1KM ചെലവ് വെറും ₹1.25, ആജീവനാന്ത വാറണ്ടിയുള്ളതിനാല്‍ നിര്‍ത്താതെ ഓടാം! 'കുട്ടി ഇവി' ഈ ആഴ്ച നിരത്തില്‍
ഇന്ത്യന്‍ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിപണിയില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മോഡലുകളില്‍ ഒന്നാണ് ടാറ്റ പഞ്ച് ഇവി ഫേസ്ലിഫ്റ്റ്. 2024-ല്‍ പുറത്തിറങ്ങിയ മൈക്രോ ഇലക്ട്രിക് കാര്‍ ആദ്യത്തെ വലിയ അപ്‌ഡേറ്റിന് വിധേയമായിരുന്നു. ജനങ്ങള്‍ കൊതിക്കുന്ന പല മാറ്റങ്ങളുമായി വരുന്ന കാറിന്റെ വിലയിലും കമ്പനി ഞെട്ടിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തുടനീളം ഈ മോഡലിനായുള്ള ബുക്കിംഗ് പുരോഗമിക്കുകയാണ്. ഫെബ്രുവരി അവസാന വാരത്തോടെ വാഹനം ഉപഭോക്താക്കളുടെ കൈകളിലെത്തി തുടങ്ങുമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ വരുംദിവസങ്ങളില്‍ നമ്മുടെ നിരത്തുകളില്‍ പച്ച നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച കൂടുതല്‍ പഞ്ചുകള്‍ കാണാന്‍ പറ്റും.
ടാറ്റ പഞ്ച് ഫേസ്‌ലിഫ്റ്റ് മോഡലിന്റെ മെക്കാനിക്കല്‍ വശങ്ങളിലാണ് വലിയ അപ്‌ഡേറ്റുകളിലൊന്ന് നടപ്പാക്കിയത്. പഴയ മോഡലില്‍ 25 kWh, 35 kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഫേസ്ലിഫ്റ്റ് പതിപ്പില്‍ കുറച്ച് കൂടി വലിയ 30 kWh, 40 kWh ബാറ്ററിയാണ് ലഭിക്കുന്നത്.
ടാറ്റ പഞ്ച് ഇവി ഫേസ്ലിഫ്റ്റിലെ 30 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന മോഡലുകള്‍ക്ക് ഒറ്റ ചാര്‍ജില്‍ 365 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും.

കൂടുതല്‍ കരുത്തുള്ള 40 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന ലോംഗ് റേഞ്ച് പതിപ്പുകള്‍ക്ക് 468 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.എന്‍ട്രി ലെവല്‍ ഇവികളില്‍ അത്ര കണ്ടുപരിചയമില്ലാത്ത ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമാണ് പഞ്ച് ഇവി ഫേസ്‌ലിഫ്റ്റിനെ സവിശേഷമാക്കുന്ന മറ്റൊരു സംഗതി. 65 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍ വെറും 26 മിനിറ്റിനുള്ളില്‍ ബാറ്ററി 20 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.
ദീര്‍ഘദൂര യാത്രകള്‍ ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന സാങ്കേതിക വിദ്യയാണിത്. പഞ്ച് ഇവിയെ ഒരു സിറ്റി കാര്‍ എന്നതിലുപരി ദീര്‍ഘദൂര യാത്രകള്‍ക്ക് കൂടി പറ്റിയ ഒന്നാക്കി ഇത് മാറ്റുന്നു. മാത്രമല്ല വലിയ ബാറ്ററി പായ്ക്കിന് കിലോമീറ്റര്‍ പരിധിയില്ലാതെ ആജീവനാന്ത വാറണ്ടിയും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. ഈ സൗകര്യം സ്വകാര്യ ഉപഭോക്താക്കള്‍ക്ക് മാത്രമാകും ലഭിക്കുക. അതായത് ടാക്‌സിക്കാര്‍ക്ക് ഈ സൗകര്യം ലഭ്യമാകില്ല.

അത്യാധുനികമായ ഇന്റീരിയര്‍ ഫീച്ചറുകളാല്‍ സമ്പന്നമാണ് പുത്തന്‍ പഞ്ച് ഇവി. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഇതിലുണ്ട്. കൂടാതെ ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്രീമിയം സൗകര്യങ്ങളാണ്. ഇക്കോ, സിറ്റി, സ്പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഈ വാഹനത്തില്‍ ലഭ്യമാണ്.
നഗരങ്ങളിലെ തിരക്കിലും ഹൈവേകളിലെ വേഗതയിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇതിന് സാധിക്കും. സ്റ്റാന്‍ഡേര്‍ഡ് 6 എയര്‍ബാഗ്, ഇഎസ്പി, ഇബിഡിയുള്ള എബിഎസ്, ഓട്ടോ-ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ്-വ്യൂ മോണിറ്റര്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയര്‍ റിയര്‍വ്യൂ മിറര്‍ (IRVM), ഹില്‍-ഡിസെന്റ് കണ്‍ട്രോള്‍ എന്നീ സേഫ്റ്റി ഫീച്ചറുകള്‍ ഇവിയില്‍ സുരക്ഷയൊരുക്കുന്നു.

ഹൈ ബീം അലേര്‍ട്ടാണ് പുതുതായി കൂട്ടിച്ചേര്‍ത്ത പ്രധാന സേഫ്റ്റി ഫീച്ചര്‍. പഴയ മോഡലിന് സമാനമായി പഞ്ച് ഇവി ഫേസ്‌ലിഫ്റ്റും ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ നേടുമന്നാണ് കരുതുന്നത്. വിന്‍ഡ്‌സര്‍ ഇവിയിലൂടെ എംജി മോട്ടോര്‍ ഇന്ത്യ രാജ്യത്ത് തരംഗമാക്കി ബാറ്ററി ആസ് എ സര്‍വീസ് (BAAS) എന്ന നൂതനമായ വില്‍പ്പന രീതി പഞ്ച് ഇവിയിലൂടെ ടാറ്റയും സ്വീകരിച്ചിരുന്നു.
ബാസ് പ്ലാനിന് കീഴില്‍ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ ബേസ് വേരിയന്റ് വെറും 6.49 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. എന്നാല്‍ ബാറ്ററിയുടെ ഉപയോഗത്തിന് ഓരോ കിലോമീറ്ററിനും 2.60 രൂപ വീതം വാടകയായി നല്‍കേണ്ടി വരും. ബാറ്ററി അടക്കം പഞ്ച് ഇവി സ്വന്തമാക്കാന്‍ 9.69 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി മുടക്കേണ്ടത്.
സാമ്പത്തികമായി നോക്കുകയാണെങ്കില്‍ പഞ്ച് ഇവി 1 കിലോമീറ്റര്‍ ഓടിക്കാന്‍ ഏകദേശം 1.25 രൂപ മാത്രമാണ് ചെലവ് വരുന്നത്. ഇന്ധനവില ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തുടരുന്ന സാഹചര്യത്തില്‍ അതായത് 450 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ വെറും 562 രൂപ മതിയാകും. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇലക്ട്രിക് കാര്‍ മികച്ചൊരു ബദലാണ്.
വരും ആഴ്ചകളില്‍ പഞ്ച് ഫേസ്‌ലിഫ്റ്റിന്റെ ഡെലിവറി ആരംഭിക്കുന്നതോടെ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റയുടെ ആധിപത്യം കൂടുതല്‍ ശക്തമാകുമെന്ന് വിപണി നിരീക്ഷകര്‍ കരുതുന്നു. മാരുതി അടക്കമുള്ള കമ്പനികള്‍ സെഗ്‌മെന്റിലേക്ക് കാലെടുത്ത് വെച്ചതിനാല്‍ പഞ്ച് ഇവിയെ കൂടാതെ മറ്റ് ഇവികളിലും ബാസ് സ്‌കീമുകള്‍ അവതരിപ്പിച്ച് വില്‍പ്പന കൂട്ടാനാണ് ടാറ്റയുടെ ശ്രമം.


Click it and Unblock the Notifications








