30 km/kg കിട്ടിയേക്കും? അമ്പരപ്പിക്കുന്ന മൈലേജിനൊപ്പം കരുത്തും കൂട്ടി സ്‌കോഡയുടെ 'തുറുപ്പുഗുലാന്‍' ഉടന്‍

ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിർതാക്കളായ സ്‌കോഡ (Skoda Auto India) തങ്ങളുടെ ഇന്ത്യന്‍ നിരയിലെ ബെസ്റ്റ് സെല്ലറായ കൈലാക് (Skoda Kylaq) കോംപാക്ട് എസ്‌യുവി മോഡല്‍ നിര വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. സബ്-4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റില്‍ ചുരുങ്ങിയ കാലം കൊണ്ട് തരംഗമായി മാറിയ കൈലാക്കിന്റെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കാനായി സ്‌കോഡ പുതിയ സ്‌പോര്‍ട്ടി പതിപ്പുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 62,000-ലധികം യൂണിറ്റുകള്‍ വിറ്റഴിച്ച് കൊണ്ട് രാജ്യത്തെ ബ്രാന്‍ഡിന്റെ ഏറ്റവും ജനപ്രിയ മോഡലായി ഇതിനകം തന്നെ കൈലാക് മാറിയിട്ടുണ്ട്.

നിലവിലുള്ള ജനപ്രീതി പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് കൂടുതല്‍ ആകര്‍ഷകമായ കൈലാക് സ്‌പോര്‍ട്ലൈന്‍ (Skoda Kylaq Sportline) വേരിയന്റ് ഈ വരുന്ന സെപ്റ്റംബറില്‍ വിപണിയില്‍ എത്തിക്കാന്‍ കമ്പനി തയാറെടുക്കുന്നതായി ഓട്ടോകാര്‍ ഇന്ത്യ (Autocar India) റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ വിപണിയിലുള്ള കുഷാഖ് സ്‌പോര്‍ട്ലൈന്‍, സ്ലാവിയ സ്‌പോര്‍ട്ലൈന്‍ മോഡലുകള്‍ക്ക് സമാനമായ പരിഷ്കാരങ്ങളോട് കൂടിയായിരിക്കും പുതിയ മോഡല്‍ എത്തുക.

skoda kylaq

പുതിയ സ്‌കോഡ കൈലാക് സ്‌പോര്‍ട്‌ലൈനിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലോഞ്ച് അടുക്കുമ്പോള്‍ മാത്രമേ കമ്പനി പുറത്തുവിടുകയുള്ളൂ. എന്നാല്‍ നമുക്ക് ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് കൈലാക് സ്‌പോര്‍ട്ലൈന്‍ പതിപ്പിന്റെ എക്‌സ്റ്റീരിയറില്‍ സ്‌പോര്‍ട്ടി ലുക്കിനായി ബ്ലാക്ക്ഡ് ഔട്ട് അലോയ് വീലുകളും ബ്ലാക്ക്ഡ്-ഔട്ട് ട്രിമ്മുകളും കമ്പനി ഉള്‍പ്പെടുത്തും. ഇതിനുപുറമെ ആന്റി-പിഞ്ച് സുരക്ഷാ ഫീച്ചറുള്ള ഇലക്ട്രിക് സണ്‍റൂഫും ഡ്യുവല്‍ ടോണ്‍ റൂഫും ഇതിലുണ്ടാകും.

കാറിന്റെ വശങ്ങളിലെ ഒആര്‍വിഎം (ORVM), ഡോര്‍ ഹാന്‍ഡിലുകള്‍, മുന്നിലെയും പിന്നിലെയും ബമ്പറുകളിലെ ഫാക്‌സ് സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയും കറുപ്പ് നിറത്തിലായിരിക്കും ഡിസൈന്‍ ചെയ്യുക. പിന്‍ഭാഗത്തിന്റെ മൊഞ്ച് കൂട്ടാനായി സ്‌മോക്ക്ഡ് എല്‍ഇഡി ടെയില്‍ലാമ്പുകളും സ്‌കോഡ പുതിയ സ്‌പോര്‍ട്ലൈന്‍ വേരിയന്റില്‍ പ്രത്യേകം സജ്ജീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്റ്റീരിയറിലെ ബ്ലാക്ക് ട്രീറ്റ്‌മെന്റ് കൈലാക് സ്‌പോര്‍ട്‌ലൈനിന്റെ അകത്തളത്തിലേക്കും വ്യാപിപ്പിക്കുമെന്നാണ് സൂചന.

പുത്തന്‍ സ്‌പോര്‍ട്ലൈന്‍ പതിപ്പില്‍ കറുപ്പ് നിറത്തിലുള്ള ഡാഷ്ബോര്‍ഡും സീറ്റുകളും അടങ്ങുന്ന 'ഓള്‍-ബ്ലാക്ക്' തീമും സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്ന ബ്ലാക്ക് അലുമിനിയം പെഡലുകളും സജ്ജീകരിക്കും. അതേസമയം വാഹനത്തിന്റെ ഇന്റീരിയറിലെ മറ്റ് അടിസ്ഥാന ലേഔട്ടുകളിലോ നിലവിലെ പ്രധാന ഫീച്ചറുകളുടെ ലിസ്റ്റിലോ കമ്പനി മറ്റ് മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യതയില്ല. പുതിയ സ്‌പോര്‍ട്ലൈന്‍ മോഡലിലും വിശ്വസനീയമായ അതേ 1.0 ലീറ്റര്‍, ത്രീ-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ തന്നെയായിരിക്കും കമ്പനി നിലനിര്‍ത്തുക.

മികച്ച ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പരമാവധി 115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ കരുത്തുറ്റ എഞ്ചിനോടൊപ്പം 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇതിനുപുറമെ, ഇന്ത്യന്‍ വാഹന പ്രേമികളെ ഏറെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു വലിയ വാര്‍ത്തയും സ്‌കോഡ പുറത്തുവിട്ടിട്ടുണ്ട്.

കൂടുതല്‍ പവര്‍ ആഗ്രഹിക്കുന്നവർക്കായി കരുത്തുറ്റ 1.5 ലിറ്റര്‍ TSI എഞ്ചിന്‍ ഘടിപ്പിച്ച കൈലാക്കിന്റെ പുതിയ പതിപ്പ് കൂടി വിപണിയിലെത്തിക്കുന്നതിനെ കുറിച്ച് കമ്പനി ആലോചിക്കുന്നുണ്ട്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പിനായി വിപണിയില്‍ നിന്നും ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ആവശ്യവും ഉയരുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

എന്നിരുന്നാലും ഈ വലിയ പ്രൊജക്റ്റിന് ആവശ്യമായി വരുന്ന നിക്ഷേപവും അതില്‍ നിന്ന് ലഭിക്കുന്ന ലാഭവും വിശകലനം ചെയ്ത ശേഷമേ ഇതില്‍ അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമാവധി 150 hp പവറും 178 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുള്ള ഈ 1.5 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ എഞ്ചിന്‍ സ്‌കോഡ കുഷാഖ് മിഡ്‌സൈസ് എസ്‌യുവിയില്‍ ലഭ്യമാണ്.

കൈലാക് മോഡല്‍ നിരയെ കൂടുതല്‍ ജനപ്രിയമാക്കുന്നതിനായി ഭാവിയില്‍ ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കുന്ന സിഎന്‍ജി (CNG) പതിപ്പും അതോടൊപ്പം പുതിയ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും അവതരിപ്പിക്കാന്‍ സ്‌കോഡയ്ക്ക് പദ്ധതിയുണ്ട്. ഡീലര്‍ഷിപ്പ് ലെവല്‍ റെട്രോഫിറ്റ് കിറ്റായിട്ടായിരിക്കും സിഎന്‍ജി ഓപ്ഷന്‍ ലഭ്യമാക്കുക. ഈ പുത്തന്‍ സിഎന്‍ജി കിറ്റ് പ്രധാനമായും മാനുവല്‍ ഗിയര്‍ബോക്സ് മോഡലുകളില്‍ മാത്രമായിരിക്കും ലഭ്യമാകുകയെന്നാണ് സൂചന.

കൈലാക് സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് ഏകദേശം 25 മുതല്‍ 30 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിലെ ഈ പുതിയ പരിഷ്‌കാരങ്ങള്‍ കൈലാക്കിനെ സെഗ്‌മെന്റിലെ കരുത്തരായ ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നിവയുമായി കൂടുതല്‍ മത്സരക്ഷമതയോടെ നിലനില്‍ക്കാന്‍ സഹായിക്കും. മാത്രമല്ല ഇത് സബ് കോംപാക്ട് എസ്‌യുവിയുടെ വില്‍പ്പന ഗണ്യമായി ഉയര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നു.

Article Published On: Friday, June 12, 2026, 13:00 [IST]
English summary
Skoda kylaq sportline launch september powerful 1 5 tsi engine cng versions under consideration
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X