ഇതിപ്പം മാരുതിക്ക് ലാഭമായല്ലോ! ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിന് മുമ്പ് നെക്‌സോണിന്റെ വില കൂട്ടി ടാറ്റ
ഇന്ത്യക്കാര്‍ക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കോംപാക്ട് എസ്‌യുവികളില്‍ ഒന്നായ നെക്‌സോണിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോര്‍സ്. പെട്രോള്‍, ഡീസല്‍, സിഎന്‍ജി ഓപ്ഷനുകളില്‍ ലഭ്യമാകുന്ന നെക്‌സോണിന്റെ പുതുക്കിയ വില ഇതിനോടകം പ്രാബല്യത്തില്‍ വന്നു. വാഹന നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ഉല്‍പ്പാദന ചിലവ് കൂടിയതുമടക്കം ഒന്നിലേറെ കാരണങ്ങള്‍ കൊണ്ടാണ് കമ്പനി എസ്‌യുവിയുടെ വില പരിഷ്‌കരിച്ചത്. ഈ വര്‍ഷം മറ്റ് പല മുന്‍നിര വാഹന ബ്രാന്‍ഡുകളും പിന്തുടര്‍ന്ന രീതി പോലെ നിലവിലെ സാമ്പത്തിക സാഹചര്യം മുന്‍നിര്‍ത്തിയാണ് ടാറ്റയും തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില കൂട്ടാന്‍ തീരുമാനിച്ചത്.
പുതിയ പരിഷ്‌കാരത്തിന് ശേഷം ടാറ്റ നെക്‌സോണിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 7.39 ലക്ഷം രൂപയായി. ടോപ് സ്‌പെക് വേരിയന്റ് സ്വന്തമാക്കാന്‍ ഇനി 14.24 ലക്ഷം രൂപയാണ് മുടക്കേണ്ടത്. ബേസ് 'സ്മാര്‍ട്ട്' വേരിയന്റ്ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുമ്പോള്‍ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പാണ് ഇതില്‍ ഏറ്റവും ചെലവേറിയത്.

നെക്‌സോണ്‍ വേരിയന്റുകള്‍ക്ക് ഏകീകൃത വില വര്‍ദ്ധനവല്ല കമ്പനി നടപ്പാക്കിയതെന്ന കാര്യം ഉപഭോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക.വാഹനത്തിന്റെ ട്രിം ലെവലുകള്‍, എഞ്ചിന്‍ ലൈനപ്പ്, ഗിയര്‍ബോക്സ് എന്നിവയ്ക്ക് അനുസൃതമായാണ് തുകയില്‍ മാറ്റം വന്നിരിക്കുന്നത്. അതിനാല്‍ വാഹനം ബുക്ക് ചെയ്യുന്നതിന് മുമ്പ് പുതുക്കിയ കൃത്യമായ ലിസ്റ്റ് പരിശോധിക്കുന്നത് ബജറ്റ് പ്ലാന്‍ ചെയ്യാന്‍ സഹായിക്കും.
എക്‌സ്-ഷോറൂം വിലയില്‍ മാറ്റം വന്നതോടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നിരക്കുകള്‍, റോഡ് ടാക്‌സ്, ഇന്‍ഷുറന്‍സ് പ്രീമിയം തുക എന്നിവയിലും ആനുപാതികമായ വര്‍ദ്ധനവ് വരും. വിവിധ സംസ്ഥാനങ്ങളിലെ നികുതി ഘടന അനുസരിച്ച് വാഹനത്തിന്റെ അന്തിമ ഓണ്‍-റോഡ് വിലയില്‍ കമ്പനി പ്രഖ്യാപിച്ച എക്‌സ്-ഷോറൂം വില വര്‍ദ്ധനവിനേക്കാള്‍ വ്യത്യാസം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ടാറ്റ നെക്‌സോണ്‍ വേരിയന്റുകളുടെ പുതുക്കിയ വില വിവരങ്ങള്‍ താഴെ നല്‍കിയ പട്ടിക നോക്കി മനസിലാക്കാം.
വില പരിഷ്‌കരണത്തിന് മുമ്പ് ഡീലര്‍ഷിപ്പുകളില്‍ നിന്നും ക്വട്ടേഷന്‍ കൈപ്പറ്റി ബുക്കിംഗിനായി കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ പുതിയ വില പ്രകാരമുള്ള എസ്റ്റിമേറ്റ് ചോദിച്ചറിയണം. നിലവില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന ഓഫറുകളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തിയാല്‍ ഈ വില വര്‍ധനവ് മൂലമുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.
വില വര്‍ദ്ധനവ് നടപ്പിലാക്കിയെങ്കിലും ടാറ്റ നെക്‌സോണിന് സാങ്കേതികമായോ ഡിസൈനിലോ ഫീച്ചറുകളിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. നിലവിലുള്ള അതേ എഞ്ചിന്‍-ഗിയര്‍ബോക്സ് കോമ്പിനേഷനുകളും ആധുനിക സുരക്ഷാ സംവിധാനങ്ങളും ഈ ജനപ്രിയ എസ്യുവിയില്‍ മാറ്റമില്ലാതെ തുടരുന്നു. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, കൂടാതെ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി ഓപ്ഷനുകളില്‍ നെക്‌സോണ്‍ വാങ്ങാവുന്നതാണ്.
മാനുവല്‍ (MT), എഎംടി (AMT), അത്യാധുനിക ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് (DCT) ഗിയര്‍ബോക്സ് ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. വില വര്‍ധനവ് നെക്‌സോണിന്റെ വില്‍പ്പനയെ ബാധിക്കുമോ എന്ന കാര്യം വരും മാസങ്ങളില്‍ കണ്ടറിയാം. വില വര്‍ധനവിനൊപ്പം പ്രധാന എതിരാളിയായ മാരുതി സുസുക്കി ബ്രെസ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുഖംമുനിക്കിയെത്തുന്നതും നെക്‌സോണിന് വെല്ലുവിളിയാണ്. ഫെയ്‌സ്‌ലിഫ്റ്റഡ് ബ്രെസയെ പൂട്ടാന്‍ ടാറ്റ എന്താണ് ആവനാഴിയില്‍ കരുതിയിക്കുന്നതെന്ന് അറിയാനാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications