സിനിമാ സ്‌റ്റൈലില്‍ ഫെറാറി ഡെലിവറിയെടുക്കുന്നത് അറബിയല്ല, അസല്‍ മലയാളി; മമ്മൂക്കയുടെ ചങ്കായ വിതരണക്കാരൻ
ഓവര്‍സീസ് സിനിമാ വിതരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച 'ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്' ചെയര്‍മാന്‍ സമദ് ട്രൂത്തിന്റെ ജീവിതം ബിസിനസുകാര്‍ക്ക് ഒരു പാഠപുസ്തകമാണ്. കാമുകിയെ സ്വന്തമാക്കാന്‍ വാശിപ്പുറത്ത് കച്ചവടം തുടങ്ങി വെറും 19-ാം വയസില്‍ 10 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ സമദ് ഇന്ന് ഗള്‍ഫിലെ അറിയപ്പെടുന്ന മലയാളി ബിസിനസുകാരനാണ്. തലക്കെട്ടില്‍ സൂചിപ്പിച്ച പോലെ തൃശൂര്‍ സ്വദേശിയായ സമദിന്റെ നടപ്പും ഭാവവുമെല്ലാം കണ്ടാല്‍ ഇതേതാണ് ഒരു അറബി എന്ന് തെറ്റിദ്ധരിച്ചാലും തെറ്റുപറയാനാകില്ല. സ്വന്തം കഠിനാധ്വാനത്തിലൂടെ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത സമദ് വാഹനങ്ങളോട് അടങ്ങാത്ത ആവേശം കാത്തുസൂക്ഷിക്കുന്നയാളാണ്.
ഇപ്പോള്‍ കുട്ടിക്കാലം തൊട്ട് സ്വപ്‌നം കണ്ട സ്വപ്‌ന വാഹനം സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് സമദ്. തന്റെ പ്രിയതമ സര്‍പ്രൈസ് സമ്മാനമായി നല്‍കിയ ഫെറാറി 296 GTB (Ferrari 296 GTB) സൂപ്പര്‍കാറിലൂടെ സമദ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. സമദിന്റെ തട്ടകമായ ഗള്‍ഫില്‍ വെച്ച് നടന്ന കാര്‍ ഡെലിവറി ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.

തന്റെ ഗരാജിലെ ഏറ്റവും പുതിയ അതിഥിയെ ലോകത്തിന് പരിചയപ്പെടുത്തുമ്പോള്‍ സമദിന്റെ മുഖത്ത് വിരിഞ്ഞത് ഒരു സ്വപ്‌നസാക്ഷാത്കാരത്തിന്റെ സംതൃപ്തിയായിരുന്നു. ഗംഭീരമായി അലങ്കരിച്ച വേദിയില്‍ വെച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് സമദ് ചുവന്ന സുന്ദരിയെ ഏറ്റുവാങ്ങിയത്. ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ ഫെറാറിയുടെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ പുറത്തിറങ്ങിയ ആദ്യത്തെ V6 സൂപ്പര്‍കാറാണ് 296 GTB.
ഏകദേശം 5.40 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്-ഷോറൂം വില. ഗള്‍ഫില്‍ വെച്ച് വാങ്ങിയതിനാല്‍ സമദിന്റെ ഫെറാറിയുടെ വില എത്രയാണെന്ന് ഞങ്ങള്‍ക്ക് കൃത്യമായ അറിവില്ല. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയും വേഗതയും ഒത്തുചേരുന്ന ഈ ഫെറാറി മോഡല്‍ സൂപ്പര്‍കാര്‍ വിപണിയിലെ ഒരു അത്ഭുതമായാണ് കണക്കാക്കപ്പെടുന്നത്. ഓരോ വാഹനപ്രേമിയും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണിത്.

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, 3.0 ലിറ്റര്‍ V6 ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്ന് മൊത്തം 809 bhp പവറും 741 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കുന്നു. 8 സ്പീഡ് ഡിസിടി ട്രാന്‍സ്മിഷനും ഇ ഡിഫറന്‍ഷ്യലുമായാണ് ഈ സൂപ്പര്‍ കാര്‍ വരുന്നത്.
വെറും 2.9 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ സൂപ്പര്‍കാറിന് സാധിക്കും. കാറിന്റെ ടോപ്പ് സ്പീഡ് മണിക്കൂറില്‍ 330 കിലോമീറ്ററിലധികമാണ്. പ്ലഗ്-ഇന്‍ ഹൈബ്രിഡ് സംവിധാനമുള്ളതിനാല്‍ ഇലക്ട്രിക് ഓണ്‍ലി മോഡില്‍ ഈ ഫെറാറി ഏകദേശം 25 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. കാറില്‍ സജ്ജീകരിച്ച 7.45 kWh ബാറ്ററി പായ്ക്ക് ആണ് ഇത് സാധ്യമാക്കുന്നത്.

ആഡംബരം നിറഞ്ഞതാണ് ഈ കാറിന്റെ ഇന്റീരിയര്‍. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഉള്ളിലുണ്ട്. ഡ്രൈവര്‍ക്ക് കാറിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കൃത്യമായി നല്‍കുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. പ്രീമിയം ലെതര്‍ സീറ്റുകളും സ്‌പോര്‍ട്ടി ലുക്കും അകത്തളത്തില്‍ പ്രത്യേക അനുഭവം സമ്മാനിക്കുന്നു.
സുരക്ഷയുടെ കാര്യത്തിലും ഫെറാറി 296 GTB യാതൊരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല. അത്യാധുനിക സൈഡ് സ്ലിപ്പ് കണ്‍ട്രോള്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉയര്‍ന്ന വേഗതയിലും കാറിന് മികച്ച നിയന്ത്രണം നല്‍കുന്നു. അത്യാധുനിക ബ്രേക്കിംഗ് സംവിധാനങ്ങളും ഏത് സാഹചര്യത്തിലും ഡ്രൈവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നവയാണ്. ഇറ്റാലിയന്‍ എഞ്ചിനീയറിംഗിന്റെ പൂര്‍ണതയാണ് ഈ കാറില്‍ ദൃശ്യമാകുന്നത്.
മെഗാ സ്റ്റാര്‍ മമ്മൂട്ടിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സമദ് താരത്തിനെ പോലെ തന്നെ നല്ലൊരു വണ്ടിപ്രാന്തനാണ്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഉള്‍പ്പെടെയുള്ള കരുത്തുറ്റ വാഹനങ്ങള്‍ അദ്ദേഹത്തിന്റെ ഗരാജിലുണ്ട്. സിനിമ വിതരണ രംഗത്തെ തന്റെ വിജയഗാഥയ്‌ക്കൊപ്പം വാഹനങ്ങളോടുള്ള ഈ ഇഷ്ടം കൂടി ചേരുമ്പോള്‍ സമദ് ട്രൂത്ത് ഒരു യഥാര്‍ത്ഥ 'ലൈഫ്‌സ്‌റ്റൈല്‍ ഐക്കണ്‍' ആയി മാറുകയാണ്. പുതിയ ഫെറാറിയിലെ അദ്ദേഹത്തിന്റെ യാത്രകള്‍ മനോഹരമാകട്ടെയെന്ന് ആശംസിക്കുന്നു.


Click it and Unblock the Notifications