ടാറ്റയുടെ 'കരിമ്പുലികള്‍' നാട്ടിലിറങ്ങി; ഹാരിയര്‍, സഫാരി സ്‌റ്റെല്‍ത്ത് എഡിഷനുകളുടെ വില അറിയാം
ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് മോഡലുകളായ ഹാരിയര്‍, സഫാരി എസ്‌യുവികളുടെ ഏറ്റവും പുതിയതും ആകര്‍ഷകവുമായ 'സ്റ്റെല്‍ത്ത് എഡിഷന്‍' ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അത്യാധുനിക ഫീച്ചറുകളോടെ എത്തുന്ന ഹാരിയര്‍ സ്റ്റെല്‍ത്ത് പതിപ്പിന് വിപണിയില്‍ 23.43 ലക്ഷം രൂപയാണ് വില. അതേസമയം മുന്‍നിര മോഡലായ സഫാരിയുടെ സ്‌റ്റെല്‍ത്ത് പതിപ്പിന് 24.09 ലക്ഷം രൂപയുമാണ് പ്രാരംഭ എക്സ്ഷോറൂം വില വരുന്നത്.
ഹാരിയറിന്റെ ഫിയര്‍ലെസ് അള്‍ട്രാ, സഫാരിയുടെ അക്കംപ്ലിഷ്ഡ് അള്‍ട്രാ എന്നീ ഉയര്‍ന്ന വേരിയന്റുകളെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ ടാറ്റ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്‍പ് വളരെ പരിമിതമായ അളവുകളില്‍ മാത്രം ഇന്ത്യയില്‍ വിറ്റിരുന്ന ഈ ലിമിറ്റഡ് എഡിഷന്‍ ഇപ്പോള്‍ മെച്ചപ്പെട്ട രൂപത്തിലും കിടിലന്‍ ഫീച്ചറുകളോടെയും ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്താന്‍ പോകുകയാണ്.

കണ്ണഞ്ചിപ്പിക്കുന്ന 'സ്റ്റെല്‍ത്ത് ബ്ലാക്ക്' എന്ന അതിമനോഹരമായ കടും കറുപ്പ് നിറത്തിലാണ് ഈ സ്‌പെഷ്യല്‍ പതിപ്പ് വാഹനങ്ങളുടെ എക്‌സ്റ്റീരിയര്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. സൈഡ് പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള വലിയ 19 ഇഞ്ച് അലോയ് വീലുകള്‍ക്ക് ആകര്‍ഷകമായ 'മാറ്റ് സ്റ്റെല്‍ത്ത് ബ്ലാക്ക്' കളര്‍ ഫിനിഷിംഗാണ് നല്‍കിയിട്ടുള്ളത്. കൂടാതെ മുന്നിലെ ബോഡി ഫെന്‍ഡറുകള്‍ക്ക് മുകളിലായി കമ്പനി നല്‍കിയിട്ടുള്ള പ്രത്യേക 'സ്റ്റെല്‍ത്ത്' ബാഡ്ജ് ഈ എസ്യുവികള്‍ക്ക് കൂടുതല്‍ ഗാംഭീര്യം പകരുന്നു.
ബ്ലാക്ക് തീമിലുള്ള ലക്ഷ്വറി 'കാര്‍ബണ്‍ നോയിര്‍' ലെതറെറ്റ് സീറ്റുകളാണ് ഈ മോഡലിന്റെ അകത്തളത്തിലെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നായി പറയാവുന്നത്. ടെറെയ്ന്‍ റെസ്പോണ്‍സ് സിസ്റ്റം നിയന്ത്രിക്കുന്നതിനുള്ള സ്‌റ്റൈലിഷ് ഡയല്‍ ക്യാബിന്‍ തീമിനോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്നു. കൂടുതല്‍ സുന്ദരമാക്കുന്നു. ഒപ്പം ഫ്രണ്ട് സീറ്റുകളില്‍ വെന്റിലേഷന്‍, പവര്‍ അഡ്ജസ്റ്റ്മെന്റ് സൗകര്യങ്ങള്‍ക്കൊപ്പം യാത്രക്കാരുടെ സൗകര്യത്തിനായി അഡ്ജസ്റ്റബിള്‍ സെന്റര്‍ ആംറെസ്റ്റുകളും ഇതിലുണ്ട്.

മള്‍ട്ടിമീഡിയ ആവശ്യങ്ങള്‍ക്കായി വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള വലിയ 14.9-ഇഞ്ച് ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റമാണ് ഈ എസ്‌യുവികളുടെ പുതിയ പതിപ്പില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡോള്‍ബി അറ്റ്മോസ് പിന്തുണ ലഭിക്കുന്ന 13 സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റവും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. അലക്‌സ കണക്റ്റിവിറ്റിയോടെ പ്രവര്‍ത്തിക്കുന്ന വോയ്സ് അസിസ്റ്റഡ് പനോരമിക് സണ്‍റൂഫ് യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കുവാന്‍ സഹായിക്കും.
സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ടാറ്റ നൂതന സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ലെവല്‍-2 ADAS ഫീച്ചറുകളാണ് രണ്ട് എസ്യുവികളിലും നല്‍കിയിരിക്കുന്നത്. കൂടാതെ ഇടുങ്ങിയ ഇടങ്ങളില്‍ പാര്‍ക്കിംഗ് എളുപ്പമാക്കുന്നതിന് 360-ഡിഗ്രി ക്യാമറയും ലഭിക്കുന്നു. വ്യത്യസ്തമായ ഇന്ത്യന്‍ റോഡികളിലൂടെയുള്ള ഡ്രൈവിംഗ് ലളിതമാക്കി മാറ്റാനായി നോര്‍മല്‍, റഫ്, വെറ്റ് എന്നീ മൂന്ന് ഡ്രൈവിംഗ് ടെറൈന്‍ മോഡുകളും ഇതില്‍ വരുന്നു.

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടാറ്റ തങ്ങളുടെ ഈ സൂപ്പര്‍ സ്റ്റെല്‍ത്ത് ലിമിറ്റഡ് എഡിഷന്‍ കാറുകള്‍ ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിലൊന്ന് 170 hp പവറും 280 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കുന്ന മികച്ച 1.5 ലിറ്റര്‍ ഡയറക്ട് ഇന്‍ജക്ഷന്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ്. രണ്ടാമത്തേത് കഠിനമായ ഓഫ്‌റോഡ് യാത്രകള്‍ക്ക് ഉതകുന്നതും 170 hp പവറും 350 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നതുമായ കരുത്തുറ്റ 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനാണ്.
ട്രാഫിക് സാഹചര്യങ്ങള്‍ക്കനുസരിച്ച് നിയന്ത്രിക്കാന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ കൂടുതല്‍ ആയാസരഹിതമായ ലോങ്ങ് ഡ്രൈവുകള്‍ നല്‍കുവാന്‍ ശേഷിയുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. അത്യുഗ്രന്‍ റോഡ് പ്രെസന്‍സും മികച്ച ബിള്‍ഡ് ക്വാളിറ്റിയും ആഗ്രഹിക്കുന്ന ഇന്ത്യന്‍ എസ്‌യുവി പ്രേമികള്‍ക്കിടയില്‍ ഈ കറുത്ത മൊഞ്ചന്‍മാര്‍ ജനപ്രിയമായി മാറുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications