരമായിട്ടില്ല. ഇന്ത്യയില്‍ എന്‍ട്രി ലെവല്‍ ഇലക്ട്രിക് ഹാച്ചുകള്‍ക്ക് ആവശ്യക്കാര്‍ ഏറി വരുന്നതിനാല്‍ റെനോ പോസിറ്റീവായ തീരുമാനം കൈകൊള്ളുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications








