റേഞ്ച് 600 KM കടന്നോ? ടാറ്റ പഞ്ച് ഇവി ഫേസ്‌ലിഫ്റ്റ് നടത്തിയ അത്ഭുത യാത്ര; ലോഞ്ചിന് മുമ്പേ വൈറലായി കണക്കുകൾ
ഇന്ത്യന്‍ ഇലക്ട്രിക് പാസഞ്ചര്‍ വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ജനപ്രിയ മോഡലായ പഞ്ച് ഇവിയുടെ മുഖംമിനുക്കിയ പതിപ്പ് (Tata Punch EV Facelift) 2026 ഫെബ്രുവരി 20-ന് പുറത്തിറക്കാന്‍ പോകുകയാണ്. വിപണിയില്‍ എത്താന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പഞ്ച് ഇവി റേഞ്ച് ടെസ്റ്റുകളില്‍ അവിശ്വസനീയമായ പ്രകടനം കാഴ്ചവെച്ച ഒരു വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാണ്. 2026 ടാറ്റ പഞ്ച് ഇവി ഫേസ്‌ലിഫ്റ്റ് ഒറ്റ ചാര്‍ജില്‍ ഏകദേശം 600 കിലോമീറ്റര്‍ ദൂരം പിന്നിട്ടതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യഥാര്‍ത്ഥ റോഡ് സാഹചര്യങ്ങളിലെ ഇവിയുടെ പ്രകടനം വിലയിരുത്തുന്നതിനായി ടാറ്റയുടെ ക്ഷണം സ്വീകരിച്ച് ഓട്ടോമൊബൈല്‍ ജേണലിസ്റ്റായ രാഹുല്‍ കക്കര്‍ നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് ഈ അമ്പരപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും ഉദയ്പൂരിലേക്കായിരുന്നു ആദ്യഘട്ട യാത്ര നിശ്ചയിച്ചിരുന്നത്. ഈ രണ്ട് നഗരങ്ങള്‍ തമ്മിലുള്ള ദൂരം ഏകദേശം 400 കിലോമീറ്ററാണ്.

ഈ യാത്ര പൂര്‍ത്തിയാക്കിയപ്പോഴും 34 ശതമാനം ചാര്‍ജ് ബാക്കിയുണ്ടായിരുന്നു എന്നത് വാഹനത്തിന്റെ കാര്യക്ഷമത അടിവരയിട്ടു കാണിക്കുന്നു.ചാര്‍ജ് അവശേഷിക്കുന്നതിനാല്‍ യാത്ര ഗുജറാത്തിലെ ഹിമന്ത് നഗര്‍ വരെ നീട്ടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അവസാനം ഹിമന്ത് നഗറിലെത്തിയപ്പോള്‍ ചാര്‍ജ് കാലിയായി. ബാറ്ററി ചാര്‍ജ് തീര്‍ന്നപ്പോള്‍ പഞ്ച് ഇവി ആകെ 593.6 കിലോമീറ്റര്‍ പിന്നിട്ടുകഴിഞ്ഞിരുന്നു.
ഭൂരിഭാഗം യാത്രയും ദേശീയ പാതകളിലൂടെയായിരുന്നു എന്നത് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. സാധാരണ എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറുകള്‍ക്ക് നല്‍കാന്‍ കഴിയാത്ത അത്ര ഉയര്‍ന്ന റേഞ്ചാണ് ഇവിടെ പഞ്ച് ഇവി നല്‍കിയിരിക്കുന്നത്. ഇതോടെ പുതിയ പഞ്ച് ഇവി ഫേസ്‌ലിഫ്റ്റിനെ കുറിച്ചുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്ന് കഴിഞ്ഞു.

സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, പഞ്ച് ഇവി ഫേസ്‌ലിഫ്റ്റില്‍ പുതിയ ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ടാറ്റ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ ബാറ്ററിയുടെ കൃത്യമായ ശേഷിയോ മറ്റ് സാങ്കേതിക വിവരങ്ങളോ കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരി 20-ന് നടക്കുന്ന ലോഞ്ച് ചടങ്ങില്‍ മാത്രമാകും ഈ വിവരങ്ങള്‍ വെളിപ്പെടുത്തുക.
നിലവിലെ പഞ്ച് ഇവി മോഡല്‍ 25 kWh, 35 kWh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. വലിയ ബാറ്ററി പായ്ക്കിന്റെ ARAI സര്‍ട്ടിഫൈഡ് റേഞ്ച് 270 കിലോമീറ്ററാണ്. പുതിയ ഫേസ്‌ലിഫ്റ്റ് പതിപ്പിന് കൂടുതല്‍ കാര്യക്ഷമതയുള്ള വലിയ ബാറ്ററി പായ്ക്ക് ലഭിക്കുമെന്നാണ് സൂചന. മാത്രമല്ല ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനായി ബാറ്ററിക്ക് ആജീവനാന്ത വാറണ്ടിയും നല്‍കിയേക്കും.

ഡിസൈനിലും ഫീച്ചറുകളിലും കാതലായ മാറ്റങ്ങളോടെയാണ് ഫേസ്‌ലിഫ്റ്റ് പതിപ്പ് വരുന്നത്. എല്‍ഇഡി ഡിആര്‍എല്ലുകള്‍, പരിഷ്‌കരിച്ച ഗ്രില്ല്, മോഡേണ്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇതിലുണ്ടാകും. സുരക്ഷയുടെ കാര്യത്തില്‍ മുന്‍ഗണന നല്‍കുന്ന ടാറ്റ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകള്‍ ഈ മോഡലില്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയേക്കും.
ടാറ്റയുടെ ഇലക്ട്രിക് വാഹന നിരയില്‍ നെക്‌സോണ്‍ ഇവിക്ക് താഴെയാണ് പഞ്ച് ഇവിയുടെ സ്ഥാനം. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനി പഞ്ച് ഇവിയെ അപ്‌ഡേറ്റുകളേടെ വിപണിയില്‍ എത്തിക്കാന്‍ പോകുന്നത്. നിലവില്‍ 9.99 ലക്ഷം രൂപ മുതല്‍ 14.44 ലക്ഷം രൂപ വരെയാണ് പഞ്ച് ഇവിയുടെ എക്‌സ്-ഷോറൂം വില പോകുന്നത്.
സാങ്കേതിക പരിഷ്‌കാരങ്ങളും റേഞ്ച് ബൂസ്റ്റും കാരണം പുതിയ ഫേസ്‌ലിഫ്റ്റ് മോഡലിന്റെ വിലയില്‍ നേരിയ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. എന്നിരുന്നാലും ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് എസ്‌യുവികളില്‍ ഒന്നായി പഞ്ച് ഇവി തുടരും. ഫെബ്രുവരി 20-ന് ഇവിയുടെ വില, സവിശേഷതകള്‍, ബുക്കിംഗ്, ഡെലിവറി എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








