₹8 ലക്ഷത്തില്‍ താഴെ വിലയുള്ള SUV 70,000 രൂപ ഡിസ്‌കൗണ്ടില്‍ വിറ്റ് തീര്‍ക്കുന്നു! 5-സ്റ്റാര്‍ സേഫ്റ്റിയുമുണ്ട്
നിങ്ങള്‍ പുതിയ കോംപാക്ട് എസ്‌യുവി വാങ്ങാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ പോക്കറ്റ് ചോരാതെ തന്നെ ഒരു ഫോറിന്‍ കാര്‍ സ്വന്തമാക്കാന്‍ ഒരു മികച്ച അവസരം വന്നെത്തിയിട്ടുണ്ട്. ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് ആയ സ്‌കോഡയുടെ ജനപ്രിയ മോഡലായ കൈലാക്കിന് (Skoda Kylaq) 2026 മാര്‍ച്ച് മാസത്തില്‍ വന്‍ വില കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ചിലെ ഈ ബമ്പര്‍ ഓഫറിലൂടെ 70,000 രൂപ വരെ ലാഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുമെന്ന് ഓട്ടോപണ്ഡിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഡല്‍ ഇയര്‍ അനുസരിച്ചാണ് ഡിസ്‌കൗണ്ടുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ മാസത്തെ കൈലാക്കിന്റെ ഓഫറും സബ് 4 മീറ്റര്‍ എസ്‌യുവിയുടെ സവിശേഷതകളും ചുവടെ വിശദമായി വായിക്കാം.
MY25 കൈലാക് മോഡലുകള്‍ക്ക് സ്‌കോഡ പരമാവധി 70,000 രൂപ വരെ കിഴിവ് ലഭിക്കും. അതേസമയം, 2026-ലെ ഏറ്റവും പുതിയ മോഡലുകള്‍ക്ക് 20,000 രൂപയുടെ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കോര്‍പറേറ്റ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയാണ് ഈ വര്‍ഷത്തെ മോഡലുകളുടെ ഓഫറില്‍ ഉള്‍പ്പെടുന്നത്. കൈലാക്കിന്റെ MY2025 കാറുകള്‍ക്കുള്ള ഓഫറുകള്‍ വേരിയന്റുകള്‍ക്കും ഡീലര്‍ സ്‌റ്റോക്കിനെയും ആശ്രയിച്ചിരിക്കും.

കൈലാക്കിനെ കൂടാതെ സ്‌കോഡ സ്ലാവിയ, കുഷാഖ്, കൊഡിയാക് എന്നീ മോഡലുകളും ഇപ്പോള്‍ വമ്പന്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാം. ഇതില്‍ കൊഡിയാക് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 5 ലക്ഷം രൂപ വരെ ലാഭിക്കാന്‍ അവസരമുണ്ട്. സ്ലാവിയ സെഡാനിന് 1.50 ലക്ഷം രൂപ വരെയും കുഷാഖ് എസ്‌യുവിക്ക് 2 ലക്ഷം രൂപ വരെയുമാണ് കിഴിവ് ലഭിക്കുക.
കൈലാക്കിലേക്ക് മടങ്ങി വന്നാല്‍ യൂറോപ്യന്‍ ഡിസൈന്‍ ശൈലിയാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ബോഡി കളര്‍ മിററുകള്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍ എന്നിവ വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നു. 16 ഇഞ്ച് സ്റ്റീല്‍ വീലുകളും വീല്‍ കവറുകളും ഇതിന്റെ കരുത്താര്‍ന്ന രൂപത്തിന് മാറ്റുകൂട്ടുന്നു. മറ്റ് സ്‌കോഡ കാറുകളെ പോലെ ഫീച്ചര്‍ സമ്പന്നമായ ക്യാബിനാണ് ഈ എന്‍ട്രി ലെവല്‍ എസ്‌യുവിക്കും ലഭിക്കുന്നത്.

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീല്‍, അത്യാധുനിക ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ കൈലാക്കില്‍ മികച്ച ഇന്റീരിയര്‍ അനുഭവം നല്‍കുന്നു. കൂടാതെ മാനുവല്‍ എസി, അഡ്ജസ്റ്റബിള്‍ ഹെഡ്റെസ്റ്റുകള്‍ എന്നിവ യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് കുടുംബ യാത്രകള്‍ക്ക് ഏറെ അനുയോജ്യമായ വാഹനമാണ്. കുടുംബത്തോടൊപ്പം സുരക്ഷിതമായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൈലാക് മികച്ച ചോയ്‌സാണ്.
മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, 1.0 ലിറ്റര്‍ 3-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇത് 114 bhp പവറും 178 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സിറ്റി യാത്രകളും ദീര്‍ഘദൂര യാത്രകളും ഒരുപോലെ സുഖകരമാക്കാന്‍ തക്ക പെര്‍ഫോമന്‍സ് പുറത്തെടുക്കുന്ന ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

6 എയര്‍ബാഗുകള്‍, ഇബിഡിേയാട് കൂടിയ എബിഎസ്, ഇഎസ്സി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടിപിഎംഎസ്, മള്‍ട്ടി-കൊളിഷന്‍ ബ്രേക്കിംഗ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജ്, റിയര്‍-വ്യൂ ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളാണ് കൈലാക്കിന്റെ സേഫ്റ്റി സ്യൂട്ടില്‍ വരുന്നത്.
കരുത്തുറ്റ ബോഡി സ്ട്രക്ച്ചറും സുരക്ഷാ ക്രമീകരണങ്ങളും കുടുംബത്തോടൊപ്പം സുരക്ഷിതമായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ കൈലാക്കിലേക്ക് അടുപ്പിക്കും.
നിലവില്‍ 7.59 ലക്ഷം മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് കൈലാക്കിന്റെ എക്‌സ്‌ഷോറൂം വില. കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, കിയ സോനെറ്റ് എന്നിവരോടാണ് കൈലാക് പ്രധാനമായും മത്സരിക്കുന്നത്. ഇതില്‍ ടാറ്റ നെക്‌സോണ്‍ ആണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ വിപണി ഭരിക്കുന്നത്. രാജ്യത്തെ നമ്പര്‍ 1 കാര്‍ അടക്കം മാറ്റുരയ്ക്കുന്ന സെഗ്‌മെന്റില്‍ മേല്‍ക്കൈ നേടാനാണ് സ്‌കോഡ മാര്‍ച്ചില്‍ ആകര്‍ഷകമായ ഓഫറുകള്‍ മുന്നോട്ട് വെക്കുന്നത്.
നഗരങ്ങള്‍ക്കും ഡീലര്‍ഷിപ്പുകള്‍ക്കും അനുസരിച്ച് ഓഫറുകളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു. അതിനാല്‍ വാഹനം വാങ്ങുന്നതിന് മുമ്പ് അടുത്തുള്ള സ്‌കോഡ ഡീലര്‍ഷിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ ഡിസ്‌കൗണ്ട് വിവരങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. സ്‌കോഡ കൈലാക് കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. അതുകൊണ്ട് ഒരു കോംപാക്ട് എസ്‌യുവി വാങ്ങാന്‍ പദ്ധതിയിടുന്ന ആരെങ്കിലും നിങ്ങളുടെ പരിചയത്തില്‍ ഉണ്ടെങ്കില്‍ ഈ വിവരം അവരെ അറിയിക്കുമല്ലോ.


Click it and Unblock the Notifications








