പെട്രോളടിച്ച് മുടിയില്ല, ചെലവ് പകുതി മതി! ടാറ്റയുടെ ആദ്യ ഫ്ലെക്സ് ഫ്യുവൽ കാർ ഈ വർഷം എത്തും

കഴിഞ്ഞ ദിവസം പൊതുമേഖല എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും 3 രൂപ വീതം കൂട്ടിയതോടെ പമ്പുകളില്‍ കയറുമ്പോള്‍ ദീര്‍ഘനിശ്വാസം വിടേണ്ട ഗതികേടിലാണ് സാധാരണക്കാരായ ജനങ്ങള്‍. എന്നാല്‍ ഇനി പെട്രോള്‍ പമ്പുകളില്‍ കയറി പഴ്‌സ് കാലിയാകുന്ന കാലം കഴിയാന്‍ പോകുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ഇനി വെറും പകുതി ചെലവില്‍ 100 ശതമാനം ശുദ്ധമായ എഥനോളില്‍ പായുന്ന പുത്തന്‍ കാറുകള്‍ ഇന്ത്യന്‍ റോഡുകള്‍ കീഴടക്കാന്‍ ഉടന്‍ എത്തും. 100% ശുദ്ധമായ എഥനോളില്‍ (E100) പ്രവര്‍ത്തിക്കുന്ന ഫ്ലെക്സ് ഫ്യുവല്‍ കാറുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ വരവറിയിക്കാന്‍ പോകുകയാണ്.

പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ക്ക് പകരമായി പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ബദല്‍ മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ പെട്രോളിലെ എഥനോള്‍ മിശ്രിതത്തിന്റെ അളവ് 20 ശതമാനത്തില്‍ (E20) നിന്നും 80 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ആദ്യത്തെ ഫ്ലെക്സ് ഫ്യുവല്‍ വാഹനം വിപണിയില്‍ ഇറക്കാന്‍ തയാറെടുക്കുന്നത്.

tata punch flex fuel side

മാരുതി സുസുക്കി നേരത്തെ തന്നെ തങ്ങളുടെ പ്രമുഖ മോഡലുകളായ വാഗണ്‍ആര്‍, ഫ്രോങ്സ് എന്നിവയുടെ ഫ്ലെക്സ് ഫ്യുവല്‍ പ്രോട്ടോടൈപ്പുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ടാറ്റ മോട്ടോര്‍സും ഈ സാങ്കേതികവിദ്യ വിപണിയില്‍ എത്തിക്കാന്‍ മുന്നോട്ടുവന്നിരിക്കുകയാണ്. ഈ വര്‍ഷം 2026 അവസാനത്തോടെയോ അല്ലെങ്കില്‍ 2027-ന്റെ തുടക്കത്തിലോ തങ്ങളുടെ ആദ്യ ഫ്ലെക്സ് ഫ്യുവല്‍ കാര്‍ ഇന്ത്യയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂഡല്‍ഹിയില്‍ നടന്ന 2025 ഭാരത് മൊബിലിറ്റി എക്സ്പോയില്‍ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ 'പഞ്ച് ഫ്ലെക്സ് ഫ്യുവല്‍' പതിപ്പിന്റെ പ്രോട്ടോടൈപ്പ് പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പെട്രോള്‍, പെട്രോള്‍-എഥനോള്‍ മിശ്രിതം, അല്ലെങ്കില്‍ 100 ശതമാനം ശുദ്ധമായ എഥനോള്‍ എന്നിവയില്‍ ഒരേപോലെ പ്രവര്‍ത്തിക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. ഇത്തരത്തില്‍ E20 മുതല്‍ E100 വരെയുള്ള ഏത് ഇന്ധന മിശ്രിതവും സ്വീകരിക്കാന്‍ പാകത്തിലാണ് ഇതിന്റെ എഞ്ചിന്‍ ക്രമീകരിച്ചിരിക്കുന്നത്.

tata punch flex fuel front

ഈ സാങ്കേതികവിദ്യ തങ്ങളുടെ വാഹനങ്ങളില്‍ കൂട്ടിച്ചേര്‍ക്കുന്ന അവസാനഘട്ട ഒരുക്കങ്ങളിലാണ് കമ്പനി ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ശൈലേഷ് ചന്ദ്രയാണ് കഴിഞ്ഞ സാമ്പത്തിക പാദത്തിലെ വരുമാന കണക്കുകള്‍ പുറത്തുവിട്ടതിന് പിന്നാലെ ഈ സുപ്രധാന വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ചത്. രാജ്യത്തെ ആദ്യ ടാറ്റ ഫ്ലെക്സ് ഫ്യുവല്‍ വാഹനം വിപണിയില്‍ ഇറക്കാന്‍ കമ്പനി സജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പുതിയ സാങ്കേതികവിദ്യ ആദ്യമായി ടാറ്റ പഞ്ച് എസ്‌യുവിലാണോ അതോ മറ്റേതെങ്കിലും മോഡലിലാണോ അവതരിപ്പിക്കുക എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും പഞ്ച് എസ്‌യുവിലാണ് ഇത് ആദ്യം എത്തുന്നതെങ്കില്‍ ഈ വാഹനത്തിന് പെട്രോള്‍, സിഎന്‍ജി, ഇവി എന്നിവയ്ക്ക് പുറമെ നാലാമതൊരു ഫ്യുവല്‍ ഓപ്ഷന്‍ കൂടി ലഭിക്കും. നേരെ മറിച്ച് നെക്സോണിലാണ് എത്തുന്നതെങ്കില്‍ അത് വാഹനത്തിന്റെ അഞ്ചാമത്തെ ഫ്യുവല്‍ ഓപ്ഷനായി മാറും.

tata punch flex fuel rear

എഥനോള്‍ ഇന്ധനത്തിന് അന്തരീക്ഷത്തിലെ ഈര്‍പ്പം വലിച്ചെടുക്കാനുള്ള പ്രത്യേക ശേഷിയുള്ളതിനാല്‍ സാധാരണ പെട്രോള്‍ എഞ്ചിനുകളില്‍ ഇത് നേരിട്ട് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇത്തരം കാറുകളില്‍ ഫ്യുവല്‍ പമ്പുകള്‍, ഇന്‍ജക്ടറുകള്‍, ഫ്യുവല്‍ ലൈനുകള്‍ എന്നിവയില്‍ തുരുമ്പ് പിടിക്കാതിരിക്കാന്‍ പ്രത്യേക ലോഹങ്ങളും കോട്ടിംഗുകളും ഉപയോഗിക്കേണ്ടതുണ്ട്. ഇതിനായി പുതുക്കിയ എഞ്ചിന്‍ കണ്‍ട്രോള്‍ യൂണിറ്റും (ECU) പ്രത്യേക എക്സ്ഹോസ്റ്റ് സംവിധാനവും ടാറ്റ ഈ വാഹനത്തിനായി പ്രത്യേകം വികസിപ്പിച്ചിട്ടുണ്ട്.

സാധാരണ പെട്രോള്‍ അടിക്കുന്നതത് പോലെ വളരെ ലളിതമായും വേഗത്തിലും ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ സാധിക്കുമെന്നത് ഇതിന്റെ പ്രായോഗികത വര്‍ദ്ധിപ്പിക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതാണ് ടാറ്റയുടെ ഈ പുതിയ ചുവടുവെപ്പ്. പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങള്‍ ആഗോളതലത്തില്‍ എണ്ണ വിതരണ ശൃംഖലയെ ബാധിച്ചതും ഇത്തരം ബദല്‍ ഇന്ധനങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

ഇതിനുപുറമെ ഈ വര്‍ഷം രണ്ട് പുതിയ ഇലക്ട്രിക് കാറുകള്‍ കൂടി വിപണിയില്‍ എത്തിക്കാന്‍ ടാറ്റ മോട്ടോര്‍സ് പദ്ധതിയിടുന്നുണ്ട്. മഹീന്ദ്ര XEV 9S മോഡലിനോട് മത്സരിക്കാന്‍ സഫാരി ഇവിയും (Safari EV), കൂടാതെ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മാരുതി ഇ വിറ്റാര എന്നിവയ്ക്ക് ബദലായി സിയറ ഇവിയും (Sierra EV) ഉടന്‍ വിപണിയിലെത്തും. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനൊപ്പം സാധാരണക്കാരുടെ യാത്രാ ചെലവുകള്‍ പകുതിയായി കുറയ്ക്കാന്‍ ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങളുടെ വരവോടെ സാധിക്കുമെന്നാണ് വാഹന ലോകം വിലയിരുത്തുന്നത്.

Article Published On: Saturday, May 16, 2026, 18:29 [IST]
English summary
Tata motors flex fuel car india launch e100 ethanol features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X