ചരിത്രം വഴിമാറും, ചിലര്‍ വരുമ്പോള്‍! കൈലാക്കിന്റെ പടയോട്ടത്തില്‍ തകർന്നത് സ്‌കോഡയുടെ സർവകാല വിൽപ്പന റെക്കോഡ്
2025 ഇന്ത്യയിലെ പല വാഹന നിര്‍മാതാക്കളുടെയും മികച്ച വര്‍ഷമായി അടയാളപ്പെടുത്തിയാണ് കടന്ന് പോയത്. കഴിഞ്ഞ വര്‍ഷം വില്‍പ്പനയില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയ കമ്പനികളില്‍ ഒന്നാണ് സ്‌കോഡ. 25 വര്‍ഷമായി ഇന്ത്യന്‍ വിപണിയിലുള്ള സ്‌കോഡക്ക് ചരിത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് കഴിഞ്ഞ വര്‍ഷം നേടാനായത്. 2025-ല്‍ കമ്പനി റെക്കോര്‍ഡ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പുതിയ സബ്-4 മീറ്റര്‍ എസ്‌യുവിയായ കൈലാക്കിന് (Skoda Kylaq) ലഭിച്ച വന്‍ സ്വീകാര്യതയാണ് ഈ ചരിത്ര നേട്ടത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് കമ്പനി വ്യക്തമാക്കുന്നു. 2025-ലെ സ്‌കോഡയുടെ വില്‍പ്പന കണക്കുകള്‍ ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
2025-ല്‍ സ്‌കോഡ മൊത്തം 72,665 വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. 2024-ലെ 35,166 യൂണിറ്റുകളെ അപേക്ഷിച്ച് 107 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. സ്‌കോഡയുടെ 2.0 തന്ത്രത്തിന്റെ വലിയ വിജയമായാണ് 2025-ലെ ഈ റെക്കോര്‍ഡ് നേട്ടത്തെ വാഹന ലോകം കാണുന്നത്. കൈലാക്കിന്റെ വരവിനൊപ്പം രാജ്യത്തെ വിതരണ ശൃംഖല വിപുലീകരിച്ചതും സ്‌കോഡയ്ക്ക് ഗുണകരമായി. നിലവില്‍ ഇന്ത്യയിലെ 183 നഗരങ്ങളിലായി 325 കസ്റ്റമര്‍ ടച്ച് പോയിന്റുകളാണ് സ്‌കോഡയ്ക്കുള്ളത്.

2024 ജനുവരി അവസാനത്തോടെയാണ് സ്‌കോഡ കൈലാക് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ കൈലാക്കിന്റെ വില്‍പ്പന കണക്കുകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ നവംബര്‍ വരെയുള്ള സ്‌കോഡ 43,204 കൈലാക്കുകള്‍ വിറ്റതായാണ് ഇന്‍ഡസ്ട്രി ഡേറ്റ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. ഡിസംബറിലെ കണക്കുകള്‍ കൂടി ചേരുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 47,000 മുതല്‍ 50,000 യൂണിറ്റ് കൈലാക് എസ്‌യുവികള്‍ വരെ സ്‌കോഡ വിറ്റതായി നമുക്ക് അനുമാനിക്കാം.
കമ്പനിയുടെ സര്‍വകാല വില്‍പ്പന റെക്കോഡുകള്‍ തിരുത്തിക്കുറിക്കാന്‍ കൈലാക്കിന്റെ വരവ് കൊണ്ട് സാധിച്ചു. ഇന്ത്യന്‍ വിപണിക്ക് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത കൈലാക് നിലവില്‍ സ്‌കോഡ പുറത്തിറക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാറാണ്. പ്രദേശികമായി നിര്‍മിക്കുന്നതിനാല്‍ തന്നെ മത്സരാധിഷ്ഠിത വിലയില്‍ സബ് 4 മീറ്റര്‍ എസ്‌യുവി വില്‍പ്പനക്ക് വെക്കാന്‍ സ്‌കോഡക്ക് സാധിക്കുന്നു.

1.0 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിനാണ് കൈലാക്കിന്റെ ഹൃദയം. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം. കരുത്തുറ്റ എഞ്ചിനിനൊപ്പം അത്യാധുനിക സുരക്ഷാ ഫീച്ചറുകളും സ്‌കോഡയുടെ സിഗ്നേച്ചര്‍ ഡിസൈനും കൈലാക്കിനെ ചുരുങ്ങിയ കാലയളവിനുള്ളില്‍ വിപണിയിലെ പ്രിയങ്കരനാക്കി മാറ്റി. നിലവില്‍ 7.54 ലക്ഷം രൂപ മുതലാണ് കൈലാക്കിന്റെ എക്സ്ഷോറൂം വില തുടങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം സ്‌കോഡയുടെ ജനപ്രിയ മോഡലുകളായ സ്ലാവിയ (Slavia), കുഷാക് (Kushaq) എന്നിവയുടെ വില്‍പ്പനയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ സ്ലാവിയയുടെ 12,760 യൂണിറ്റുകളും കുഷാഖിന്റെ 9,786 യൂണിറ്റുകളുമാണ് വിറ്റഴിച്ചത്. നിലവില്‍ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ കുഷാഖും സെഡാന്‍ വിഭാഗത്തില്‍ സ്ലാവിയയും കടുത്ത മത്സരമാണ് നേരിടുന്നത്. രണ്ട് വാഹനങ്ങളും മത്സരക്ഷമതയോടെ നിലനിര്‍ത്താന്‍ അവയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകള്‍ ഈ വര്‍ഷം പുറത്തിറക്കും.
ആഡംബര വാഹന പ്രേമികളെ ലക്ഷ്യമിട്ട് സ്‌കോഡ ചില ഇറക്കുമതി മോഡലുകളും കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. രണ്ടാം തലമുറ കൊഡിയാക് ആയിരുന്നു അതില്‍ ഒന്ന്. ഏപ്രിലില്‍ 7 സീറ്റര്‍ പതിപ്പും സെപ്റ്റംബറില്‍ 5 സീറ്റര്‍ പതിപ്പും പുറത്തിറക്കി. ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് സികെഡി കിറ്റുകളായി കൊണ്ടുവരുന്ന ഫുള്‍ സൈസ് എസ്യുവി മഹാരാഷ്ട്രയിലെ പ്ലാന്റിലാണ് അസംബിള്‍ ചെയ്യുന്നത്. രണ്ട് തലമുറ മോഡലുകളുമടക്കം കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ 1,247 കൊഡിയാക്കുകള്‍ സ്‌കോഡ വിറ്റഴിച്ചു.
പെര്‍ഫോമന്‍സ് വാഹനപ്രേമികളെ ലക്ഷ്യമിട്ട് പരിമിതമായി അളവില്‍ പുറത്തിറക്കിയ ഒക്ടാവിയ RS തല്‍ക്ഷണം ഹിറ്റായി. ഇന്ത്യക്കായി അനുവദിച്ച 100 യൂണിറ്റുകളും വില പ്രഖ്യാപനത്തിന് മുമ്പേ തന്നെ വിറ്റു തീര്‍ന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഈ കാറുകള്‍ വിതരണം ചെയ്തു. വണ്ടിപ്രാന്തന്‍മാരില്‍ നിന്നുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത് സമീപഭാവിയില്‍ ഒക്ടാവിയ RS-ന്റെ കൂടുതല്‍ ബാച്ചുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സ്‌കോഡക്ക് പദ്ധതിയുണ്ട്.

പുതുവര്‍ഷത്തില്‍ പുതിയ ഫെയ്സ്ലിഫ്റ്റ് മോഡലുകളിലൂടെ വിപണിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാനാണ് സ്‌കോഡയുടെ ശ്രമം. സുരക്ഷയ്ക്കും ഡ്രൈവിംഗ് നിലവാരത്തിനും മുന്‍ഗണന നല്‍കുന്ന കമ്പനിയുടെ പുതിയ മോഡലുകളില്‍ ജനങ്ങള്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്. ഒപ്പം കൈലാക് വരും മാസങ്ങളിലും ഷോറൂമിലേക്ക് ജനങ്ങളെ ആകര്‍ഷിക്കും. കൈലാക് സ്‌കോഡയുടെ ഭാഗ്യനക്ഷത്രമാകുമ്പോള്‍ മലയാളികള്‍ക്കും അഭിമാനിക്കാം. കാസര്‍ഗോഡുകാരന്‍ സിയാദാണ് സ്‌കോഡ എസ്‌യുവിക്ക് പേരിട്ടത്. മലയാളി പേരിട്ട വണ്ടിയായതിനാല്‍ ഒട്ടും മോശമാകില്ലെല്ലോ എന്ന നമുക്ക് അല്‍പ്പം ഗമയോടെ പറയാം.


Click it and Unblock the Notifications








