മൈലേജില്‍ കളി മാറ്റാന്‍ സ്‌കോഡ! കൈലാക് സിഎന്‍ജി വരുന്നു; ജനപ്രീതി 'മുതലെടുക്കാന്‍' തന്നെ തീരുമാനം
ഇന്ത്യന്‍ വിപണിയില്‍ ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് ആയ സ്‌കോഡയുടെ തുറുപ്പുചീട്ടാണ് കൈലാക്. നിലവില്‍ കമ്പനിയുടെ വില്‍പ്പനയുടെ സിംഹഭാഗവും സംഭാവന ചെയ്യുന്നത് കൈലാക് ആണ്. അത്യന്ത്യം മത്സരം നിറഞ്ഞ സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലാണ് കൈലാഖ് മത്സരിക്കുന്നത്. അവിടെ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3XO എന്നീ എതിരാളികള്‍ ഒന്നിലേറെ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. കൈലാക് ആണെങ്കില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തില്‍ കോംപാക്ട് എസ്‌യുവിയുടെ സിഎന്‍ജി പതിപ്പ് പുറത്തിറക്കാന്‍ സ്‌കോഡ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
നിലവില്‍ കൈലാക്കിന് ലഭിക്കുന്ന വന്‍ ജനപ്രീതി മുതലാക്കി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് സ്‌കോഡയുടെ നീക്കം. ഇതിന്റെ ഭാഗമായി വാഹനത്തിന്റെ സിഎന്‍ജി വേരിയന്റിന്റെ കാര്യം കമ്പനി ഇപ്പോള്‍ ഗൗരവമായി പരിഗണിച്ച് വരികയാണ്. കൈലാക്കിന്റെ സെഗ്‌മെന്റില്‍ സിഎന്‍ജി സ്വീകാര്യത ഏകദേശം 20 ശതമാനമായതിനാല്‍ തന്നെ ഇത് ശരിയായ തീരുമാനമായി ന്യായീകരിക്കാം. മാരുതി, ഹ്യുണ്ടായി, ടാറ്റ തുടങ്ങിയ എതിരാളികളെല്ലാം അവരുടെ പോര്‍ട്‌ഫോളിയോയില്‍ സിഎന്‍ജി വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

മാരുതി ഡീസല്‍ എഞ്ചിന്‍ നിര്‍ത്തലാക്കിയതിന്റെ വിടവ് നികത്തിയത് സിഎന്‍ജി കാര്‍ വില്‍പ്പനയിലൂടെയാണ്. കൂടാതെ മതിയായ സിഎന്‍ജി ഫില്ലിംഗ് സ്‌റ്റേഷനുകള്‍ ഉള്ള നഗരങ്ങളില്‍ ബജറ്റ് അവബോധമുള്ള ഉപഭോക്താക്കള്‍ സിഎന്‍ജി കാറുകള്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ കൈലാക്കിലുള്ള TSI മോട്ടോര്‍ സിഎന്‍ജി കിറ്റ് ഘടിപ്പിച്ച് പരീക്ഷിച്ചു വരികയാണെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് കാര്‍വാലെ റിപ്പോര്‍ട്ട് ചെയ്തു.
മറ്റ് മുന്‍നിര നിര്‍മാതാക്കളെ പോലെ കമ്പനി അംഗീകൃത റെട്രോഫിറ്റ് സിഎന്‍ജി കിറ്റായിരിക്കും സ്‌കോഡ ഇതില്‍ അവതരിപ്പിക്കുക. സ്റ്റാന്‍ഡേര്‍ഡ് വാഹന വാറണ്ടിക്ക് പുറമെ സിഎന്‍ജി കിറ്റിന് പ്രത്യേക വാറണ്ടി പരിരക്ഷയും കമ്പനി ഉറപ്പ് നല്‍കും. സാധാരണയായി സിഎന്‍ജിയിലേക്ക് മാറ്റുമ്പോള്‍ വാഹനത്തിന്റെ പവര്‍ കുറയാറുണ്ട്. നിലവില്‍ കൈലാക്കിന്റെ പെട്രോള്‍ എഞ്ചിന്‍ 114 bhp പവറാണ് നല്‍കുന്നത്. എന്നാല്‍ സിഎന്‍ജി പതിപ്പില്‍ ഔട്ട്പുട്ട് ഇതിനേക്കാള്‍ കുറവായിരിക്കാനാണ് സാധ്യത.
ചെലവ് കുറയ്ക്കുന്നതിനും സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിനുമായി കൈലാക് സിഎന്‍ജി മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമായിരിക്കും കമ്പനി വിപണിയിലെത്തിക്കുക. റെട്രോഫിറ്റ് സിഎന്‍ജി കിറ്റ് ഓഫര്‍ ചെയ്യുന്ന നിസാന്‍ മാഗ്‌നൈറ്റില്‍ പക്ഷേ എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം കമ്പനി ഒരുക്കുന്നുണ്ട്. സിഎന്‍ജി പതിപ്പ് കൂടി എത്തുന്നതോടെ കൈലാക്കിന് മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയടക്കമുള്ള എതിരാളികളുമായുള്ള മത്സരം കടുപ്പിക്കാം.
ഇക്കഴിഞ്ഞ ദിവസം രണ്ട് പുതിയ വേരിയന്റുകള്‍ ചേര്‍ത്ത് കൈലാക് നിര സ്‌കോഡ വിപുലീകരിച്ചിരുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാകുന്ന ക്ലാസിക് പ്ലസ് (Classic+), പ്രസ്റ്റീജ് പ്ലസ് (Prestige+) എന്നിവയാണ് പുതിയ വേരിയന്റുകള്‍. ഇത് കൂടാതെ സ്‌പോര്‍ട്ട് ലൈന്‍ (Sportline) എന്നൊരു പുതിയ പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൈലാക് സ്‌പോര്‍ട്ട് ലൈന്‍ വേരിയന്റ് ഈ കലണ്ടര്‍ വര്‍ഷത്തിന്റെ മൂന്നാം പാദത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്‌യുവിയുടെ സ്‌പോര്‍ട്ടിയര്‍ പതിപ്പായിരിക്കും ഇത്.

പുതുവര്‍ഷത്തില്‍ സ്‌കോഡ കൈലാക്കിന്റെ വിലയില്‍ മാറ്റം വരുത്തിയിരുന്നു. വേരിയന്റുകള്‍ക്ക് അനുസരിച്ച് 15,000 രൂപ വരെയാണ് വര്‍ദ്ധിപ്പിച്ചത്. 2026 ജനുവരി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. നിര്‍മ്മാണ ചെലവിലെ കൂടിയതാണ് വില പരിഷ്‌കരണത്തിനുള്ള പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. വില കൂടിയിട്ടും വിപണിയില്‍ നിന്ന് മികച്ച പ്രതികരണനമാണ് കൈലാക്കിന് ലഭിക്കുന്നത്. നിലവില്‍ സിഎന്‍ജി വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ മികച്ച ഡിമാന്‍ഡ് ഉള്ളതിനാല്‍ കൈലാക്കിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കുന്നത് ബുദ്ധിപരമായ തീരുമാനമാണ്.
കുറഞ്ഞ ഇന്ധനച്ചെലവില്‍ പ്രീമിയം എസ്‌യുവി അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് കൈലാക് സിഎന്‍ജി ഒരു മികച്ച ഓപ്ഷനായിരിക്കും. ടര്‍ബോ എഞ്ചിനൊപ്പം സിഎന്‍ജി കൂടി ചേരുമ്പോള്‍ പെര്‍ഫോമന്‍സിലും മൈലേജിലും മികച്ച ബാലന്‍സ് കൊണ്ടുവരാന്‍ സ്‌കോഡ ശ്രമിക്കുന്നുണ്ട്. വാഹനത്തിന്റെ ലോഞ്ച് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും മാസങ്ങളില്‍ പ്രതീക്ഷിക്കാം. സിഎന്‍ജി പതിപ്പിന്റെ വിലയും മറ്റ് സവിശേഷതകളും വില പ്രഖ്യാപനം അടുക്കുന്ന മുറയ്ക്ക് വെളിപ്പെടുത്തും.


Click it and Unblock the Notifications








