റേസിംഗ് ഡിഎൻഎയും 4x4 കരുത്തുമായി കൊഡിയാക് RS വിപണിയിലേക്ക്! ഇന്ത്യയിലെ ആദ്യ 7-സീറ്റർ RS മോഡലിനെ കുറിച്ചുള്ള പ്
ആഡംബര ഹൈ-പെര്‍ഫോമന്‍സ് വാഹന വിപണിയിലെ സ്ഥാനം മെച്ചപ്പെടുത്താനായി ചെക്ക് റിപ്പബ്ലിക്കന്‍ ബ്രാന്‍ഡായ സ്‌കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ കൊഡിയാക് RS എസ്‌യുവി രാജ്യത്ത് ഔദ്യോഗികമായി അവതരിപ്പിച്ചു. കമ്പനിയുടെ വിഖ്യാതമായ പെര്‍ഫോമന്‍സ് നിരയിലേക്ക് എത്തുന്ന പുതിയ മോഡലാണിത്. ഈ അത്യാധുനിക ലക്ഷ്വറി 7-സീറ്റര്‍ എസ്‌യുവിക്കായുള്ള ബുക്കിംഗുകള്‍ ജൂണ്‍ 22 മുതല്‍ ആരംഭിക്കും. ആഗോളതലത്തില്‍ സ്‌കോഡയുടെ 50 വര്‍ഷത്തെ RS പാരമ്പര്യവും 125 വര്‍ഷത്തിലധികം നീളുന്ന മോട്ടോര്‍സ്പോര്‍ട്ട് പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ പുതിയ വേരിയന്റ്.
ഇന്ത്യയില്‍ ആദ്യമായാണ് സ്‌കോഡ തങ്ങളുടെ പ്രശസ്തമായ 'RE' (Rally Sport) ബാഡ്ജ് 7 സീറ്റര്‍ കാറിന് ലഭിക്കുന്നത്. രാജ്യത്ത് ഇതുവരെ വിപണിയിലിറങ്ങിയിട്ടുള്ള സ്‌കോഡ വാഹനങ്ങളില്‍ വെച്ച് ഏറ്റവും വേഗതയേറിയ മോഡല്‍ കൂടിയായിരിക്കും ഈ പുതിയ കോഡിയാക് RS പതിപ്പെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു.

4x4 കരുത്തും മെക്കാനിക്കൽ പരിഷ്‌കാരങ്ങളും
മുമ്പ് വിപണിയിലുണ്ടായിരുന്ന ഒക്ടാവിയ RS മോഡല്‍ വെറും 20 മിനിറ്റിനുള്ളില്‍ വിറ്റുതീര്‍ന്ന ചരിത്ര പാരമ്പര്യം ഇന്ത്യയിലെ വാഹന പ്രേമികള്‍ക്കിടയില്‍ ഈ ബ്രാന്‍ഡിനുള്ള ശക്തമായ സ്വാധീനത്തെയാണ് വരച്ചുകാണിക്കുന്നതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. അത്യാധുനിക എഞ്ചിനീയറിംഗിന്റെ കരുത്തില്‍ നിര്‍മ്മിച്ച ഈ ലക്ഷ്വറി എസ്‌യുവിയില്‍ ഏത് ദുഷ്‌കരമായ ഭൂപ്രകൃതിയിലും മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നതിനായി ശക്തമായ '4x4' (ഫോര്‍-ബൈ-ഫോര്‍) ഓള്‍-വീല്‍ ഡ്രൈവ് സംവിധാനം ലഭിക്കുന്നു.
ഇത് വാഹനത്തിന്റെ ഓഫ്-റോഡ് ശേഷിയും സ്റ്റെബിലിറ്റിയും വലിയ രീതിയില്‍ വര്‍ദ്ധിപ്പിക്കും. റേസിംഗ് ഡിഎന്‍എയും പ്രായോഗികതയും ഒരേപോലെ ഒത്തുചേരുന്ന ഈ പുതിയ പാക്കേജ് വഴി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആവേശകരമായ ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി. ഉയര്‍ന്ന നിയന്ത്രണം ഉറപ്പാക്കുന്നതിനായി കാറിന്റെ സസ്‌പെന്‍ഷന്‍ സംവിധാനങ്ങളിലും ബ്രേക്കുകളിലും ആവശ്യമായ പ്രത്യേക മെക്കാനിക്കല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.
ലക്ഷ്വറി സെഗ്‌മെന്റിലെ പുതിയ തന്ത്രങ്ങൾ
ആഗോള വിപണിയില്‍ സ്‌കോഡയുടെ RS മോഡലുകള്‍ ഹാന്‍ഡ്ലിംഗിനും മികച്ച ഡൈനാമിക് പെര്‍ഫോമന്‍സിനും പേരുകേട്ടവയാണ്. ആ ഫിലോസഫിയാണ് ഈ പുത്തന്‍ അവതരണത്തിലൂടെ കമ്പനി ഇന്ത്യയിലെ ലക്ഷ്വറി എസ്‌യുവി സെഗ്മെന്റിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുന്നത്. വിപണിയിലെ വളര്‍ച്ച ഉറപ്പാക്കുന്നതിനായി മറ്റ് ബ്രാന്‍ഡുകളില്‍ നിന്നും വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത് ഇന്ത്യയിലേക്ക് വരുന്നത്.
പ്രീമിയം ലുക്കും സ്‌പോര്‍ട്ടി ക്യാബിനും ആഗ്രഹിക്കുന്ന വരേണ്യവര്‍ഗക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ വാഹനം ഒരുക്കിയിട്ടുള്ളത്. മോട്ടോര്‍സ്പോര്‍ട്ടുമായുള്ള ദീര്‍ഘകാലത്തെ ബന്ധം തെളിയിക്കുന്നതിനായി അടുത്തിടെ കൈലാക്, കുഷാക്, സ്ലാവിയ, ഒക്ടാവിയ ആര്‍എസ്, കോഡിയാക് എന്നിവയുള്‍പ്പെടെയുള്ള തങ്ങളുടെ മുഴുവന്‍ വാഹന നിരയും സ്‌കോഡ കോയമ്പത്തൂരിലെ കോസ്റ്റ് (COASTT) ട്രാക്കില്‍ അണിനിരത്തിയിരുന്നു.
അവിടെ വെച്ച് ഒരൊറ്റ കമ്പനിയുടെ വിവിധ കാറുകള്‍ ഏറ്റവും വേഗത്തില്‍ ട്രാക്ക് പൂര്‍ത്തിയാക്കുന്ന 'ഫാസ്റ്റസ്റ്റ് മള്‍ട്ടി-കാര്‍ റിലേ' എന്ന പുതിയ ഇന്ത്യ ആന്റ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡും സ്‌കോഡ സ്വന്തമാക്കിയിരുന്നു. ഈ അഞ്ച് വാഹനങ്ങളും ചേര്‍ന്ന് വെറും 12:30.97 മിനിറ്റിലാണ് ഈ ലാപ്‌ടൈം റെക്കോര്‍ഡ് പൂര്‍ത്തിയാക്കിയത്.
ശക്തമായ വിതരണ ശൃംഖലയും ഭാവി പ്രതീക്ഷകളും
2001 മുതല്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ സജീവ സാന്നിധ്യമായ സ്‌കോഡ ഓട്ടോ ഇന്ത്യയ്ക്ക് നിലവില്‍ രാജ്യത്തെ 185 നഗരങ്ങളിലായി 335-ലധികം കസ്റ്റമര്‍ ടച്ച് പോയിന്റുകളുടെ ശക്തമായ ശൃംഖലയുണ്ട്. കഴിഞ്ഞ വര്‍ഷം 72,665 കാറുകള്‍ വിറ്റഴിച്ച് 107 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.
നിലവില്‍ വിപണിയിലുള്ള കൈലാക്, സ്ലാവിയ, കുഷാക്, കോഡിയാക് എന്നീ മോഡലുകള്‍ക്ക് പുറമെ ഈ പുതിയ RS പതിപ്പ് കൂടി എത്തുന്നതോടെ പ്രീമിയം വിപണിയില്‍ തങ്ങളുടെ വില്‍പ്പന ഇനിയും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. വരും ദിവസങ്ങളില്‍ വാഹനത്തിന്റെ വില വിവരങ്ങള്‍ കമ്പനി പുറത്തുവിടും.


Click it and Unblock the Notifications