₹5.59 ലക്ഷത്തിന്റെ വണ്ടിക്ക് ലോകോത്തര സുരക്ഷ! 5-സ്റ്റാർ തിളക്കവുമായി ടാറ്റ തറവാടിന്റെ യശസ്സുയർത്തി പഞ്ച്
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ് ടാറ്റ പഞ്ച്. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ ഈ മൈക്രോ എസ്‌യുവി രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്ന് കൂടിയാണ്. കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ പഞ്ചിന്റെ പുത്തന്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്. വില പ്രഖ്യാപന വേളയില്‍ തന്നെ പുത്തന്‍ പഞ്ച് സേഫ്റ്റിയില്‍ 'എ പ്ലസ്' നേടിയതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്രാഷ് ടെസ്റ്റ് സ്‌കോറുകളും സുരക്ഷാ റിപ്പോര്‍ട്ടും ഭാരത് NCAP ഔദ്യോഗികമായി പുറത്തുവിട്ടു.
പ്രതീക്ഷിച്ച പോലെ തന്നെ സുരക്ഷാ പരിശോധനയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കി പഞ്ച് കരുത്തുകാട്ടി. പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്യുവര്‍ പ്ലസ് സിഎന്‍ജി എഎംടി, അക്കംപ്ലിഷ്ഡ് സിഎന്‍ജി മാനുവല്‍ വേരിയന്റുകളാണ് ടെസ്റ്റിന് വിധേയമാക്കിയത്. ഫലങ്ങള്‍ എല്ലാ പഞ്ച് വേരിയന്റുകള്‍ക്കും ബാധകമാണ്. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ പഞ്ച് 32-ല്‍ 30.58 പോയിന്റ് നേടി.

മുന്‍വശത്തെ ആഘാതങ്ങള്‍ പരിശോധിക്കുന്ന ഫ്രണ്ടല്‍ ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ടെസ്റ്റില്‍ 16-ല്‍ 14.71 പോയിന്റും വശങ്ങളില്‍ നിന്നുള്ള ആഘാതങ്ങള്‍ പരിശോധിക്കുന്ന സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ 16-ല്‍ 15.87 പോയിന്റും പഞ്ച് കരസ്ഥമാക്കി. ടെസ്റ്റില്‍ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും മികച്ച സുരക്ഷയാണ് കാര്‍ വാഗ്ദാനം ചെയ്യുന്നതെന്ന് കണ്ടെത്തി.
വശങ്ങളില്‍ നിന്നുള്ള ആഘാതങ്ങളില്‍ മുതിര്‍ന്ന യാത്രക്കാരുടെ തല, വയര്‍, പെല്‍വിസ് ഭാഗങ്ങള്‍ക്ക് 'ഗുഡ്' റേറ്റിംഗും നെഞ്ചിന് 'അഡിക്വേറ്റ്' സുരക്ഷയും ലഭിച്ചു. സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റില്‍ ഡമ്മിയിലെ എല്ലാ പ്രധാന ഭാഗങ്ങള്‍ക്കും മികച്ച സംരക്ഷണം ഉറപ്പാക്കാന്‍ പഞ്ചിന് സാധിച്ചു. ഇത് വാഹനത്തിന്റെ ഘടനാപരമായ ദൃഢതയെയാണ് സൂചിപ്പിക്കുന്നത്. ക്രാഷ് ടെസ്റ്റിലെ ഓരോ പോയിന്റും ടാറ്റയുടെ നിര്‍മ്മാണ മികവിനെ അടിവരയിടുന്നു.

കുട്ടികളുടെ സുരക്ഷയിലും ടാറ്റ പഞ്ച് മികച്ച നിലവാരം പുലര്‍ത്തി. ആകെ 49 പോയിന്റില്‍ 45 പോയിന്റാണ് ഈ വിഭാഗത്തില്‍ പഞ്ച് നേടിയത്. ഡൈനാമിക് സ്‌കോറില്‍ 24-ല്‍ 24 പോയിന്റും സിആര്‍എസ് ഇന്‍സ്റ്റാളേഷനില്‍ 12-ല്‍ 12 പോയിന്റും നേടി. 18 മാസം പ്രായമുള്ള കുട്ടിയുടെയും 3 വയസുള്ള കുട്ടിയുടെയും ഡമ്മികള്‍ ഉപയോഗിച്ചായിരുന്നു ഈ ടെസ്റ്റ്.
ഫ്രണ്ടല്‍, സൈഡ് ക്രാഷ് ടെസ്റ്റുകളില്‍ മുഴുവന്‍ പോയിന്റും നേടിയ കാര്‍ കുട്ടികള്‍ക്ക് മികച്ച സംരക്ഷണം നല്‍കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വെഹിക്കിള്‍ അസസ്മെന്റ് സ്‌കോറില്‍ 13-ല്‍ 9 പോയിന്റാണ് പഞ്ചിന് ലഭിച്ചത്. ഇന്റഗ്രേറ്റഡ് ചൈല്‍ഡ് റിസ്‌ട്രെയിന്റ് സിസ്റ്റത്തിന്റെ (CRS) അഭാവം മൂലമാണ് ഇവിടെ 4 പോയിന്റുകള്‍ കുറഞ്ഞത്. എങ്കിലും മൊത്തത്തിലുള്ള സ്‌കോര്‍ കുട്ടികളുടെ യാത്ര സുരക്ഷിതമാണെന്ന് ഉറപ്പുനല്‍കുന്നു.

കുറഞ്ഞ വിലയുള്ള കാര്‍ ആണെങ്കിലും സേഫ്റ്റി മുഖമുദ്രയാക്കിയ മറ്റ് ടാറ്റ വാഹനങ്ങളെ പോലെ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റും മികച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. മുമ്പ് പഞ്ചിന്റെ ബേസ് വേരിയന്റില്‍ 2 എയര്‍ബാഗുകള്‍ മാത്രമാണ് ലഭിച്ചിരുന്നതെങ്കില്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി 6 എയര്‍ബാഗ് സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.
ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററോട് കൂടിയ 360 ഡിഗ്രി ക്യാമറയും ഇപ്പോള്‍ പഞ്ചില്‍ ചേര്‍ത്ത് സുരക്ഷ കൂട്ടിയിട്ടുണ്ട്. ഓട്ടോ ഡിമ്മിംഗ് ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍ (IRVM) രാത്രികാല യാത്രകള്‍ സുഗമമാക്കും. സേഫ്റ്റി ഫീച്ചറുകളുടെ ഈ നീണ്ട നിരയാണ് ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ മികച്ച സ്‌കോര്‍ നേടാന്‍ പഞ്ചിനെ സഹായിച്ചതെന്ന കാര്യത്തില്‍ സംശയമില്ല. സാധാരണക്കാരുടെ സുരക്ഷയില്‍ ടാറ്റ പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് കൈയ്യടിച്ചേ മതിയാകൂ.
5.59 ലക്ഷം മുതൽ 10.54 ലക്ഷം രൂപ വരെയാണ് പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്സ്-ഷോറൂം വില പോകുന്നത്. ഹ്യുണ്ടായി എക്സ്റ്റര്‍ ആണ് മൈക്രോ എസ്‌യുവി വിഭാഗത്തില്‍ പഞ്ചിന്റെ നേരിട്ടുള്ള എതിരാളി. കൂടാതെ മാരുതി സുസുക്കി ഫ്രോങ്ക്‌സ്, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയ കോംപാക്ട് എസ്‌യുവികളുമായും പഞ്ച് മത്സരിക്കേണ്ടി വരുന്നു. അടിമുടി മാറ്റങ്ങളോടെ എത്തിയ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്വീകാര്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കാന്‍ ക്രാഷ് ടെസ്റ്റിലെ മിന്നും പ്രകടനം ഉപകരിക്കും.


Click it and Unblock the Notifications








