5 സ്റ്റാർ മാത്രം പോരാ! ₹5.59 ലക്ഷത്തിന്റെ എസ്‌യുവി കൂടുതൽ കരുത്തനാകും, ലക്ഷങ്ങളുടെ ഫീച്ചർ ചേർക്കാൻ ടാറ്റ
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മൈക്രോ എസ്‌യുവിയായ ടാറ്റ പഞ്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മുഖംമിനുക്കി വിപണിയില്‍ എത്തിയത്. പഞ്ചിന് മുമ്പുണ്ടായിരുന്ന വിലയില്‍ നിന്ന് വലിയ മാറ്റമില്ലാതെ വെറും 5.59 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിട്ട് ടാറ്റ ഞെട്ടിച്ചിരുന്നു. കുറഞ്ഞ വിലയുള്ള കാര്‍ ആണെങ്കിലും പഞ്ച് ഫെയ്സ്ലിഫ്റ്റ് മോഡലില്‍ നിരവധി പരിഷ്‌കാരങ്ങള്‍ ടാറ്റ വരുത്തിയിട്ടുണ്ട്. കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ക്കൊപ്പം കാലികമായ നിരവധി സവിശേഷതകളും മൈക്രോ എസ്‌യുവിയില്‍ കൂട്ടിച്ചേര്‍ത്തു. ടാറ്റ ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ഫീച്ചര്‍ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റില്‍ കണ്ടിരുന്നില്ല. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്.
ലോഞ്ച് സമയത്ത് ADAS എസ്‌യുവിയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന ടാറ്റയുടെ നയം അനുസരിച്ച് വൈകാതെ തന്നെ പഞ്ചില്‍ ഈ സുരക്ഷാ പാക്കേജ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ടോക്കാണ് പഞ്ച് ഫേയ്സ്ലിഫറ്റില്‍ ADAS ഉള്‍പ്പെടുത്താന്‍ ടാറ്റ മോട്ടോര്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ബജറ്റ് സെഗ്മെന്റില്‍ ADAS പോലുള്ള അത്യാധുനിക ഫീച്ചര്‍ നല്‍കുന്നത് വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും.

ഇന്ത്യയിലെ തിരക്കേറിയ റോഡുകളില്‍ ഡ്രൈവിംഗ് കൂടുതല്‍ സുരക്ഷിതമാക്കാന്‍ ADAS ഫീച്ചറുകള്‍ സഹായിക്കും. ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ഓട്ടോണേമസ് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ ഫീച്ചറുകളാണ് പഞ്ചിന്റെ ADAS സ്യൂട്ടില്‍ ഉണ്ടാകാന്‍ സാധ്യത. വില കുറഞ്ഞ കാറുകളില്‍ ഇത്തരം സാങ്കേതികവിദ്യകള്‍ വരുന്നത് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് വലിയ താങ്ങായിരിക്കും. മുമ്പ് വില കൂടിയ വേരിയന്റുകളില്‍ മാത്രം ലഭ്യമായിരുന്ന സവിശേഷതകള്‍ താഴ്ന്ന വേരിയന്റുകളിലും ലഭ്യമാക്കാന്‍ ടാറ്റ പ്രത്യേകം മുന്‍കൈ എടുക്കുന്നതായാണ് തോന്നുന്നത്.
നിലവില്‍ ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ പഞ്ച് 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. എങ്കിലും വരാനിരിക്കുന്ന കൂടുതല്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും 5 സ്റ്റാര്‍ റേറ്റിംഗ് നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ADAS കൂടി ഉള്‍പ്പെടുത്താന്‍ കമ്പനി തീരുമാനിച്ചത്. ഭാരത് NCAP ക്രാഷ് ടെസ്റ്റ് നിയമങ്ങള്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കർശനമാക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ വാഹനങ്ങളില്‍ നല്‍കേണ്ടത് നിര്‍ബന്ധമായി മാറും.

പഞ്ചിന്റെ നേരിട്ടുള്ള എതിരാളിയായ ഹ്യുണ്ടായി എക്സ്റ്ററും നിരവധി സേഫ്റ്റി ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്നുണ്ട്. അടുത്ത അപ്‌ഡേറ്റില്‍ എക്‌സ്റ്ററിലും കൊറിയന്‍ കമ്പനി വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാമെന്ന കാര്യം കൂടി പരിഗണിച്ചാണ് ടാറ്റയുടെ ഈ നീക്കം. സേഫ്റ്റി കൂട്ടുന്നത് പഞ്ചിന്റെ ജനപ്രീതി വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സാങ്കേതികമായി പഞ്ച് ഫെയ്സ്ലിഫ്റ്റില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തില്ല.
5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ക്കുന്ന 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 6 സ്പീഡ് മാനുവലുമായി ബന്ധിപ്പിച്ച 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളാണ് എസ്‌യുവിയില്‍ വരുന്നത്. ADAS കൂടി എത്തുന്നതോടെ വാഹനത്തിന്റെ ടോപ്പ് എന്‍ഡ് വേരിയന്റുകളുടെ വിലയില്‍ ചെറിയ വര്‍ധനവ് ഉണ്ടായേക്കാം. നിലവില്‍ 10.54 ലക്ഷം രൂപയാണ് ടോപ് സ്‌പെക് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില.

പഞ്ച് ഇവിയുടെ പരിഷ്‌കരിച്ച പതിപ്പും ഉടന്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്. പഞ്ച് ഐസിഇ മോഡലിലും ഇലക്ട്രിക് മോഡലിലും അപ്ഡേറ്റുകള്‍ നല്‍കി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ച് വിപണിയിലെ നേതൃസ്ഥാനം നിലനിര്‍ത്താമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ലോഞ്ച് അടുക്കുന്ന മുറയ്ക്ക് വരും മാസങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കാം.
സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ടാറ്റ ബജറ്റ് കാറുകളില്‍ ADAS ഉള്‍പ്പെടുത്തി മറ്റ് കമ്പനികള്‍ക്ക് മാതൃക സൃഷ്ടിക്കാന്‍ പോകുകയാണ്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ അത്യാധുനിക സുരക്ഷാ സവിശേഷതകള്‍ ലഭ്യമാക്കുന്നത് കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ പഞ്ചിന്റെ സ്വാധീനം വര്‍ധിപ്പിക്കും. മറ്റെന്തിനെക്കാളും സുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന ഇടത്തരം കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസം പകരുന്ന ഒന്നാണ് ടാറ്റ നടപ്പാക്കാന്‍ പോകുന്ന ഈ മാറ്റം.


Click it and Unblock the Notifications








