ക്രെറ്റയൊക്കെ തീര്‍ന്നു; രാജ്യത്തെ എസ്‌യുവി കിംഗ് ആയി ₹5.65 ലക്ഷത്തിന്റെ ടാറ്റ

വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും വില്‍പ്പനയില്‍ വമ്പന്മാരെ പോലും വിറപ്പിക്കുകയാണ് ടാറ്റയുടെ സ്വന്തം പഞ്ച്. ഇന്ത്യന്‍ റോഡുകളില്‍ ഇപ്പോള്‍ പഞ്ചിന്റെ തേരോട്ടമാണ് കാണാന്‍ സാധിക്കുന്നത്. വിപണിയിലെ വമ്പന്‍മാരായ മാരുതിയെ പോലും വെല്ലുവിളിച്ചുകൊണ്ട്, ഒരു സാധാരണ കുടുംബത്തിന് ആവശ്യമായ എല്ലാ സുരക്ഷയും കരുത്തും ഒത്തിണങ്ങിയ ഈ മൈക്രോ എസ്‌യുവി ഏപ്രിലില്‍ സ്വന്തമാക്കിയത് വിശ്വസിക്കാനാവാത്ത വില്‍പ്പന കണക്കുകളാണ് ഇന്ത്യന്‍ വാഹന വിപണിയിലെ മൈക്രോ എസ്‌യുവി വിഭാഗത്തില്‍ അപ്രമാദിത്വം തുടര്‍ന്ന് ടാറ്റ പഞ്ച് (Tata Punch). 2026 ഏപ്രില്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്.

പോയമാസം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ കാറുകളുടെ പട്ടികയില്‍ മാരുതി സുസുക്കി ഡിസയറിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ടാറ്റയുടെ ഈ കുഞ്ഞന്‍ എസ്‌യുവിക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. 23,580 യൂണിറ്റ് ഡിസയറുകളാണ് കഴിഞ്ഞ മാസം മാരുതി വിറ്റഴിച്ചത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് ഡിസയറും പഞ്ചും വിപണിയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിടുന്നത്.

tata punch sales april 2026

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ആകെ 19,107 യൂണിറ്റ് പഞ്ച് കാറുകളാണ് ടാറ്റ മോട്ടോര്‍സ് ഇന്ത്യയില്‍ വിറ്റഴിച്ചത്. ഇതില്‍ പഞ്ച് ഇലക്ട്രിക് (Punch EV) മോഡലുകളുടെ വില്‍പ്പന കണക്കുകളും ഉള്‍പ്പെടുന്നുണ്ട്. 2026 ഏപ്രിലില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവി മോഡലും പഞ്ച് ആണ്. മാരുതി സുസുക്കി ഫ്രോങ്ക്‌സും (18829 യൂണിറ്റ്) സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെയുള്ള ടാറ്റ നെക്‌സോണുമാണ് (18126 യൂണിറ്റ്) രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.

സാധാരണ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ് ഈ വന്‍ വിജയത്തിന് പ്രധാന കാരണം. ഉപഭോക്താക്കളുടെ താല്‍പ്പര്യം എസ്‌യുവികളിലേക്കും സെഡാനുകളിലേക്കും മാറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. പഞ്ച് നല്‍കുന്ന കരുത്തും സുരക്ഷയും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. 2025 ഏപ്രില്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ പഞ്ചിന്റെ വില്‍പ്പനയില്‍ 52.90 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

tata punch facelift interior

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12,496 യൂണിറ്റുകള്‍ മാത്രമാണ് വിറ്റിരുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 6,611 യൂണിറ്റുകള്‍ അധികമായി വില്‍ക്കാന്‍ സാധിച്ചു എന്നത് ടാറ്റ മോട്ടോര്‍സിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. വിപണിയിലെ പഞ്ചിന്റെ സ്വാധീനം ഇതിലൂടെ വ്യക്തമാകുന്നു. എന്നാല്‍ 2026 മാര്‍ച്ചിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രിലില്‍ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്.

2026 മാര്‍ച്ചില്‍ 20,977 യൂണിറ്റുകള്‍ വിറ്റയിടത്ത് ഏപ്രിലില്‍ 1,870 യൂണിറ്റുകള്‍ കുറവാണ് വില്‍പ്പന. മാര്‍ച്ചിലും ഡിസയര്‍ തന്നെയായിരുന്നു വില്‍പ്പനയില്‍ പഞ്ചിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്തിയത്. എങ്കിലും നിലവിലെ സാഹചര്യം അനുസരിച്ച് പഞ്ചിന്റെ പ്രകടനം അതിശയിപ്പിക്കുന്നതാണ്. അടുത്തിടെ മുഖംമിനുക്കലിന് വിധേയമായ പഞ്ച് ആകര്‍ഷകമായ വിലയിലാണ് പുറത്തിറങ്ങിയത്.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 5.65 ലക്ഷം രൂപ മുതല്‍ 10.60 ലക്ഷം രൂപ വരെയാണ് പഞ്ചിന്റെ പെട്രോള്‍/സിഎന്‍ജി പതിപ്പുകളുടെ എക്‌സ്-ഷോറൂം വില. സ്മാര്‍ട്ട്, പ്യുവര്‍, പ്യുവര്‍ പ്ലസ്, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ് എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. കുറഞ്ഞ വിലയില്‍ ഒരു എസ്യുവി അനുഭവം സമ്മാനിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

tata punch facelift prked

ഇലക്ട്രിക് വാഹന പ്രേമികള്‍ക്കായി പഞ്ച് ഇവി (Punch EV) അഞ്ച് വേരിയന്റുകളില്‍ ലഭ്യമാണ്. സ്മാര്‍ട്ട് മുതല്‍ എംപവേര്‍ഡ് പ്ലസ് എസ് വരെയുള്ള മോഡലുകള്‍ക്ക് 9.70 ലക്ഷം മുതല്‍ 12.60 ലക്ഷം രൂപ വരെയാണ് വില. പരിസ്ഥിതി സൗഹൃദ യാത്ര ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ പഞ്ച് ഇവിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതാണ് വില്‍പ്പന വര്‍ദ്ധിക്കാനും പ്രധാന കാരണമായത്. 2024 കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയിരുന്നു പഞ്ച്.

പതിറ്റാണ്ടുകള്‍ക്ക് ശേഷം മാരുതി മോഡലുകളില്‍ നിന്ന് രാജ്യത്തെ ബെസ്റ്റ് സെല്ലര്‍ കാര്‍ പട്ടം തട്ടിയെടുക്കാന്‍ പഞ്ചിനായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം വില്‍പ്പനയില്‍ ചെറിയ മന്ദത അനുഭവപ്പെട്ടെങ്കിലും അടുത്തിടെ നടപ്പാക്കിയ അപ്‌ഡേറ്റിന്റെ ഫലമായി പഞ്ച് വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരികെയെത്തുകയാണ്. ഓരോ മാസവും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ട് ടാറ്റയുടെ ഈ മൈക്രോ എസ്‌യുവി ഇന്ത്യന്‍ നിരത്തുകളില്‍ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Article Published On: Friday, May 8, 2026, 11:11 [IST]
English summary
Tata punch becomes best selling suv april 2026 sales growth price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X