മലപോലെ വന്നത് എലി പോലെ പോകുമോ? ടാറ്റ കാറിന്റെ വില്‍പ്പന ഇടിഞ്ഞത് പകുതിയിലേറെ, കാരണം അറിയണ്ടേ
മലപോലെ വന്നത് എലി പോലെ പോയി എന്ന് പറയുന്ന ചൊല്ല് ഏറെക്കുറെ യോജിക്കുന്ന ഒരു കാര്‍ മോഡലാണ് ടാറ്റ കര്‍വ്. ഇന്ത്യന്‍ നിരത്തുകളില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതിയിരുന്ന ടാറ്റയുടെ സ്‌റ്റൈലിഷ് എസ്‌യുവി കൂപ്പെ വില്‍പ്പനയില്‍ കനത്ത തിരിച്ചടി നേരിടുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ച സ്വീകാര്യതയെ തുടർന്ന് വില്‍പ്പന കുതിച്ചുയരുമെന്ന് കരുതിയെങ്കിലും, 2026 മാര്‍ച്ചിലെ കണക്കുകള്‍ ടാറ്റ മോട്ടോര്‍സിനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. കഴിഞ്ഞ വര്‍ഷം ചരക്കുസേവന നികുതിയില്‍ (ജിഎസ്ടി) വരുത്തിയ പരിഷ്‌കാരങ്ങള്‍ വഴി വലിയ വിലക്കുറവ് ലഭിച്ചിട്ടും കര്‍വിന്റെ വില്‍പ്പന ഗ്രാഫ് താഴേക്ക് പതിക്കുകയാണ്.
2026 മാര്‍ച്ചില്‍ വെറും 1,602 കര്‍വ് മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാനായത്. കഴിഞ്ഞ മാസം ടാറ്റയുടെ മൊത്തം പാസഞ്ചര്‍ കാര്‍ വില്‍പ്പന 66,192 യൂണിറ്റായിരുന്നു. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ കമ്പനിയുടെ നട്ടെല്ലാകുമെന്ന് കരുതപ്പെട്ടിരുന്ന മോഡല്‍ കമ്പനിയുടെ വില്‍പ്പനയുടെ വെറും മൂന്ന് ശതമാനം പോലും സംഭാവന ചെയ്യുന്നില്ല.

2025 മാര്‍ച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ കര്‍വിന്റെ വില്‍പ്പനയില്‍ 58 ശതമാനത്തിന്റെ വമ്പന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2025 മാര്‍ച്ചില്‍ 3,785 യൂണിറ്റായിരുന്നു കര്‍വിന്റെ വില്‍പ്പന. മുന്‍ മാസമായ 2026 ഫെബ്രുവരിയുമായി തട്ടിച്ച്‌നോക്കുമ്പോഴും വില്‍പ്പന കുറവാണ്. 1755 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ടാറ്റയുടെ മറ്റ് രണ്ട് ജനപ്രിയ എസ്‌യുവികളായ നെക്സോണ്‍, പഞ്ച് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ കര്‍വ് വില്‍പ്പനയില്‍ ബഹുദൂരം പിന്നിലാണ്.കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടിയില്‍ വരുത്തിയ മാറ്റങ്ങളെ തുടര്‍ന്ന് എസ്‌യുവി കൂപ്പെയ്ക്ക് 65,000 രൂപയോളം വിലക്കുറവ് ലഭിച്ചിരുന്നു. തല്‍ഫലമായി സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വില്‍പ്പന നേരിയ തോതില്‍ വര്‍ദ്ധിച്ചിരുന്നെങ്കിലും പിന്നീട് അത് താഴേക്ക് പോയി.

2025 അവസാന പാദത്തെ അപേക്ഷിച്ച് 2026-ന്റെ തുടക്കത്തില്‍ വില്‍പ്പനയില്‍ നേരിയ പുരോഗതി ദൃശ്യമാകുന്നത് കമ്പനിക്ക് ആശ്വാസം നല്‍കുന്നുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്ക് പുറമെ ഇലക്ട്രിക് പതിപ്പിലും (Curvv.ev) ടാറ്റ കര്‍വ് ലഭ്യമാണ്. സ്മാര്‍ട്ട്, പ്യൂര്‍, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് എന്നിങ്ങനെ നാല് പ്രധാന വേരിയന്റുകളിലാണ് പെട്രോള്‍/ഡീസല്‍ മോഡലുകള്‍ എത്തുന്നത്. നിലവില്‍ 9.70 ലക്ഷം മുതല്‍ 19.10 ലക്ഷം രൂപ വരെയാണ് ടാറ്റ കര്‍വിന്റെ ഐസിഇ പതിപ്പുകളുടെ എക്‌സ്‌ഷോറൂം വില വരുന്നത്.
അതേസമയം കര്‍വ് ഇവിയുടെ വില ബേസ് വേരിയന്റിന്റെ വില 17.49 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 22.24 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരും. കൂപ്പെ സ്‌റ്റൈലിലുള്ള വ്യത്യസ്തമായ ഡിസൈന്‍ വിപണിയില്‍ പുതിയൊരു പരീക്ഷണമാണെങ്കിലും, ഉയര്‍ന്ന വിലയാണ് വില്‍പ്പന കുറയാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, കഴിഞ്ഞ ഏതാനും മാസങ്ങളായി വില്‍പ്പനയില്‍ ഉണ്ടായ ചെറിയ തോതിലുള്ള വര്‍ദ്ധനവ് വരും മാസങ്ങളിലും തുടരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

അത്യാധുനിക സേഫ്റ്റി ഫീച്ചറുകളും കരുത്തുറ്റ എഞ്ചിനുകളുമാണ് കര്‍വ്വിന്റെ പ്രത്യേകത. ഡാര്‍ക്ക് എഡിഷന്‍ ഉള്‍പ്പെടെയുള്ള സ്‌റ്റൈലിഷ് മോഡലുകള്‍ വിപണിയില്‍ ലഭ്യമാണ്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും പനോരമിക് സണ്‍റൂഫ് പോലുള്ള ഫീച്ചറുകളും പ്രീമിയം ലുക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും വില്‍പ്പന കണക്കുകള്‍ വലിയ വെല്ലുവിളിയായി തുടരുകയാണ്.കര്‍വിന്റെ വില്‍പ്പന ഉയര്‍ത്താനായി ഈ മാസം കമ്പനി ലക്ഷങ്ങള്‍ മൂല്യമുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ മാസം കര്‍വ് ഇവി വാങ്ങുന്നവര്‍ക്ക് 3.45 ലക്ഷം രൂപ വരെ ലാഭിക്കാന്‍ അവസരമുണ്ട്.
എന്‍ട്രി ലെവല്‍ ക്രിയേറ്റീവ് 45 വേരിയന്റില്‍ ഓഫറുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കര്‍വിന് ഈ മാസം ലഭ്യമായ ഓഫറുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും ടെസ്റ്റ് ഡ്രൈവിനുമായി ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ടാറ്റ ഡീലര്‍ഷിപ്പുകളെ സമീപിക്കാവുന്നതാണ്.ഇന്ത്യന്‍ നിരത്തുകളില്‍ വേറിട്ടുനില്‍ക്കുന്ന ഡിസൈനായിട്ടും കര്‍വ്വ് നേരിടുന്ന ഈ തളര്‍ച്ച ടാറ്റ മോട്ടോര്‍സിനെ സംബന്ധിച്ചിടത്തോളം ഗൗരവകരമായ കാര്യമാണ്. വമ്പന്‍ ഓഫറുകള്‍ കൂടുതല്‍ ഉപഭോക്താക്കളെ ഷോറൂമില്‍ എത്തിക്കുമോ എന്ന കാര്യം വരും മാസങ്ങളില്‍ അറിയാം.


Click it and Unblock the Notifications








