593KM റേഞ്ച്, 10 ലക്ഷത്തിന് കിട്ടുമോ? പഞ്ച് ഇവി ഫേസ്ലിഫ്റ്റ് ലോഞ്ചിന് മണിക്കൂറുകൾക്ക് മുമ്പ് നിരത്തിൽ
ആദ്യത്തെ വമ്പൻ അപ്‌ഡേറ്റിലൂടെ ഇന്ത്യൻ പാസഞ്ചർ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന ടാറ്റ പഞ്ച് ഇവി ഫേസ്ലിഫ്റ്റ് (Tata Punch EV Facelift) നാളെ വിപണിയിലെത്താൻ പോകുകയാണ്. 2024-ൽ പുറത്തിറങ്ങിയ ഈ മൈക്രോ എസ്‌യുവിയുടെ ഫേസ്ലിഫ്റ്റ് പതിപ്പ് ലോഞ്ചിന് മണിക്കൂറുകൾക്ക് മുമ്പ് പൊതുനിരത്തിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ആകർഷകമായ റെഡ് നിറത്തിൽ ഫിനിഷ് ചെയ്ത എസ്‌യുവിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വാഹനപ്രേമികൾക്കിടയിൽ ചർച്ചയായിരിക്കുന്നത്. പുതിയ പഞ്ച് ഇവിയുടെ ഡിസൈനിൽ കാര്യമായ മാറ്റങ്ങളാണ് ടാറ്റ വരുത്തിയിരിക്കുന്നത്. മുൻവശത്തെ ബമ്പറും എയർ ഡാമും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.
നേരത്തെ ഉണ്ടായിരുന്ന ഫുൾ വിഡ്ത്ത് ഡിആർഎൽ ബാർ ഒഴിവാക്കി പകരം വലിയ ഹെഡ്‌ലാമ്പ് ഹൗസിംഗുകളും പുതുക്കിയ സ്കിഡ് പ്ലേറ്റും നൽകി. പുതിയ എയറോ-ഒപ്റ്റിമൈസ്ഡ് അലോയ് വീലുകൾ കൊണ്ടുവന്നത് മാത്രമാണ് വശങ്ങളിലെ പ്രധാന മാറ്റം. കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളാണ് റിയർ എൻഡിലെ പ്രധാന ആകർഷണം. ഇത് പഞ്ചിന്റെ ഐസി എഞ്ചിൻ പതിപ്പിന് സമാനമായ സ്റ്റൈലിങ്ങിലാണ് വരുന്നത്.

കൂടാതെ റിയർ ബമ്പറിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എൽഇഡി ലൈറ്റിംഗ് പഞ്ചിന്റെ പ്രീമിയം ലുക്ക് ഉയർത്തുന്നു. ഈ മാറ്റങ്ങൾ പഞ്ച് ഇവിയെ കൂടുതൽ സ്പോർട്ടിയറാക്കി മാറ്റുന്നുമുണ്ട്.അകത്തളത്തിൽ നിലവിലുള്ള ഫീച്ചറുകൾ നിലനിർത്തിക്കൊണ്ട് തന്നെ ചില പുതുമകൾ കൊണ്ടുവന്നിട്ടുണ്ട് ടാറ്റ. ഉയർന്ന വേരിയന്റുകളിൽ 12.3 ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പ്രതീക്ഷിക്കാം.
കൂടാതെ ക്യാബിന് പുതുമ നൽകാനായി പുതിയ അപ്‌ഹോൾസ്റ്ററി, ഡാഷ്‌ബോർഡ് ഫിനിഷുകൾ എന്നിവയും ചേർത്തേക്കും. ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും പുതിയ സ്റ്റിയറിംഗ് ഡിസൈനും തുടരും. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ് എന്നീ ആകർഷകമായ സവിശേഷതകൾ പുതിയ പതിപ്പിലും ഉണ്ടാകും.
സുരക്ഷയ്ക്കായി 360 ഡിഗ്രി ക്യാമറയും കണക്റ്റഡ് കാർ ടെക്നോളജിയും ടാറ്റ ഉറപ്പാക്കുന്നുണ്ട്. പ്രീമിയം സൗകര്യങ്ങൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ടാറ്റ പഞ്ച് ഫേസ് ലിഫ്റ്റിന്റെ ഇന്റീരിയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. യാത്രകൾ കൂടുതൽ സുഖകരമാക്കാൻ സഹായിക്കുന്ന അത്യാധുനിക ഫീച്ചറുകളാണ് അപ്ഡേറ്റിന്റെ ഭാഗമായി മോഡലിൽ ചേർത്തിരിക്കുന്നത്.
പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിൽ ഏറ്റവും വലിയ മാറ്റം വരുന്നത് മെക്കാനിക്കൽ വശങ്ങളിലാണ്. നിലവിലുള്ള 25 kWh ബാറ്ററി പായ്ക്കിന് പകരം എൻട്രി ലെവൽ വേരിയൻറ്റുകൾക്ക് 35 kWh ബാറ്ററി ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനുപുറമെ നെക്സോൺ ഇവിയിൽ നിന്നുള്ള വലിയ 45 kWh ബാറ്ററി പായ്ക്കും പഞ്ച് ഇവിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഒറ്റ ചാർജിൽ 593.6 കി.മീ റേഞ്ച് നൽകുമെന്നാണ് കരുതുന്നത്.

ടാറ്റ തന്നെ പുറത്തുവിട്ട റേഞ്ച് ടെസ്റ്റ് വീഡിയോകൾ ഈ കണക്കുകൾ സാധൂകരിക്കുന്നു. എങ്കിലും ഔദ്യോഗിക സ്ഥിരീകരണത്തിനായി ഏതാനും സമയം കൂടി കാത്തിരിക്കണം. 2026 പഞ്ച് ഇവിയുടെ 35 kWh മോഡൽ 122 hp പവറും കരുത്തും 190 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. വലിയ ബാറ്ററി പായ്ക്ക് വരുന്നതോടെ പവർ ഔട്ട്പുട്ട് കൂടാൻ സാധ്യതയുണ്ട്.
നിലവിൽ ഇന്ത്യൻ വിപണിയിൽ പഞ്ച് ഇവിക്ക് നേരിട്ടുള്ള എതിരാളികൾ ഇല്ല. വില നിലവാരത്തിൽ
സിട്രൺ eC3 പോലുള്ള മോഡലുകൾ എതിരാളികളാകും. ലോഞ്ചിന് തൊട്ടുപിന്നാലെ തന്നെ ടാറ്റ മോഡലിന്റെ കസ്റ്റമർ ഡെലിവറിയും ആരംഭിക്കും.ഫേസ്ലിഫ്റ്റിലൂടെ ഉയർന്ന റേഞ്ചും പ്രീമിയം ഫീച്ചറുകളും കുറഞ്ഞ വിലയിൽ നൽകാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ എസ്‌യുവിയുടെ കൃത്യമായ വിലയും മറ്റ് സവിശേഷതകളും കൃത്യമായി അറിയാൻ സാധിക്കും. ജനപ്രിയന്റെ അപ്ഡേറ്റഡ് പതിപ്പിന്റെ വില അറിയാനുള്ള ആകാംക്ഷയിലാണ് ഇന്ത്യൻ വാഹനലോകം.


Click it and Unblock the Notifications








