7-സീറ്ററിന് ₹6 ലക്ഷത്തില്‍ താഴെ വിലയിട്ടിട്ടും വാങ്ങാന്‍ ആളില്ലേ? വില്‍പ്പന 6 മാസത്തെ കുറഞ്ഞ നിരക്കില്‍
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വിലയില്‍ വാങ്ങാനാകുന്ന 7 സീറ്റര്‍ എംപിവികളില്‍ ഒന്നായ റെനോ ട്രൈബര്‍ (Renault Triber) പ്രതിമാസ വില്‍പ്പനയില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തുന്നു. ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2026 ഏപ്രില്‍ മാസത്തില്‍ ഈ മോഡലിന്റെ വില്‍പ്പന 2000 യൂണിറ്റുകള്‍ക്കും താഴേക്ക് പതിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിരുന്ന ഈ ഫാമിലി കാറിന്റെ വില്‍പ്പന പെട്ടെന്ന് കുറഞ്ഞത് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ മാസത്തെ ട്രൈബറിന്റെ വില്‍പ്പന കണക്കുകളും ഇടിവിനുള്ള കാരണങ്ങളും ഈ ലേഖനത്തില്‍ വായിക്കാം.
2025 ജൂലൈ മാസത്തിലാണ് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി അപ്‌ഗ്രേഡ് ചെയ്ത പുതിയ ട്രൈബര്‍ ഫെയ്‌സ്ലിഫ്റ്റ് പതിപ്പ് കകമ്പനി വിപണിയില്‍ എത്തിച്ചത്. പുതിയ ഫെയ്‌സ്ലിഫ്റ്റ് മോഡല്‍ അവതരിപ്പിച്ച് ഒരു വര്‍ഷം പോലും തികയുന്നതിന് മുമ്പാണ് വിപണിയില്‍ വാഹനത്തിനുള്ള ഡിമാന്‍ഡ് ക്രമേണ കുറയുന്നത്. ബജറ്റ് എംപിവി വിപണിയില്‍ വലിയ മത്സരം നേരിടുന്നതാണ് ഈ വില്‍പ്പന ഇടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ആകെ 1,917 ട്രൈബര്‍ കാറുകള്‍ മാത്രമാണ് റെനോയ്ക്ക് ഇന്ത്യയിലുടനീളം വിറ്റഴിക്കാന്‍ സാധിച്ചത്. തൊട്ടു മുമ്പത്തെ മാസമായ 2026 മാര്‍ച്ചിനെ അപേക്ഷിച്ച് 94 കാറുകളുടെ കുറവാണ് വില്‍പ്പനയില്‍ ഇത്തവണ ഉണ്ടായിരിക്കുന്നത്. എങ്കിലും 2025 ഏപ്രില്‍ മാസത്തില്‍ വിറ്റ 1,401 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 516 കാറുകള്‍ അധികമായി വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ഏക ആശ്വാസം.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാര്‍ഷിക വളര്‍ച്ച നേരിയ തോതില്‍ പ്രകടമാക്കിയെങ്കിലും, 2026 വര്‍ഷത്തില്‍ റെനോ ട്രൈബര്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിമാസ വില്‍പ്പനയായിരുന്നു ഏപ്രിലിലേത്. കഴിഞ്ഞ ആറ് മാസത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാലും ഏറ്റവും കുറവ് ഏപ്രിലിലാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇതാദ്യമായാണ് ട്രൈബറിന്റെ പ്രതിമാസ വില്‍പ്പന 2000 യൂണിറ്റിനും താഴേക്ക് പോകുന്ന സാഹചര്യമുണ്ടാകുന്നത്.

ഈ വര്‍ഷം ജനുവരിയിലായിരുന്നു കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തിയത്. അന്ന് കമ്പനിക്ക് രാജ്യത്തുടനീളം 2,509 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞിരുന്നു. നിലവില്‍ ഒതന്റിക് (Authentic), എവല്യൂഷന്‍ (Evolution), ടെക്‌നോ (Techno), ഇമോഷന്‍ (Emotion) എന്നിങ്ങനെ നാല് വ്യത്യസ്ത വേരിയന്റുകളിലാണ് ട്രൈബര്‍ വിപണിയിലുള്ളത്. 5.81 ലക്ഷം രൂപ മുതല്‍ 8.69 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ നിലവിലെ എക്‌സ്-ഷോറൂം വില.
മെക്കാനിക്കല്‍ വശങ്ങള്‍ നോക്കിയാല്‍ 1.0 ലിറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ്, 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ട്രൈബര്‍ ലഭ്യമാകുന്നത്. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ എഎംടി (AMT) ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതേ എഞ്ചിന്‍ ഘടനയില്‍ സിഎന്‍ജി (CNG) വേരിയന്റും റെനോ വിപണിയില്‍ എത്തിക്കുന്നുണ്ട്.

വലിയ കുടുംബങ്ങള്‍ക്ക് കുറഞ്ഞ ബജറ്റില്‍ യാത്ര ചെയ്യാന്‍ അനുയോജ്യമായ വാഹനമാണെങ്കിലും, കരുത്തുറ്റ എഞ്ചിനിന്റെ അസാന്നിധ്യം ട്രൈബറിന്റെ വിപണി സാധ്യതകളെ ബാധിക്കുന്നുണ്ട്. ഉപഭോക്തൃ താല്‍പര്യം വീണ്ടെടുക്കുന്നതിനായി കൂടുതല്‍ കരുത്തുറ്റ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ ഉടന്‍ തന്നെ ട്രൈബറില്‍ അവതരിപ്പിക്കാന്‍ റെനോ പദ്ധതിയിടുന്നുണ്ട്. ഈ പുതിയ എഞ്ചിന്‍ പരിഷ്‌കരണത്തോടെ വരും മാസങ്ങളില്‍ വാഹനത്തിന്റെ വില്‍പ്പന വീണ്ടും വര്‍ദ്ധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
കുറഞ്ഞ വിലയെന്ന പ്രധാന ഘടകം മുന്‍നിര്‍ത്തിക്കൊണ്ട് മാരുതി എര്‍ട്ടിഗ പോലുള്ള വലിയ മോഡലുകളോട് മത്സരിക്കുന്നുണ്ടെങ്കിലും ഈ വില്‍പ്പന ഇടിവ് റെനോയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വരും മാസങ്ങളില്‍ ഉത്സവ സീസണ്‍ എത്തുന്നതോടെ വിപണിയില്‍ കൂടുതല്‍ ഉണര്‍വുണ്ടാകുമെന്നും അനുകൂലമായ മാറ്റമുണ്ടാകുമെന്നാണ് ഡീലര്‍മാര്‍ വിലയിരുത്തുന്നത്.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഫീച്ചറുകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ട്രൈബറിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള നിസാന്‍ ഗ്രാവൈറ്റ് എംപിവി അടുത്ത കാലത്ത് വിപണിയിലെത്തിയതും ഒരുപക്ഷേ റെനോ മോഡലിന്റെ വില്‍പ്പന ഇടിയാന്‍ കാരണമായിട്ടുണ്ടാകാം. വരും മാസങ്ങളില്‍ വെല്ലുവിളികളെല്ലാം മറികടന്ന് ട്രൈബര്‍ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications