മാരുതി കുത്തക തകർത്ത് ടാറ്റയുടെ സിംഹക്കുട്ടികൾ! രാജ്യത്തെ ടോപ്പ് 2 കാറുകളായി പഞ്ചും നെക്സോണും
മാരുതി സുസുക്കി മോഡലുകൾ കുത്തകയാക്കി വെച്ചിരുന്ന ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ പട്ടം വീണ്ടെടുത്ത് ടാറ്റ പഞ്ച്. മൈക്രോ എസ്‌യുവിക്കൊപ്പം 'കൂടെപ്പിറപ്പായ' നെക്‌സോണ്‍ ഇന്ത്യല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാര്‍ ആയി മാറിയത് ടാറ്റക്ക് ഇരട്ടി മധുരമായി. കഴിഞ്ഞ മാസം ആകെ 62,076 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ച് ടാറ്റ മോട്ടോര്‍സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിമാസ വില്‍പ്പന കണക്കുകളാണ് രേഖപ്പെടുത്തിയത്. പഞ്ചും നെക്‌സോണും തന്നെയാണ് ഈ വലിയ വിജയത്തിന് പിന്നില്‍ പ്രധാന പങ്കുവഹിച്ചതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം 21,006 യൂണിറ്റുകള്‍ വിറ്റഴിച്ച് ടാറ്റ പഞ്ച് ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ 18,335 യൂണിറ്റുകളുമായി നെക്‌സോണ്‍ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ്. മെയ് മാസത്തെ അപേക്ഷിച്ച് നെക്‌സോണിന്റെ ആകെ വില്‍പ്പനയില്‍ 4 ശതമാനം ഇടിവുണ്ടായപ്പോള്‍, പഞ്ച് 3.9 ശതമാനത്തിന്റെ മികച്ച പ്രതിമാസ വളര്‍ച്ചയാണ് സ്വന്തം പേരില്‍ കുറിച്ചത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് മോഡലുകളും വിപണിയില്‍ വന്‍ കുതിപ്പാണ് നടത്തിയത്. 2025 ജൂണില്‍ 11,602 ആയിരുന്ന നെക്‌സോണ്‍ വില്‍പ്പന 58 ശതമാനവും, 10,446 ആയിരുന്ന പഞ്ചിന്റെ വില്‍പ്പന 101 ശതമാനവുമാണ് പോയ മാസം വര്‍ദ്ധിച്ചത്. ഇതോടെ പഞ്ചിന്റെയുാ നെക്‌സോണിന്റെയും വിപണി വിഹിതം യഥാക്രമം 13.6 ശതമാനവും 11.75 ശതമാനവുമായി ഉയര്‍ന്നു.
ഈ വര്‍ഷം ആദ്യം വിപണിയിലെത്തിയ പുത്തന്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പുകളാണ് പഞ്ചിന്റെ കുതിപ്പിന് പിന്നിലെ പ്രധാന കാരണം. പഞ്ചിന്റെ ഐസി എഞ്ചിന്‍ പതിപ്പ് ജനുവരിയിലും ഇലക്ട്രിക് പതിപ്പ് ഫെബ്രുവരിയിലുമാണ് അപ്‌ഡേറ്റ് ചെയ്ത് പുറത്തിറക്കിയത്. കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഇവിയുടെ ചാര്‍ജിംഗ് വേഗത കൂട്ടി ഉപഭോക്താക്കളുടെ പ്രധാന ആശങ്ക പരിഹരിച്ച കമ്പനിയുടെ നീക്കവും ഫലം കണ്ടു.

മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ മുന്നോട്ട് വെച്ച് എതിരാളികളേക്കാള്‍ ഒരുപടി മുകളില്‍ നിന്നാണ് എസ്‌യുവി ഇരട്ടകള്‍ വിപണിയില്‍ വെന്നിക്കൊടി പാറിക്കുന്നത്. സബ് 4 മീറ്റര്‍ എസ്‌യുവിയായ നെക്‌സോണ്‍ നിലവില്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് ഓപ്ഷനുകളില്‍ ലഭ്യമാണ്. എന്നാല്‍ പഞ്ച് എസ്‌യുവിയില്‍ ഡീസല്‍ എഞ്ചിന്‍ ലഭ്യമല്ലെങ്കിലും പുത്തന്‍ പതിപ്പില്‍ കൂടുതല്‍ കരുത്തുറ്റ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ കമ്പനി പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജൂണ്‍ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടികയില്‍ മാരുതി ഡിസയര്‍ 17,899 യൂണിറ്റുകളുമായി മൂന്നാമതും 16962 യൂണിറ്റുമായി വാഗണ്‍ആര്‍ നാലാമതുമാണ്. എര്‍ട്ടിഗ (16111 യൂണിറ്റ് ), സ്വിഫ്റ്റ് (15215 യൂണിറ്റ് ), മഹീന്ദ്ര സ്‌കോര്‍പിയോ (14097 യൂണിറ്റ് ), മാരുതി ഫ്രോങ്ക്‌സ് (13135 യൂണിറ്റ് ), മാരുതി ബലേനോ (12488 യൂണിറ്റ് ), ഹ്യുണ്ടായി വെന്യു (10776 യൂണിറ്റ് ) എന്നീ മോഡലുകള്‍ പട്ടിക പൂര്‍ത്തിയാക്കുന്നു.

പാസഞ്ചര്‍ വാഹന വില്‍പ്പനയുടെ കാര്യത്തില്‍ മാരുതി സുസുക്കി തന്നെയാണ് ഇന്ത്യയില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ മാസം 1,47,187 വാഹനങ്ങളാണ് മാരുതി രാജ്യത്ത് വിറ്റഴിച്ചത്. കരുത്ത് വീണ്ടെടുത്ത ചെറു കാറുകള്‍ 75,231 യൂണിറ്റും യൂടിലിറ്റി വാഹനങ്ങള്‍ 61,726 യൂണിറ്റുകളുമാണ് സംഭാവന ചെയ്തത്.
ടാറ്റ വിപണിയില്‍ രണ്ടാം സ്ഥാനം സുരക്ഷിതമായി നിലനിര്‍ത്തിയപ്പോള്‍ 60,393 യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര മൂന്നാമതെത്തി. സപ്ലയര്‍റുടെ ഫാക്ടറിയില്‍ അപ്രതീക്ഷിതമായുണ്ടായ തീപിടിത്തം നിര്‍മാണത്തെ ദോഷകരമായി ബാധിച്ചതിനാല്‍ ദീര്‍ഘകാലം രണ്ടാം സ്ഥാനം അലങ്കരിച്ചിരുന്ന ഹ്യുണ്ടായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ മാസം കൊറിയന്‍ കമ്പനിക്ക് 39,635 വാഹനങ്ങള്‍ മാത്രമാണ് ആഭ്യന്തര വിപണിയില്‍ വില്‍ക്കാന്‍ സാധിച്ചത്.


Click it and Unblock the Notifications