ചരിത്രത്തിലാദ്യമായി 10000 കടന്ന് ഇവി വിൽപ്പന! വിപണിയിൽ ടാറ്റ തരംഗം, 1 മാസം വിറ്റത് 59,000+ വാഹനങ്ങൾ
പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ ലിമിറ്റഡ് 2026 മെയ് മാസത്തില്‍ മികച്ച വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ പരമ്പരാഗത ഐസിഇ (ICE) വാഹനങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വിപണിയില്‍ ആവശ്യക്കാര്‍ ഏറിയതാണ് ഈ മികച്ച നേട്ടത്തിന് പിന്നില്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2026 മെയ് മാസത്തില്‍ ആകെ 59,790 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് ടാറ്റ മോട്ടോര്‍സ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 42,040 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വില്‍പ്പനയില്‍ 42.22 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ആഭ്യന്തര പാസഞ്ചര്‍ വാഹന വിപണിയിലേക്ക് മാത്രം 59,090 യൂണിറ്റുകള്‍ എത്തിക്കാന്‍ ടാറ്റ മോട്ടോര്‍സിന് കഴിഞ്ഞ മാസം കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇത് 41,557 യൂണിറ്റുകള്‍ മാത്രമായിരുന്നു. ഇതിലൂടെ ആഭ്യന്തര വിപണിയില്‍ മാത്രം കമ്പനി 42.19 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചു. ഇതേ കാലയളവില്‍ വിദേശ വിപണികളിലേക്കുള്ള കയറ്റുമതി 44.93 ശതമാനം വര്‍ദ്ധിച്ച് 700 യൂണിറ്റുകളായി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വാഹനങ്ങളുടെ റീട്ടെയില്‍ രജിസ്‌ട്രേഷനുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ 'വാഹന്‍' (VAHAN) പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം 50 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ചയാണ് ടാറ്റ സ്വന്തമാക്കിയത്. മൊത്തവ്യാപാരത്തില്‍ 42 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതോടെ, റീട്ടെയില്‍ രജിസ്‌ട്രേഷനുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കളെന്ന സ്ഥാനം ടാറ്റ ഊട്ടിയുറപ്പിച്ചു.
തൊട്ടുമുമ്പത്തെ മാസമായ 2026 ഏപ്രിലില്‍ ടാറ്റ ആഭ്യന്തര വിപണിയില്‍ 59,000 പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റഴിച്ചിരുന്നത്. അതിലൂടെ ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തില്‍ 90 യൂണിറ്റുകളുടെ ചെറിയ വര്‍ദ്ധനവ് നിലനിര്‍ത്താന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. മുന്‍മാസത്തെ അപേക്ഷിച്ച് 0.15 ശതമാനത്തിന്റെ നേരിയ വളര്‍ച്ചയാണ് നേടാനായതെങ്കിലും ടാറ്റ വാഹനങ്ങള്‍ക്ക് വിപണിയില്‍ സ്ഥിരം ഡിമാന്‍ഡ് അനുഭവപ്പെടുന്നുവെന്ന് ഇതില്‍ നിന്ന് മനസിലാക്കാം.
കമ്പനിയുടെ ഈ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് പ്രധാന അടിത്തറ പാകിയത് അവരുടെ ജനപ്രിയ എസ്യുവി (SUV) മോഡലുകള്‍ തന്നെയാണ്. പഞ്ച്, നെക്‌സോണ്‍, ഹാരിയര്‍, സഫാരി തുടങ്ങിയ എസ്യുവി മോഡലുകളുടെ വിവിധ വേരിയന്റുകള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ ലഭിക്കുന്ന ഉയര്‍ന്ന സ്വീകാര്യതയാണ് മെയ് മാസത്തിലും വലിയ വിപണി മുന്നേറ്റം നിലനിര്‍ത്താന്‍ ടാറ്റയെ സഹായിച്ചത്.
ഈ മെയ് മാസത്തിലെ ഏറ്റവും ശ്രദ്ധേയമായത് ടാറ്റ മോട്ടോര്‍സിന്റെ ഇലക്ട്രിക് വാഹനങ്ങളുടെ റെക്കോര്‍ഡ് പ്രകടനമാണ്. ആഭ്യന്തര വിപണിയിലും വിദേശത്തേക്ക് കയറ്റുമതിയി ചെയ്തതുമടക്കം ആകെ 10,517 ഇലക്ട്രിക് കാറുകളാണ് കമ്പനി കഴിഞ്ഞ മാസം വിറ്റഴിച്ചത്. 2025 മെയ് മാസത്തിലെ 5,685 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവി വില്‍പ്പനയില്‍ മാത്രം 85 ശതമാനത്തിന്റെ അതിശയിപ്പിക്കുന്ന വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി കൈവരിച്ചിട്ടുള്ളത്.
ടാറ്റ മോട്ടോര്‍സിന്റെ ചരിത്രത്തില്‍ ഒരു മാസത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഇവി വില്‍പ്പന വോളിയമാണിത്. ഇതോടെ ഇന്ത്യന്‍ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിപണിയിലെ തങ്ങളുടെ കുത്തക കൂടുതല്‍ ശക്തമാക്കാന്‍ കമ്പനിക്ക് സാധിച്ചു. ടാറ്റയുടെ നിലവിലുള്ള ഇലക്ട്രിക് വാഹന പോര്‍ട്ട്ഫോളിയോയില്‍ ഉള്‍പ്പെടുന്ന ടിയാഗോ ഇവി, പഞ്ച് ഇവി, നെക്‌സോണ്‍ ഇവി, ഹാരിയര്‍ ഇവി എന്നിവയ്ക്കുള്ള കനത്ത ഡിമാന്‍ഡാണ് ഈ നേട്ടത്തിന് പിന്നില്‍.
കയറ്റുമതിയിലും ടാറ്റക്ക് പോസിറ്റീവ് ഫലങ്ങളാണ് പോയ മാസം ലഭിച്ചത്. 2025 മെയ് മാസത്തില്‍ 483 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത സ്ഥാനത്ത് നിന്നും ഇത്തവണ 700 യൂണിറ്റുകളായി കയറ്റുമതി ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ആകെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതി വിഹിതം കുറവാണെങ്കിലും, വിദേശ വിപണികളില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള ടാറ്റയുടെ നിരന്തരമായ ശ്രമങ്ങളെയാണ് ഈ സ്ഥിരതയാര്‍ന്ന വര്‍ദ്ധനവ് കാണിക്കുന്നത്.
വര്‍ദ്ധിച്ചുവരുന്ന ആഭ്യന്തര റീട്ടെയില്‍ രജിസ്‌ട്രേഷനുകളും റെക്കോര്‍ഡ് ഇവി വില്‍പ്പനയും 2026 മെയ് മാസത്തില്‍ തങ്ങളുടെ വിപണി മുന്നേറ്റം നിലനിര്‍ത്താന്‍ വലിയ രീതിയില്‍ സഹായിച്ചതായി കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. വരും മാസങ്ങളില്‍ കൂടുതല്‍ പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിലൂടെയും ഇലക്ട്രിക് വാഹന നിര വിപുലീകരിക്കുന്നതിലൂടെയും ഈ സാമ്പത്തിക വര്‍ഷം മുഴുവന്‍ ഐസിഇ, ഇവി പാസഞ്ചര്‍ വാഹന വിപണിയില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ ടാറ്റ മോട്ടോര്‍സിന് സാധിക്കുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications