എർട്ടിഗയേക്കാൾ ₹3 ലക്ഷം കുറവ്, ഫാമിലിക്ക് പ്രിയം ₹5.65 ലക്ഷത്തിന്റെ MPV! ഗ്രാവൈറ്റ് വന്നിട്ടും തളരാതെ ട്രൈബർ
കുറഞ്ഞ വിലയില്‍ ഒരു 7 സീറ്റര്‍ കാര്‍ എന്ന സാധാരണക്കാരന്റെ സ്വപ്‌നം സഫലമാക്കിയ വാഹനമാണ് റെനോ ട്രൈബര്‍ (Renault Triber). വില്‍പ്പനയില്‍ വന്‍ കുതിപ്പ് നടത്തിക്കൊണ്ട് ട്രൈബര്‍ സെഗ്‌മെന്റില്‍ തങ്ങളുടെ ആധിപത്യം തുടരുകയാണ്. 2026 മാര്‍ച്ച് മാസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍, മുന്‍ വര്‍ഷത്തേക്കാള്‍ 30 ശതമാനത്തിനടുത്ത് വാര്‍ഷിക വളര്‍ച്ച നേടാന്‍ ഈ റെനോ എംപിവിക്ക് സാധിച്ചു. എന്നാല്‍ പ്രതിമാസ കണക്കുകളില്‍ സംഭവിച്ച ചെറിയ മാറ്റങ്ങള്‍ വിപണിയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. റഷ്‌ലെയ്ന്‍ (Rushlane) പുറത്തുവിട്ട 2026 മാര്‍ച്ച് മാസത്തിലെ കണക്കുകള്‍ പ്രകാരം 2,011 യൂണിറ്റുകളാണ് റെനോ ട്രൈബറിന്റെ വില്‍പ്പന.
2025 മാര്‍ച്ച് മാസത്തില്‍ 7 സീറ്റര്‍ ഫാമിലി കാറിന്റെ വില്‍പ്പന 1552 യൂണിറ്റായിരുന്നു. 2025 മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 459 യൂണിറ്റ് അധികം വിറ്റ് 29.57 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ മോഡല്‍ കൈവരിച്ചിരിക്കുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പന മെച്ചപ്പെട്ടെങ്കിലും, 2026 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് (MoM) മാര്‍ച്ചില്‍ വില്‍പ്പനയില്‍ 17 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചിട്ടുണ്ട്.

ഫെബ്രുവരിയിലെ 2419 യൂണിറ്റിനേക്കാള്‍ 408 യൂണിറ്റുകള്‍ കുറച്ച് വിറ്റതിനാല്‍ 16.87 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം റെനോയുടെ മൊത്തം വില്‍പ്പനയുടെ 40 ശതമാനത്തോളം സംഭാവന ചെയ്തത് ട്രൈബര്‍ ആയിരുന്നു. വാഹന വിപണിയിലെ കാലാനുസൃതമായ മാറ്റങ്ങളും പുത്തന്‍ മോഡലുകളുടെ വരവും മുന്‍ മാസത്തെ അപേക്ഷിച്ച് നേരിയ ഇടിവിന് കാരണമായെങ്കിലും റെനോയുടെ ഇന്ത്യയിലെ ബെ്‌സ്റ്റ് സെല്ലിംഗ് മോഡല്‍ ട്രൈബര്‍ തന്നെയാണ്.
6 ലക്ഷം രൂപയില്‍ താഴെ പ്രാരംഭ വിലയുള്ള ട്രൈബര്‍, മധ്യവര്‍ഗ കുടുംബങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള വാഹനമാണ്. കുറഞ്ഞ ചിലവില്‍ കൂടുതല്‍ പേര്‍ക്ക് യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുന്നുവെന്നതാണ് ട്രൈബറിനെ ആകര്‍ഷകമാക്കുന്നത്. നിസാന്‍ ഗ്രാവൈറ്റ് പോലുള്ള പുതിയ എതിരാളികള്‍ വിപണിയിലെത്തിയിട്ടും ട്രൈബറിനോടുള്ള ഇന്ത്യക്കാരുടെ പ്രിയം ഒട്ടും കുറയാതെ നില്‍ക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ട്രൈബറിന് കരുത്തേകുന്നത്. ഇത് 72 bhp പവറും 96 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിന് പുറമെ എഎംടി (AMT) ഓപ്ഷനിലും ഈ ഫാമിലി കാര്‍ ലഭ്യമാണ്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ ട്രൈബര്‍ യാത്രക്കാരുടെ സേഫ്റ്റിയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല.
സ്റ്റാൻഡേർഡ് 6 എയർബാഗ്, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഇതിലുണ്ട്. സേഫ്റ്റിയുള്ള ബജറ്റ് ഫാമിലി കാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച മോഡലാണിത്.വളരെ വിശാലവും ഫ്‌ലെക്‌സിബിളുമായ ട്രൈബറിന്റെ അകത്ത് ഏഴ് പേര്‍ക്ക് സുഗമമായി യാത്ര ചെയ്യാം. ഇതിനൊപ്പം മൂന്നാം നിര സീറ്റുകള്‍ മാറ്റി ആവശ്യാനുസരണം ബൂട്ട് സ്‌പേസ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നതാണ് നിസാന്‍ കസിന്‍ മോഡലായ ഗ്രാവൈറ്റില്‍ നിന്ന് പോലും ട്രൈബറിനെ വേറിട്ട് നിര്‍ത്തുന്നത്.

എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ ആധുനിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ട്രൈബര്‍ വിപണിയിലെത്തുന്നത്. വിപണിയിലെ മത്സരം മുറുകുന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ കൂടുതല്‍ ഓഫറുകള്‍ നല്‍കി വില്‍പന വര്‍ദ്ധിപ്പിക്കാനാണ് റെനോയുടെ നീക്കം. റെനോ ഇന്ത്യയിലെ വിപണി വിഹിതം ഉയര്‍ത്തുന്നതില്‍ ട്രൈബര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ ഡസ്റ്റര്‍ തിരിച്ചെത്തിയതോടെ റെനോയുടെ വിപണി വിഹിതം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസം ഡസ്റ്ററിന്റെ കസ്റ്റമര്‍ ഡെലിവറി ആരംഭിച്ചിരുന്നു. നിലവിലെ വിപണി സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍, ബജറ്റ് 7 സീറ്റര്‍ വിഭാഗത്തില്‍ ട്രൈബറിന് ഇനിയും മുന്നേറാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








