വെറും ₹6.49 ലക്ഷത്തിന് പഞ്ച് ഇവിപുറത്തിറക്കി ഞെട്ടിച്ച് ടാറ്റ! 468 KM റേഞ്ച്, കൈനിറയെ ഫീച്ചറുകള്‍
ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ കുറഞ്ഞ വിലയില്‍ പഞ്ച് ഇവിയുടെ ഫേസ്സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി ഇന്ത്യന്‍ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിഭാഗത്തെ ഞെട്ടിച്ച് ടാറ്റ മോട്ടോര്‍സ്. വലിയ ബാറ്ററി പായ്ക്ക്, കൂടുതല്‍ റേഞ്ച്, അത്യാധുനിക ഫീച്ചറുകള്‍ എന്നിവയുമായാണ് പുതിയ പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്. ടാറ്റയുടെ പുതിയ ബാറ്ററി ആസ് എ സര്‍വീസ് (BaaS) പ്ലാന്‍ പ്രകാരം 6.49 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് പുതിയ പഞ്ച് ഇവി വാങ്ങാനാവുക. ബാറ്ററി ഉള്‍പ്പെടെ ഇവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9.69 ലക്ഷം രൂപ മുതല്‍ വിവിധ വേരിയന്റുകള്‍ ലഭ്യമാകും.
കുറഞ്ഞ പ്രാരംഭ ചിലവില്‍ ഇലക്ട്രിക് വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സുവർണാവസരമാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് എസ്‌യുവി വിഭാഗത്തില്‍ ടാറ്റയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഈ അപ്ഡേറ്റ് സഹായിക്കുമെന്നാണ് വിപണിയി വിദഗ്ദ്ധരുടെ വിലയിരുത്തല്‍. പുതിയ ടാറ്റ പഞ്ച് ഇവി ഫേസ്‌ലിഫ്റ്റിന്റെ വില, ബാസ് സ്‌കീം, ബാറ്ററി, റേഞ്ച്, ഫീച്ചറുകള്‍ എന്നിവയെ കുറിച്ച് വിശദ വിവരങ്ങള്‍ ചുവടെ വായിക്കാം.

നിറങ്ങളും ഡിസൈനും
പുറംമോഡിയില്‍ മുന്‍വശത്തെ ഡിസൈന്‍ കൂടുതല്‍ ഷാര്‍പ്പായി പരിഷ്‌കരിച്ചിട്ടുണ്ട്. പുനര്‍രൂപകല്‍പ്പന ചെയ്ത ഫാസിയ, ചുറ്റുണ്‍ ഗ്രേ ബോഡി ക്ലാഡിംഗ്, പുതിയ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, പിന്നില്‍ പുതിയ എല്‍ഇഡി ലൈറ്റ് ബാര്‍ എന്നിവയാണ് പഞ്ച് ഇവി ഫേസ്‌ലിഫ്റ്റിലെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.
ഫിയര്‍ലെസ് യെല്ലോ, ബംഗാള്‍ റൂഷ്, കാരമല്‍, പ്യുവര്‍ ഗ്രേ, പ്രൈസ്‌റ്റൈന്‍ വൈറ്റ്, എംപവേര്‍ഡ് ഓക്‌സൈഡ്, സൂപ്പര്‍നോവ കോപ്പര്‍ എന്നീ നിറങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
ഇന്റീരിയറും ഫീച്ചറുകളും
ടച്ച് അധിഷ്ഠിത ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലും ഫ്രീ-സ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഉള്ള അതേ ഡാഷ്ബോര്‍ഡ് ലേഔട്ട് നിലനിര്‍ത്തുന്നതിനാല്‍ ഇന്റീരിയര്‍ ലേഔട്ടില്‍ മാറ്റങ്ങള്‍ കണ്ടെത്താന്‍ പ്രയാസമായിരിക്കും. പ്രീ-ഫെയ്സ്ലിഫ്റ്റ് പതിപ്പിലെ 2-സ്പോക്ക് ഇല്യൂമിനേറ്റഡ് സ്റ്റിയറിംഗ് വീലും സെന്റര്‍ കണ്‍സോളിനുള്ള ഗ്ലോസ്-ബ്ലാക്ക് ഫിനിഷും ഫേസ്‌ലിഫ്റ്റില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജിംഗ്, കൂള്‍ഡ് ഗ്ലൗബോക്സ്, TPMS, ഇലക്ട്രിക് ORVM-കള്‍, ഓട്ടോ-ഡിമ്മിംഗ് IRVM, ഇലക്ട്രിക് സണ്‍റൂഫ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വോയ്സ്-എനേബിള്‍ഡ് ഇലക്ട്രിക് സണ്‍റൂഫ്, എയര്‍ പ്യൂരിഫയര്‍, ഓട്ടോ-ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവ ഉള്‍പ്പെടുന്ന വിപുലമായ ഫീച്ചര്‍ ലിസ്റ്റാണ് പഞ്ച് ഇവിക്കുള്ളത്.
പുത്തന്‍ ബാറ്ററിയും കൂടുതല്‍ റേഞ്ചും
പുതിയ പഞ്ച് ഇവിയിലെ ഏറ്റവും വലിയ മാറ്റം അതിന്റെ പവര്‍ട്രെയിനിലാണ്. സിംഗിള്‍ ഇലക്ട്രിക് മോട്ടോറുമായി ഇണചേര്‍ത്ത ഒരു പുതിയ 40kWh ബാറ്ററി പായ്ക്ക് കൂടി പഞ്ച് ഇവിക്ക് ലഭിച്ചു. ഫുള്‍ചാര്‍ജില്‍ 468 കിലോമീറ്ററാണ് ഇതിന്റെ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ 355 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് ടാറ്റ പറയുന്നു. രണ്ടാമത്തെ 30 kWh ബാറ്ററി പായ്ക്ക് ഫുള്‍ചാര്‍ജില്‍ 365 കിലോമീറ്റര്‍ (ARAI) റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.

പഞ്ച് ഇവി ഫേസ്‌ലിഫ്റ്റ് 65 kW ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ഇത് വെറും 26 മിനിറ്റിനുള്ളില്‍ 20% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാനും 15 മിനിറ്റിനുള്ളില്‍ 135 കിലോമീറ്റര്‍ റേഞ്ച് ടോപ്പ്-അപ്പ് നേടാനും കഴിയും. ഈ രണ്ട് ബാറ്ററി പായ്ക്കുകള്‍ക്കും ടാറ്റ ലൈഫ് ടൈം വാറണ്ടി വാഗ്ദാനം ചെയ്യുന്നു. ഇത് ടാറ്റക്ക് തങ്ങളുടെ പവര്‍ട്രെയിനിലുള്ള ആത്മവിശ്വാസം പ്രകടമാക്കുന്നു.
സേഫ്റ്റി
6 എയര്‍ബാഗുകള്‍, ഓട്ടോ-ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, 360-ഡിഗ്രി ക്യാമറ എന്നിവ പഞ്ച് ഇവി ഫേസ്ലിഫ്റ്റിന്റെ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. മറ്റ് ടാറ്റ കാറുകളെ പോലെ തന്നെ സേഫ്റ്റിയുടെ കാര്യത്തില്‍ ഇതും ഇടിക്കൂട്ടില്‍ എ പ്ലസ് നേടുമെന്ന് ഉറപ്പാണ്.

വില
സ്മാര്‍ട്ട്, സ്മാര്‍ട്ട്+, അഡ്വഞ്ചര്‍, എംപവേര്‍ഡ്, എംപവേര്‍ഡ്+ എന്നീ അഞ്ച് വേരിയന്റുകളിലാണ് 2026 പഞ്ച് ഇവി ഫേസ്‌ലിഫ്റ്റ് ലഭ്യമാകുന്നത്. 9.69 ലക്ഷം രൂപ മുതല്‍ 12.59 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. ഔട്ട്‌ഗോയിംഗ് മോഡലിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 9.99 ലക്ഷം രൂപയായിരുന്നു.
| Variant | 30 kWh (Price) | 40 kWh (Price) |
|---|---|---|
| Smart | Rs 9.69 lakh | - |
| Smart+ | Rs 10.29 lakh | Rs 10.89 lakh |
| Adventure | - | Rs 11.59 lakh |
| Empowered | - | Rs 12.29 lakh |
| Empowered+S | - | Rs 12.59 lakh |
*All prices ex-showroom. BaaS plans start at Rs 6.49 lakh.
മറ്റൊരു ശ്രദ്ധേയമായ കാര്യം ടാറ്റ ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) പ്രോഗ്രാമില്‍ പഞ്ച് ഇവി വാഗ്ദാനം ചെയ്യുന്നു എന്നതാണ്. ഇത് ബേസ് സ്മാര്‍ട്ട് 30 വേരിയന്റ് 6.49 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലയില്‍ ലഭ്യമാക്കും. ബാറ്ററി വാടക കിലോമീറ്ററിന് 2.6 രൂപയില്‍ ആരംഭിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ സിട്രണ്‍ eC3, എംജി വിന്‍ഡ്സര്‍ ഇവി എന്നിവയുമായാണ് പഞ്ച് ഇവി പ്രധാനമായും മത്സരിക്കുന്നത്.
ഇതിനോടകം ബുക്കിംഗ് ആരംഭിച്ച പഞ്ച് ഇവിയുടെ ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. കുറഞ്ഞ വിലയില്‍ കൂടുതല്‍ റേഞ്ചുള്ള ഇലക്ട്രിക് എസ്‌യുവി തേടുന്നവര്‍ക്ക് പഞ്ച് ഇവി മികച്ച ചോയ്‌സാണ്. ബാസ് സ്‌കീം ഇവി ഉടമസ്ഥാവകാശ ചെലവുകള്‍ കുറയ്ക്കുന്നതിനാല്‍ ഇനി കൂടുതല്‍ പേര്‍ ഇവികളിലേക്ക് ചുവടുമാറുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








