കുറഞ്ഞ വിലയില്‍ ടാറ്റ കാര്‍ ഈ മാസം! മാരുതിയെ മുച്ചൂടും മുടിക്കാന്‍ കച്ചകെട്ടിയുള്ള വരവാണ്
ഏറ്റവും പുതിയ എസ്‌യുവിയായ സിയറയുടെ ഡെലിവറിയിലൂടെ ജനുവരിയില്‍ പുതുവര്‍ഷത്തിന് ബ്ലോക്ക്ബസ്റ്റര്‍ തുടക്കമിടാന്‍ പോകുകയാണ് ടാറ്റ മോട്ടോര്‍സ്. ഇതിന്റെ കൂടെ ഒരു പുത്തന്‍ ഉല്‍പ്പന്നം കൂടി പുറത്തിറക്കി 2026-ന് ഡബിള്‍ സ്‌ട്രോംഗ് സ്റ്റാര്‍ട്ട് കൊടുക്കാനാണ് കമ്പനിയുടെ പ്ലാന്‍. ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗമായി മാറിയ ടാറ്റ പഞ്ച് മൈക്രോ എസ്‌യുവിയാണ് ഈ മാസം മുഖംമിനുക്കിയെത്തുന്നത്. പഞ്ചിന്റെ പുതുക്കിയ ഫെയ്സ്ലിഫ്റ്റ് മോഡല്‍ 2026 ജനുവരി 15-ന് വിപണിയിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കാര്‍ടോക് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊങ്കല്‍ സീസണില്‍ തന്നെ വാഹനം നിരത്തിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ടാറ്റയുടെ എസ്‌യുവി ശ്രേണിയിലെ എന്‍ട്രി ലെവല്‍ മോഡലായ പഞ്ച് 2021-ലാണ് പുറത്തിറങ്ങിയത്. മൈക്രോ എസ്‌യുവി എന്ന പുത്തന്‍ സെഗ്‌മെന്റിന് തുടക്കം കുറിച്ച പഞ്ച് ഹാച്ച്ബാക്കും പ്രീമിയം ഹാച്ച്ബാക്കും വാങ്ങാനിരുന്നവരെ ആകര്‍ഷിച്ചു. വിപണിയിലെത്തിയ അന്ന് മുതല്‍ ഇന്ന് വരെ മികച്ച പ്രകടനമാണ് പഞ്ച് നടത്തുന്നത്. 4 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷം യൂണിറ്റ് വില്‍പ്പന നേടാന്‍ പഞ്ചിന് സാധിച്ചിരുന്നു. ഏറ്റവും വേഗത്തില്‍ ഈ നേട്ടം പൂര്‍ത്തിയാക്കുന്ന എസ്‌യുവിയാണ് പഞ്ച് എന്ന് ടാറ്റ അവകാശപ്പെടുന്നു.

പഞ്ചിനെ കൂടുതല്‍ മൊഞ്ചാക്കാനും വില്‍പ്പന ഉയര്‍ത്താനുമായാണ് ഇപ്പോള്‍ ആദ്യത്തെ അപ്‌ഡേറ്റ് നല്‍കുന്നത്. ഔട്ട്‌ഗോയിംഗ് മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡിസൈനിംഗില്‍ ചില്ലറ മാറ്റങ്ങളുണ്ടാകും. സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈന്‍ ഇത് തുടര്‍ന്നും വാഗ്ദാനം ചെയ്യും. എല്‍ഇഡി ഡിആര്‍എല്ലുകളും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും നിലവിലെ പതിപ്പിന്റെ അതേ സ്ഥാനത്ത് തന്നെ കാണപ്പെടും.
മോഡേണ്‍ ടാറ്റ എസ്‌യുവികളുടെ സിഗ്‌നേച്ചര്‍ ഡിസൈന്‍ ഘടകങ്ങളിലൊന്നായ മുന്നില്‍ വീതിയില്‍ കാണ്‌പ്പെടുന്ന വെല്‍ക്കം എല്‍ഇഡി ലൈറ്റ്ബാര്‍ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിച്ചേക്കില്ല. കാരണം പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറയില്‍ പതിഞ്ഞ പഞ്ചിന്റെ ടെസ്റ്റ് മ്യൂളുകളില്‍ ഒന്നും ഇത് കാണപ്പെട്ടിട്ടില്ല. എസ്‌യുവിക്ക് മസ്‌കുലാര്‍ ലുക്ക് നല്‍കുന്നതിനായി ഫ്രണ്ട് ബമ്പര്‍ പുതുക്കിപ്പണിയും. ഹെഡ്‌ലാമ്പ്, ലോവര്‍ എയര്‍ ഡാം എന്നിവയുടെ ഡിസൈനിലും മാറ്റം പ്രതീക്ഷിക്കുന്നു.
പുത്തന്‍ ഡിസൈനില്‍ വരുന്ന അലോയ് വീലുകള്‍ അല്ലാതെ വശങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകള്‍ ലഭിക്കാമെങ്കിലും ടെയില്‍ഗെയിറ്റ് ഡിസൈനില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല. അപ്‌ഡേറ്റഡ് പഞ്ചിന് ക്ലിയര്‍ ലെന്‍സ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ലഭിക്കുമെന്നും പറയപ്പെടുന്നു. എസ്‌യുവി ലുക്ക് പൂര്‍ത്തിയാക്കുന്നതിനായി മൈക്രോ എസ്‌യുവിയുടെ മുന്നിലും പിന്നിലും ഫോക്‌സ് സ്‌കിഡ് പ്ലോറ്റുകള്‍ നല്‍കും.
അകത്തും വമ്പന്‍ മാറ്റങ്ങളുണ്ട്. ഫ്രഷ് ലുക്ക് നല്‍കാനായി ക്യാബിന്‍ അപ്‌ഡേറ്റ് ചെയ്യുന്ന ടാറ്റ വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്‍കി പഞ്ചിന്റെ ലെവല്‍ ഉയര്‍ത്തും. ഇല്യുമിനേറ്റഡ് ടാറ്റ ലോഗോയുള്ള 2 സ്‌പോക് സ്റ്റിയറിംഗ് വീലും പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ പ്രീമിയം സൗകര്യങ്ങളും പുതിയ പതിപ്പില്‍ കമ്പനി ഒരുക്കും.
പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന് മുന്‍ഗാമിയുടെ അതേ പവര്‍ട്രെയിന്‍ ഓപ്ഷനുകളായിരിക്കും ലഭിക്കുക. നിലവിലുള്ള 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ തന്നെയാകും ഫെയ്സ്ലിഫ്റ്റ് മോഡലിനും കരുത്ത് പകരുക. 87 bhp പവറും 115 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി ബന്ധിപ്പിക്കും. പഞ്ചിന്റെ സിഎന്‍ജി പതിപ്പും ഓഫറിലുണ്ടാകും.
എഞ്ചിന്‍ സിഎന്‍ജി മോഡലില്‍ 72 bhp പവറും 103 Nm ടോര്‍ക്കും നല്‍കും. പഞ്ച് സിഎന്‍ജി നിലവില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമേ ഓഫര്‍ ചെയ്യുന്നുള്ളൂ. പുതിയ ഫെയ്സ്ലിഫ്റ്റില്‍ എഎംടി ഗിയര്‍ബോക്‌സ് കൂടി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഉയര്‍ന്ന ഇന്ധനക്ഷമതക്കൊപ്പം യാത്ര കൂടുതല്‍ ആയാസരഹിതമാക്കുന്ന എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ പഞ്ച് സിഎന്‍ജി കൂടുതല്‍ ആകര്‍ഷകമാക്കും.
മനോഹരമായ ഡിസൈനും ആധുനിക ഫീച്ചറുകളും ചേരുന്നതോടെ എസ്‌യുവി വിഭാഗത്തില്‍ പഞ്ച് കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് വിലയിരുത്തല്‍. വിലയുടെ കാര്യത്തിലും പഞ്ച് വിപ്ലവം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ 5.50 ലക്ഷം രൂപ മുതലാണ് പഞ്ചിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത്. ഡിസൈന്‍ പരിഷ്‌കാരങ്ങളും ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളും ലഭിക്കുന്നതിനാല്‍ പുത്തന്‍ മോഡലിന് വില അല്‍പ്പം കൂടുമെന്നാണ് കരുതുന്നത്. ഏകദേശം 5.75 ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെയാണ് പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രാരംഭ വില പ്രതീക്ഷിക്കുന്നത്.
ലോഞ്ച് അടുക്കുന്ന മുറയ്ക്ക് ബുക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിടുന്നതാണ്. നിലവില്‍ ഹ്യുണ്ടായി എക്‌സ്റ്ററാണ് പഞ്ചിന്റെ നേരിട്ടുള്ള എതിരാളി. ഇതേ വില നിലവാരത്തില്‍ മാരുതി സുസുക്കി സ്വിഫ്റ്റ് പോലുള്ള ഹാച്ച്ബാക്കുകള്‍ക്കും പഞ്ച് വെല്ലുവിളി ഉയര്‍ത്തുന്നു. മികച്ച ബില്‍ഡ് ക്വാളിറ്റിയും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുമാണ് പഞ്ചിന്റെ പ്രധാന പ്ലസുകളില്‍ ചിലത്. പുതിയ അപ്ഡേഷനുകള്‍ കൂടി എത്തുന്നതോടെ കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ടാറ്റയ്ക്ക് സാധിക്കും.


Click it and Unblock the Notifications








