ഡസ്റ്റര്‍ വാങ്ങാന്‍ ക്യാഷില്ലേ, പുതിയ 'മിനി ഡസ്റ്റർ' വരുന്നു! 6 ലക്ഷത്തിൽ താഴെ വില, പൈസ റെഡിയാക്കിക്കോ
ഐതിഹാസിക എസ്‌യുവിയായ ഡസ്റ്റര്‍ (Renault Duster) ഇന്ത്യന്‍ വിപണിയിലേക്ക് മടക്കിക്കൊണ്ട് വന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ (Renault) കഴിഞ്ഞ മാസം വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി റെനോ പുത്തന്‍ സബ് 4 മീറ്റര്‍ കോംപാക്ട് എസ്‌യുവി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പുതിയ മോഡലുകളിലൂടെ നിലവിലെ വിപണി സമ്മര്‍ദങ്ങളെ അതിജീവിക്കാനും വില്‍പ്പന വര്‍ദ്ധിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫ്രഞ്ച് ബ്രാന്‍ഡിന്റെ ഈ നീക്കം വാഹന പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.
നിലവില്‍ റെനോ ക്വിഡ്, കൈഗര്‍, ട്രൈബര്‍ എന്നീ മൂന്ന് മോഡലുകള്‍ മാത്രമാണ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത്. പ്രതിമാസം ശരാശരി 3,000 മുതല്‍ 4,000 യൂണിറ്റുകള്‍ വരെയാണ് റെനോയുടെ ആകെ വില്‍പ്പന. ഈ സാഹചര്യം മാറ്റിയെടുക്കാന്‍ പുതിയ തലമുറ ഡസ്റ്റര്‍ ഉള്‍പ്പെടെയുള്ള മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ പോകുന്നത്.

പുതിയ തലമുറ റെനോ ഡസ്റ്റര്‍ അടുത്ത മാസം വിപണിയില്‍ എത്താനിരിക്കെയാണ് മറ്റൊരു കോംപാക്ട് എസ്‌യുവിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. 2027-ഓടെ പുറത്തിറങ്ങുമെന്ന് കരുതുന്ന ഈ വാഹനം റെനോ കൈഗറിന് പുറമെ സബ്-4 മീറ്റര്‍ സെഗ്മെന്റില്‍ കമ്പനിയുടെ ശക്തമായ സാന്നിധ്യമാകും. 'മിനി ഡസ്റ്റര്‍' (Mini Duster) എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലായിരിക്കും ഇതിന്റെ രൂപകല്‍പ്പന.
ഡിസൈനിന്റെ കാര്യത്തില്‍ കൈഗറില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ശൈലിയായിരിക്കും ഈ വാഹനത്തിനുണ്ടാവുക. റെനോയുടെ ആഗോള മോഡലുകളിലെ അഗ്രസീവ് ഡിസൈന്‍ ഘടകങ്ങള്‍ പുതിയ മോഡലിൽ പ്രതീക്ഷിക്കാം. കൂടുതല്‍ സ്‌പേസും പ്രായോഗികതയും വാഗ്ദാനം ചെയ്യുന്ന ഇന്റീരിയറും മോഡേണ്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളും പുതിയ എസ്‌യുവിയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുതിയ എസ്‌യുവിയുടെ ഏറ്റവും വലിയ ആകര്‍ഷണം അതിന്റെ വിലയായിരിക്കും. നിലവില്‍ കമ്പനി ഇന്ത്യയിൽ വിപണനം ചെയ്യുന്ന റെനോ കൈഗറിന്റെ പ്രാരംഭ വില 5.76 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം). ഏകദേശം ഇതേ വിലനിലവാരത്തിലോ അല്ലെങ്കില്‍ അല്‍പ്പം മാത്രം വ്യത്യാസത്തിലോ പുതിയ മോഡല്‍ അവതരിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഇത് സാധാരണക്കാരായ ഉപഭോക്താക്കളെ കൂടുതലായി തങ്ങളുടെ ഷോറൂമിലേക്ക് ആകര്‍ഷിക്കാന്‍ റെനോയെ സഹായിക്കും.
ഇന്ത്യയില്‍ സബ് കോംപാക്ട് എസ്‌യുവി സെഗ്മെന്റ് അതിവേഗത്തിലാണ് വളരുന്നത്. 2025 ഡിസംബറില്‍ മാത്രം ഈ വിഭാഗത്തില്‍ 1.21 ലക്ഷത്തിലധികം കാറുകളാണ് വിറ്റഴിക്കപ്പെട്ടത്. 36 ശതമാനത്തിലധികമാണ് വാര്‍ഷിക വളര്‍ച്ച. എസ്‌യുവികൾക്കുള്ള ഡിമാൻഡ് മുതലെടുക്കാനായി സെഗ്‌മെന്റില്‍ രണ്ടാമത്തെ എസ്‌യുവി അവതരിപ്പിച്ച് വിപണി വിഹിതം ഉയര്‍ത്താനാണ് റെനോ ലക്ഷ്യമിടുന്നത്.
മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO തുടങ്ങിയ കരുത്തരായ എതിരാളികളോടാണ് പുതിയ റെനോ മോഡലിന് മത്സരിക്കേണ്ടി വരിക. കൈഗറിന്റെ വിലക്കുറവും ഡസ്റ്ററിന്റെ പാരമ്പര്യവും ഒത്തുചേരുന്ന പുതിയ മോഡല്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2027-ഓടെ മാത്രമേ ഈ വാഹനം നിരത്തുകളില്‍ എത്തുകയുള്ളൂ.
റെനോയുടെ ഈ പുതിയ നീക്കം ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു. പുതിയ ഡസ്റ്റര്‍, അതിന്റെ 7-സീറ്റര്‍ പതിപ്പ് എന്നിവ ഇന്ത്യന്‍ വിപണിയിലെത്തിയ ശേഷം ഈ കോംപാക്ട് എസ്‌യുവി കൂടി വരുന്നതോടെ റെനോയുടെ ഉല്‍പ്പന്ന നിര കൂടുതല്‍ ശക്തമാകും. കുറഞ്ഞ വിലയില്‍ മികച്ച നിലവാരമുള്ള വാഹനങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് റെനോയുടെ ഈ പുതിയ ചുവടുവെപ്പ് വലിയ ആശ്വാസമാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








