വെറും 5.59 ലക്ഷം രൂപയ്ക്ക് 6 എയര്‍ബാഗും 360 ഡിഗ്രി ക്യാമറയുമായി പഞ്ച്! ഇനിയും മാരുതി മതിയെന്ന് വാശി വേണോ ?
കഴിഞ്ഞ ദിവസമാണ് ടാറ്റ മോട്ടോര്‍സ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മൈക്രോ എസ്‌യുവിയായ പഞ്ചിന്റെ ഫേസ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്. മുന്‍ഗാമിയില്‍ നിന്ന് വിലയില്‍ നേരിയ മാറ്റം മാത്രമാണ് പഞ്ചിന്റെ മുഖംമിനുക്കിയ പതിപ്പിനുള്ളത്. 5.59 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ ലഭ്യമാകുന്ന ഈ മോഡല്‍ അതിന്റെ സെഗ്‌മെന്റില്‍ ഇതുവരെ കാണാത്ത ആധുനിക സവിശേഷതകളുമായാണ് എത്തിയിരിക്കുന്നത്. സുരക്ഷയ്ക്കും പ്രകടനത്തിനും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മാറ്റങ്ങളാണ് വാഹനത്തില്‍ കമ്പനി വരുത്തിയിട്ടുള്ളത്. പഞ്ചിനെ മൊഞ്ചാക്കുന്ന ആ സുപ്രധാന ഫീച്ചറുകള്‍ നമുക്ക് പരിശോധിക്കാം.
6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ്
സുരക്ഷാ മാനദണ്ഡങ്ങളില്‍ വിപ്ലവകരമായ മാറ്റമാണ് ടാറ്റ പഞ്ച് ഫേസ്ലിഫ്റ്റ് അവതരിപ്പിക്കുന്നത്. മുമ്പ് പഞ്ചിന്റെ താഴ്ന്ന വേരിയന്റുകളില്‍ രണ്ട് എയര്‍ബാഗുകള്‍ മാത്രമാണ് നല്‍കിയിരുന്നത്. എന്നാല്‍, പുതിയ മോഡലിന്റെ ബേസ് വേരിയന്റില്‍ വരെ ആറ് എയര്‍ബാഗുകള്‍ നല്‍കിയിട്ടുണ്ട്. അതായത്, പഞ്ചിന്റെ ഏറ്റവും വില കുറഞ്ഞ മോഡല്‍ വാങ്ങുന്നവര്‍ക്കും ഇനി മുതല്‍ ആറ് എയര്‍ബാഗുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും.

ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍
ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ നേരത്തെ തന്നെ 5-സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ വാഹനമാണ് ടാറ്റ പഞ്ച്. ലോഞ്ച് ചടങ്ങില്‍ ഒരു ട്രക്കുമായി കൂട്ടിയിടിപ്പിച്ച് നടത്തിയ പരീക്ഷണത്തിലൂടെ വാഹനത്തിന്റെ കരുത്ത് കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. അപകടസമയത്ത് ആറ് എയര്‍ബാഗുകളും കൃത്യമായി പ്രവര്‍ത്തിച്ചതായും ക്യാബിന്റെ ഘടനയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പരീക്ഷണത്തില്‍ വ്യക്തമായിരുന്നു. ഫേസ്‌ലിഫ്റ്റ് പഞ്ചിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ ഭാരത് NCAP അധികം വൈകാതെ ഔദ്യോഗികമായി പുറത്തുവിടും.
പ്രീമിയം ലുക്ക്
രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങളുമായാണ് പുതിയ പഞ്ച് എത്തിയിരിക്കുന്നത്. ബമ്പറില്‍ ഘടിപ്പിച്ച പുതിയ എല്‍ഇഡി ഹെഡ്ലാമ്പ് ക്ലസ്റ്ററും ആകര്‍ഷകമായ എല്‍ഇഡി ഡിആര്‍എല്ലുകളും വാഹനത്തിന് പ്രീമിയം ലുക്ക് നല്‍കുന്നു. ഇതിനുപുറമെ, പിന്നില്‍ ഇപ്പോള്‍ കണക്ടഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ഒരുക്കിയിരിക്കുന്നത്. ഇത് വാഹനത്തിന്റെ ഡിസൈനിംഗില്‍ കൂടുതല്‍ മോഡേണ്‍ ടച്ച് നല്‍കുന്നുണ്ട്.

ടര്‍ബോ പവര്‍
പുതിയ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്റെ കൂട്ടിച്ചേര്‍ക്കലാണ് പഞ്ച് ഫേസ്‌ലിഫ്റ്റില്‍ വന്നിരിക്കുന്ന മെക്കാനിക്കലായുള്ള ഏറ്റവും വലിയ മാറ്റം. ആള്‍ട്രോസ് റേസര്‍, നെക്‌സോണ്‍ എന്നീ മോഡലുകളില്‍ നിന്ന് കടമെടുത്ത ഈ എഞ്ചിന്‍ 120 PS പവറും 170 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ച ഈ എഞ്ചിന്‍ സ്‌പോര്‍ട്ടി ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ചൊരു ഓപ്ഷനാണ്.
സിഎന്‍ജി എഎംടി ഓപ്ഷന്‍
സിഎന്‍ജി വാഹനങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി മറ്റൊരു പ്രത്യേകത കൂടി ടാറ്റ ഒരുക്കിയിട്ടുണ്ട്. ഈ സെഗ്മെന്റില്‍ ആദ്യമായി സിഎന്‍ജി വേരിയന്റുകളില്‍ എഎംടി (AMT) ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ടാറ്റ അവതരിപ്പിച്ചു. ഇന്ധനക്ഷമതയ്‌ക്കൊപ്പം നഗരയാത്രകളില്‍ ക്ലച്ച് ഉപയോഗിക്കാതെ എളുപ്പത്തില്‍ ഡ്രൈവ് ചെയ്യാന്‍ ഇത് സഹായിക്കുന്നു. നിലവില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് കൂടാതെ എഎംടിയും സിഎന്‍ജി മോഡലുകളില്‍ ലഭ്യമാണ്.

അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
പുതിയ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പുത്തന്‍ പഞ്ചിന്റെ അകത്തളത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ഇതിനൊപ്പം 8 സ്പീക്കറുകള്‍ അടങ്ങുന്ന പ്രീമിയം സൗണ്ട് സിസ്റ്റം മികച്ച ദൃശ്യ-ശ്രാവ്യ അനുഭവം ഉറപ്പാക്കുന്നു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ പുതിയ യുഐ (UI) ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ വായിച്ചെടുക്കാനും വാഹനത്തിന്റെ ഫീച്ചറുകള്‍ നിയന്ത്രിക്കാനും കൂടുതല്‍ സൗകര്യപ്രദമാണ്.
360 ഡിഗ്രി ക്യാമറയും ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗും
സെഗ്‌മെന്റില്‍ ആദ്യമായി 360 ഡിഗ്രി ക്യാമറ സംവിധാനവും ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററും ലഭിക്കുന്ന വാഹനം പഞ്ച് ഫേസ്ലിഫ്റ്റ് ആണ്. ഇടുങ്ങിയ പാര്‍ക്കിംഗ് സ്ഥലങ്ങളിലും ചെറിയ വഴികളിലും വാഹനം സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ ഇത് ഡ്രൈവറെ സഹായിക്കും. ചുറ്റുമുള്ള കാഴ്ചകള്‍ വ്യക്തമായി ലഭിക്കുന്നതിനാല്‍ വാഹനത്തിന്റെ ബോഡിയില്‍ പോറലുകള്‍ ഏല്‍ക്കാതെ ശ്രദ്ധിച്ച് പാര്‍ക്ക് ചെയ്യാനും ട്രാഫിക്കിലും മറ്റും ഓടിച്ച് കൊണ്ടുപോകാനും ഈ 'മൂന്നാം കണ്ണ്' ഡ്രൈവര്‍മാരെ സഹായിക്കുന്നു.


Click it and Unblock the Notifications








