235 KM പെട്രോളില്ലാതെ ഓടിക്കാം, ഫുള്‍ടാങ്കില്‍ 1226 KM കിട്ടുമെന്ന്! 'വിസ്മയമാണ്' ഈ എസ്‌യുവി
ഇന്ത്യന്‍ വാഹന വിപണിയില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടിയ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹന (Electric Vehicles) പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഹൈബ്രിഡുകളിലേക്ക് (Hybrid Vehicles) ശ്രദ്ധകേന്ദ്രീകരിക്കാനുള്ള തീരുമാനത്തിലാണ് ഒട്ടുമിക്ക ബ്രാന്‍ഡുകളും. സ്വദേശി, വിദേശി ബ്രാന്‍ഡുകള്‍ എല്ലാം തന്നെ പുതിയ ഹൈബ്രിഡ് മോഡലുകള്‍ വിപണിക്ക് പരിചയപ്പെടുത്താനുള്ള പുറപ്പാടിലാണ്. ഇപ്പോള്‍ ചൈനീസ് സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡായ റോക്‌സ് മോട്ടോറിന്റെ (Rox Motor) 'റോക്‌സ് 01' എന്ന ഫുള്‍ സൈസ് എസ്‌യുവി ഇന്ത്യയില്‍ പേറ്റന്റ് ചെയ്തതായി റഷ്‌ലെയ്ന്‍ (Rushlane) റിപ്പോര്‍ട്ട് ചെയ്തു.
ജെഎസ്ഡബ്ല്യു മോട്ടോര്‍സ്, ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ തുടങ്ങിയ പ്രമുഖര്‍ രാജ്യത്ത് പുതിയ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ (PHEV) അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് റോക്‌സ് 01-ന്റെ കടന്നുവരവ്. എസ്‌യുവിയുടെ പ്രീമിയം ഫേസ്ലിഫ്റ്റ് മോഡലായ അഡാമസ് (Adamas) ഗൾഫ് രാജ്യങ്ങളിൽ വിൽപ്പനക്കെത്തുന്നുണ്ട്.

വലിപ്പത്തിന്റെ കാര്യത്തില്‍ ഏത് വമ്പന്‍മാരോടും കിടപിടിക്കുന്ന എസ്‌യുവിക്ക് 5298 mm നീളവും 1985 mm വീതിയും 1856 mm ഉയരവുമുണ്ട്. 3010 mm വീല്‍ബേസുള്ള എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 272 mm ആണ്. ഏകദേശം 770 mm വാട്ടര്‍വേഡിംഗ് കപാസിറ്റിയുളളതിനാല്‍ ഓഫ്-റോഡ് പ്രേമികളെയും ഇത് ആകര്‍ഷിക്കും.
ഡിസൈന്‍ വശം നോക്കുമ്പോള്‍ ബോക്‌സി സിലൗറ്റില്‍ പരുക്കന്‍ ലുക്കാണ് എസ്‌യുവിക്ക് നല്‍കിയിരിക്കുന്നത്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിനോട് സാമ്യമുള്ള ഡിസൈന്‍ ശൈലിയാണ് ഇതില്‍ പരീക്ഷിച്ചിരിക്കുന്നത്. മുന്‍വശത്ത് വലിയ ഗ്രില്ലും ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളോട് കൂടിയ ഹെഡ്ലൈറ്റുകളും ഗാംഭീര്യമുണര്‍ത്തുന്നുണ്ട്. സ്‌ട്രെയിറ്റ് റൂഫും വിന്‍ഡോ ലൈന്‍സിനുമൊപ്പം പരമ്പരാഗത ഡോര്‍ ഹാന്‍ഡിലുകളാണ് ലഭിക്കുന്നത്.
275 സെക്ഷന്‍ ടയറുകളില്‍ പൊതിഞ്ഞ 21 ഇഞ്ച് വീലുകളും ടെയില്‍ഗേറ്റ് മൗണ്ടഡ് സ്‌പെയര്‍ വീലും എസ്‌യുവിയുടെ ഓഫ്‌റോഡ് സ്വഭാവം വിളിച്ചോതുന്നുണ്ട്. ആഡംബരപൂര്‍ണമായ അകത്തളമാണ് റോക്‌സ് 01-ന്റെ മറ്റൊരു പ്രത്യേകത. നാപ്പ ലെതര്‍ അപ്ഹോള്‍സ്റ്ററി, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 15.7 ഇഞ്ച് 3K ഹൈ-റെസല്യൂഷന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12.3 ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഇതിലുണ്ട്.
പിന്നിലെ യാത്രക്കാര്‍ക്ക് പ്രത്യേകമായി 15.7 ഇഞ്ച് 3K റെസല്യൂഷന്‍ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനും 14 സ്പീക്കറുകളുള്ള അര്‍ക്കാമിസ് (Arkamys) സൗണ്ട് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സോഫ്റ്റ്-ക്ലോസ് ഡോറുകള്‍ വാഹനത്തിന്റെ പ്രീമിയം അനുഭവം വര്‍ദ്ധിപ്പിക്കുന്നു. 8 എയര്‍ബാഗുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) , സറൗണ്ട് വ്യൂ ക്യാമറ, ക്രോള്‍ കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ സുരക്ഷ സംവിധാനങ്ങളും ചൈനീസ് കമ്പനി ഈ പ്ലഗ് ഇന്‍ ഹൈബ്രിഡ് എസ്‌യുവിയില്‍ ഒരുക്കിയിട്ടുണ്ട്.

യാത്ര കൂടുതല്‍ സുഖകരമാക്കാനായി ഇലക്ട്രോണിക് ഡാംപറുകള്‍ വഴി വാഹനത്തിന്റെ ഉയരം ക്രമീകരിക്കാനുള്ള സൗകര്യവും ഈ മോഡലില്‍ ലഭ്യമാണ്. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 56.01 kWh ബാറ്ററിയുമാണ് ഈ എസ്‌യുവിയില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് സിസ്റ്റമായി പ്രവര്‍ത്തിക്കുന്നത്. രണ്ട് മോട്ടോറുകളുള്ള ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം വഴി 469 bhp പവറും 740 Nm പീക്ക് ടോര്‍ക്കും വാഹനം ഉത്പാദിപ്പിക്കുന്നു.
വെറും 5.5 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കരുത്തന് സാധിക്കും. മണിക്കൂറില്‍ 190 കിലോമീറ്ററാണ് പരമാവധി വേഗത. മറ്റ് ഹൈബ്രിഡ് വാഹനങ്ങളെ പോലെ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ റോക്‌സ് 01 എസ്‌യുവിയും പുലിയാണ്. 70 ലിറ്ററാണ് എസ്‌യുവിയുടെ ഫ്യുവല്‍ ടാങ്ക് ശേഷി. ബാറ്ററി കരുത്തില്‍ മാത്രം ഇത് 235 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

പെട്രോള്‍ എഞ്ചിന്‍ കൂടി ചേരുമ്പോള്‍ മൊത്തം ഡ്രൈവിംഗ് റേഞ്ച് 1226 കിലോമീറ്ററായി ഉയരുന്നു. ഫുള്‍ടാങ്ക് ഇന്ധനത്തില്‍ 1000+ കിലോമീറ്റര്‍ ദൂരം ഓടാന്‍ സാധിക്കുന്നതിനാല്‍ തന്നെ എസ്‌യുവി ലോംഗ് ട്രിപ്പുകള്‍ക്ക് അനുയോജ്യമായിരിക്കും. റോക്‌സ് 01 ഇന്ത്യയിലെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്‌യുവി വിഭാഗത്തില്‍ വലിയ വിപ്ലവത്തിന് തിരികൊളുത്തുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഫുള്‍ടാങ്കില്‍ 1000 കിലോമീറ്ററിന് മുകളില്‍ ദൂരമോടുന്ന ഈ വാഹനത്തെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ എന്താണെന്ന് കമന്റ് ബോക്‌സില്‍ എഴുതൂ.


Click it and Unblock the Notifications








