പഞ്ച് ഇനി പുലിയല്ല, സിംഹമാണ്! കുറഞ്ഞ വിലയില്‍ 27KM മൈലേജും ലോഡ് ഫീച്ചറുകളുമായി ഡീലര്‍ഷിപ്പിൽ; പോയാല്‍ കാണാം
ടാറ്റ മോട്ടോര്‍സിന്റെ സൂപ്പര്‍ ഹിറ്റ് മോഡലായ പഞ്ച് എസ്‌യുവിയുടെ പരിഷ്‌കരിച്ച പതിപ്പ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്താന്‍ പോകുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ടാറ്റ ഡീലര്‍ഷിപ്പുകളില്‍ വാഹനം എത്തിത്തുടങ്ങിയിട്ടുണ്ട്. ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ കൂടുതല്‍ പ്രീമിയവും മോഡേണുമായ മാറ്റങ്ങളുമായാണ് 2026 ടാറ്റ പഞ്ച് എത്തുന്നത്. പുത്തന്‍ ലോഞ്ചിലൂടെ മൈക്രോ എസ്‌യുവി വിപണിയില്‍ ആധിപത്യം തുടരാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ടാറ്റ പഞ്ച് സിഎന്‍ജി ഷോറൂമിലെത്തിയതിന്റെ ദൃശ്യങ്ങള്‍ ആകാശ് ഗോര്‍ എന്നയാള്‍ പങ്കുവെച്ചിട്ടുണ്ട്. പുത്തന്‍ എസ്‌യുവിയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കാം.
യാന്റാഫിക് (ബ്ലൂ), കാരമല്‍ (യെല്ലോ), ബംഗാള്‍ റൂഷ് (റെഡ്), ഡേറ്റോണ ഗ്രേ (ഗ്രേ), കൂര്‍ഗ് ക്ലൗഡ്സ് (സില്‍വര്‍), പ്രിസ്‌റ്റൈന്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് പഞ്ച് ഫെയ്‌സ്ലിഫ്റ്റ് വരുന്നത്. ഷോറൂമില്‍ അടുത്തിടെ കണ്ട യൂണിറ്റ് കൂര്‍ഗ് ക്ലൗഡ്സ് ആണെന്ന് തോന്നുന്നു. പുതിയ ടാറ്റ പഞ്ച് ഫെയ്‌സ്ലിഫ്റ്റിന്റെ മുന്‍ഭാഗത്ത് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

പഞ്ച് ഇവിക്ക് സമാനമായ എല്‍ഇഡി ഡിആര്‍എല്ലുകളും പരിഷ്‌കരിച്ച ഗ്രില്ലും വാഹനത്തിന് പുതിയ ഭാവം നല്‍കുന്നു. ബമ്പറിന്റെ രൂപകല്‍പ്പനയിലും മാറ്റങ്ങളുണ്ട്. പുതിയ അലോയ് വീലുകളും കൂടുതല്‍ ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളും ഫെയ്‌സ്ലിഫ്റ്റ് പതിപ്പിന്റെ പ്രത്യേകതയാണ്. അകത്തളത്തില്‍ കൂടുതല്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ടാറ്റ ഒരുക്കിയിട്ടുണ്ട്.
10.25 ഇഞ്ച് വലിപ്പമുള്ള പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ പ്രധാന ആകര്‍ഷണം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ സ്റ്റിയറിംഗ് വീലും പ്രീമിയം അനുഭവം നല്‍കുന്നു. ടോപ്പ് വേരിയന്റില്‍ മാത്രം വാഗ്ദാനം ചെയ്യുന്ന ടച്ച്-ആന്‍ഡ്-ടോഗിള്‍ ടൈപ്പ് ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍ ഫാമിലികളെ ആകര്‍ഷിക്കും. പഞ്ച് ഇവിയില്‍ നിന്ന് സെന്‍ട്രല്‍ എസി വെന്റുകളും കടംകൊണ്ടിട്ടുണ്ട്.
പരിചിതമായ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോള്‍ എഞ്ചിനൊപ്പം പഞ്ചില്‍ ടാറ്റ ആദ്യമായി കരുത്തുറ്റ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നുവെന്നതാണ് മെക്കാനിക്കലായുള്ള പ്രധാന മാറ്റം. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം എത്തുന്ന ഈ എഞ്ചിന്‍ ഏകദേശം 108 bhp പവറും 140 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. സാധാരണയില്‍ കൂടുതല്‍ പവര്‍ ആഗ്രഹിക്കുന്ന ഡ്രൈവിംഗ് കമ്പക്കാര്‍ക്ക് വലിയ ആവേശം നല്‍കുന്നതാണ് ടര്‍ബോ എഞ്ചിന്റെ കൂട്ടിച്ചേര്‍ക്കല്‍.
1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനിനെ അടിസ്ഥാനമാക്കിയുള്ള സിഎന്‍ജി പതിപ്പും ഓഫറിലുണ്ടാകും.സിഎന്‍ജി പതിപ്പിന് നിലവില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണ് ലഭിക്കുന്നത്. ടാറ്റയുടെ ടിയാഗോ, ടിഗോര്‍ എന്നീ മോഡലുകളുടെ സിഎന്‍ജി പതിപ്പുകള്‍ക്ക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭിക്കുന്നുണ്ട്. ഫെയ്‌സ്‌ലിഫ്റ്റഡ് പഞ്ചില്‍ ഈ സൗകര്യം ടാറ്റ നല്‍കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പഞ്ച് പെട്രോള്‍ വേരിയന്റിന് 21 കിലോമീറ്ററും സിഎന്‍ജി വേരിയന്റിന് 27 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്.

സുരക്ഷയുടെ കാര്യത്തില്‍ ടാറ്റ പഞ്ച് എന്നും മുന്‍പന്തിയിലാണ്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ കാറാണ് പഞ്ച്. പുതിയ പതിപ്പില്‍ 360 ഡിഗ്രി ക്യാമറ ലഭിക്കുന്നു. ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കാന്‍ സാധ്യതയുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവ സുരക്ഷ വര്‍ദ്ധിപ്പിക്കും. റഡാര്‍ മൊഡ്യൂള്‍ ഉള്ളതായി തോന്നുന്ന ഫ്രണ്ട് ബമ്പര്‍ ADAS സ്യൂട്ടിന്റെ സാന്നിധ്യത്തെ കുറിച്ച് സംശയം ഉണര്‍ത്തുന്നു.
നിലവില്‍ വിപണിയിലുള്ള ഹ്യുണ്ടായി എക്സ്റ്റര്‍ പോലുള്ള മോഡലുകള്‍ക്ക് കടുത്ത വെല്ലുവിളിയാകാന്‍ പുതിയ പഞ്ചിന് സാധിക്കും. കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയത് യുവാക്കളെ ആകര്‍ഷിക്കുമെന്നാണ് കമ്പനി കരുതുന്നത്. വിലയുടെ കാര്യത്തില്‍ നിലവിലുള്ള മോഡലിനേക്കാള്‍ നേരിയ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. നിലവില്‍ 5.50 ലക്ഷം മുതല്‍ 9.30 ലക്ഷം രൂപ വരെയാണ് പഞ്ചിന്റെ എക്‌സ്‌ഷോറൂം വില. ഏകദേശം 6 ലക്ഷം രൂപ മുതല്‍ എക്‌സ്-ഷോറൂം വില ആരംഭിച്ചേക്കാം.

ടാറ്റ പഞ്ച് ഇലക്ട്രിക് വിപണിയില്‍ നേടിയ വലിയ വിജയം പെട്രോള്‍ പതിപ്പിനും ഗുണകരമാകും. പുതിയ ലുക്കും അത്യാധുനിക ഫീച്ചറുകളും എത്തുന്നതോടെ വില്‍പനയില്‍ വലിയ കുതിച്ചുചാട്ടമാണ് ടാറ്റ ലക്ഷ്യമിടുന്നത്. ജനുവരി 13-ന് മുംബൈയില്‍ വെച്ച് കമ്പനി പുത്തന്‍ കാറിന്റെ വില പ്രഖ്യാപിക്കും. ഷോറൂമുകളില്‍ എത്തിയതോടെ ഉടന്‍ ബുക്കിംഗും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മൈക്രോ എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ പഞ്ച് ഫേസ്ലിഫ്റ്റ് മികച്ചൊരു ഓപ്ഷനായിരിക്കും. വിശ്വസ്തമായ എഞ്ചിനും ഉയര്‍ന്ന സുരക്ഷയും ഈ വാഹനത്തെ വേറിട്ടു നിര്‍ത്തുന്നു. വരും മാസങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ പഞ്ച് മുന്‍പന്തിയില്‍ തന്നെയുണ്ടാകും. ഈ കാര്‍ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ ടാറ്റ ഷോറൂം സന്ദര്‍ശിച്ചാല്‍ കണ്‍കുളിര്‍ക്കെ കാണാം.


Click it and Unblock the Notifications








