ലോഞ്ചിന് മുമ്പേ റോഡിലിറങ്ങി പുത്തൻ ടാറ്റ 7-സീറ്റർ ഇലക്ട്രിക് എസ്‌യുവി! ദീപാവലിക്ക് മഹീന്ദ്രയുടെ ഫ്യൂസ് ഊരും
പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിപണിയിലെ മുന്‍നിരക്കാരായ ടാറ്റാ മോട്ടോര്‍സ് (Tata Motors), തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ സഫാരിയുടെ ഇലക്ട്രിക് പതിപ്പ് വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ലോഞ്ചിന് മുന്നോടിയായി പൊതുനിരത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ടാറ്റ സഫാരി ഇവിയുടെ (Tata Safari EV) ഏറ്റവും പുതിയ സ്‌പൈ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. car_pantrr എന്ന യൂസറാണ് ടാറ്റ സഫാരി ഇവിയുടെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വലിയ കുടുംബങ്ങളെ ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന ഈ പുത്തന്‍ 7-സീറ്റര്‍ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയുടെ ചില സുപ്രധാന വിവരങ്ങള്‍ സ്‌പൈ ചിത്രങ്ങളില്‍ നിന്ന് നമുക്ക് മനസിലാക്കാം.
നിലവില്‍ ഈ സഫാരിയുടെ അതേ വിഭാഗത്തില്‍ മത്സരിക്കുന്ന മഹീന്ദ്ര EV 9S ഇലക്ട്രിക് എസ്‌യുവിക്ക് വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശക്തമായ വിപണി സാധ്യതകള്‍ തങ്ങള്‍ക്കും അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റാ ഈ പുത്തന്‍ മോഡല്‍ രംഗത്തിറക്കുന്നത്. ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ ദീപാവലിയോട് അടുത്ത് സഫാരി ഇവി വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രിക് വാഹന വിപണിയിലെ തങ്ങളുടെ മോധാവിത്തം ഊട്ടിയുറപ്പിക്കുന്നതിനായി സിയറ ഇവി (Sierra EV), സഫാരി ഇവി എന്നീ രണ്ട് പ്രമുഖ മോഡലുകളാണ് ടാറ്റ ഇപ്പോള്‍ ഒരേസമയം തയാറാക്കുന്നത്. ഈ രണ്ട് മോഡലുകള്‍ കൂടി വിപണിയില്‍ എത്തുന്നതോടെ, ടാറ്റയുടെ നിരയില്‍ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രാസ് (Altroz) മാത്രമായിരിക്കും ഇനി ഇലക്ട്രിക് കുപ്പായമണിയാന്‍ ബാക്കിയുള്ള ഏക മോഡല്‍.
വലിപ്പം നോക്കിയാൽ , പുതിയ ടാറ്റ സഫാരി ഇവിക്ക് 4,668 mm നീളവും, 1,922 mm വീതിയും, 1,795 mm ഉയരവുമുണ്ട്. 2,741 mm ആണ് വീല്‍ബേസ്. വലിപ്പം കാരണം സഫാരി ഇവിയുടെ ഉള്ളില്‍ 7 പേര്‍ക്ക് ഒരേസമയം വിശാലമായും സുഖകരമായും ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കും. ടാറ്റ സഫാരി ഇവിയുടെ എക്‌സ്റ്റീരിയര്‍ ഡിസൈന്‍ പരിശോധിച്ചാല്‍ നിലവിലുള്ള സഫാരി ഐസി എഞ്ചിന്‍ മോഡലുകളുടെ അതേ പ്രീമിയം ലുക്ക് നിലനിര്‍ത്തുന്നതായി കാണാം.
ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകളും റൂഫില്‍ നല്‍കിയ കണ്‍വെന്‍ഷണല്‍ റൂഫ് റെയിലുകളും ഇതിന്റെ സ്‌പോര്‍ട്ടി ലുക്ക് വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ റൂഫിന്റെ പിന്‍ഭാഗത്തായി മനോഹരമായ ഒരു സ്‌പോയിലറും ഇതില്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഫുള്‍ ഇലക്ട്രിക് വാഹനമായതിനാല്‍ പരമ്പരാഗത ഗ്രില്ലുകള്‍ക്ക് പകരം വായു സഞ്ചാരം നിയന്ത്രിക്കുന്ന ക്ലോസ്ഡ് എയറോഡൈനാമിക് ഗ്രില്ലാണ് ഇതിന്റെ മുന്‍വശത്ത് നല്‍കിയിരിക്കുന്നത്. ഒരു അത്യാധുനിക ഇലക്ട്രിക് എസ്‌യുവിയാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പുത്തന്‍ ശൈലിയിലാണ് വാഹനത്തിന്റെ ഫ്രണ്ട്-റിയര്‍ ബമ്പറുകളുടെ രൂപകല്‍പ്പന.
നിലവിലെ പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ ഇല്ലാത്തതും എന്നാല്‍ വരാനിരിക്കുന്ന സഫാരി ഇവിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ പ്രധാന സവിശേഷതയാണ് ഇതിന്റെ വശങ്ങളിലുള്ള ഫുട്‌സ്റ്റെപ്പുകള്‍ (Side Step). പരീക്ഷണ ഓട്ടത്തിനിടെ പുറത്തുവന്ന സ്‌പൈ ചിത്രങ്ങളില്‍ ടെസ്റ്റ് വാഹനത്തിന്റെ വശങ്ങളിലെ ഫൂട്‌സ്‌റ്റെപ്പുകള്‍ വ്യക്തമായി കാണാം. ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

വലിയ രീതിയില്‍ മറച്ചുപിടച്ചുകൊണ്ടാണ് കാര്‍ പരീക്ഷണയോട്ടം നടത്തുന്നതെങ്കിലും അതിന്റെ പിന്‍ഭാഗത്തുള്ള അത്യാധുനിക മള്‍ട്ടി-ലിങ്ക് സസ്പെന്‍ഷന്‍ സെറ്റപ്പ് (Multi-link suspension) വ്യക്തമായി കാണാന്‍ സാധിക്കും. ടാറ്റയുടെ തന്നെ ജനപ്രിയ മോഡലായ ഹാരിയാര്‍ ഇവിയിലും (Harrier EV) ഇതേ സസ്പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്. ഹാരിയാര്‍ ഇവിക്കായി ഉപയോഗിച്ച അതേ അത്യാധുനിക Acti.ev+ പ്ലാറ്റ്ഫോം തന്നെയാണ് സഫാരി ഇവിക്കും അടിത്തറ പാകുന്നത്.
കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ഈ ഇലക്ട്രിക് വാഹനം വിപണിയില്‍ എത്തിക്കുന്നതിനായി, നിലവിലുള്ള സഫാരി പെട്രോള്‍/ഡീസല്‍ മോഡലുകളുടെ ഭൂരിഭാഗം ബോഡി പാര്‍ട്‌സുകളും മറ്റ് ഘടകങ്ങളും ഉപയോഗിച്ചാണ് പുതിയ സഫാരി ഇവി നിര്‍മ്മിക്കുന്നത്. ഇത് വാഹനത്തിന്റെ പ്രൊഡക്ഷന്‍ ചിലവ് കുറയ്ക്കാന്‍ കമ്പനിയെ വലിയ രീതിയില്‍ സഹായിക്കും എന്നാണ് ഓട്ടോമൊബൈല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഹാരിയര്‍ ഇവിയില്‍ നിന്നാകും രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയുടെ ഇലക്ട്രിക് മോട്ടോറും സോഫ്റ്റ്വെയര്‍ സാങ്കേതികവിദ്യകളും കടമെടുക്കുക.
ഉയര്‍ന്ന റേഞ്ച് നല്‍കാന്‍ ശേഷിയുള്ള വലിയ ബാറ്ററി പായ്ക്കും ഇതിലുണ്ടാകും. ടെസ്റ്റിംഗ് പൂര്‍ത്തിയാകുന്നതോടെ വരും മാസങ്ങളില്‍ തന്നെ ഈ പ്രീമിയം എസ്‌യുവിയുടെ മെക്കാനിക്കല്‍ സവിശേഷതകള്‍ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തും. മോഡേണ്‍ ഫീച്ചറുകളും സുരക്ഷിതമായ ഡ്രൈവിംഗ് ഡൈനാമിക്‌സും മുന്‍നിര്‍ത്തി ടാറ്റ വിപണിയിലെത്തിക്കുന്ന ഈ പുതിയ 7 സീറ്റര്‍ ഫാമിലി ഇലക്ട്രിക് കാര്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഇവി വിപണിയുടെ ഭാവി മാറ്റിയെഴുതുമോ എന്നാണ് വിപണി വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications