വെറും 3 മാസം കൊണ്ട് 20000 സിയറകള്‍ നിരത്തില്‍! ഇനി അവന്‍ കൂടി വന്നാല്‍ നെക്‌സോണിന് വിശ്രമിക്കാം
ഇന്ത്യന്‍ വാഹനപ്രേമികളുടെ ഹൃദയമിടിപ്പേറ്റിയ ആ ഐതിഹാസിക നാമം റീഎന്‍ട്രിയിലും ചരിത്രം കുറിക്കുന്നു. 2025 നവംബര്‍ അവസാന വാരം വിപണിയിലെത്തിയ ടാറ്റ സിയറയുടെ (Tata Sierra) കസ്റ്റമര്‍ ഡെലിവറി ജനുവരി പകുതിയോടെയാണ് ആരംഭിച്ചത്. ഇപ്പോള്‍ പുതിയ ടാറ്റ സിയറയുടെ ഡെലിവറി 20,000 യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടതായി ടാറ്റ മോട്ടോര്‍സ് അറിറയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ (മുമ്പ് ട്വിറ്റര്‍) കമ്പനി തന്നെയാണ് ഈ നേട്ടം വാഹനലോകത്തെ അറിയിച്ചത്. വെറും 2.5 മാസത്തിനുള്ളില്‍ 20,000 യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധിച്ചുവെന്നത് ടാറ്റയെ സംബന്ധിച്ചിടത്തോളം വലിയ നാഴികക്കല്ലാണ്.
പഴയ സിയറയുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഡിസൈനും അത്യാധുനിക ഫീച്ചറുകളും സമ്മേളിക്കുന്ന ഈ എസ്‌യുവിക്കായി ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോള്‍ കാത്തുനില്‍ക്കുന്നത്. ബുക്കിംഗ് വിന്‍ഡോ തുറന്ന് വെറും 24 മണിക്കൂറിനുള്ളില്‍ 70,000 ഓര്‍ഡറുകള്‍ വാരിക്കൂട്ടിയാണ് സിയറ വരവറിയിച്ചത്. ആദ്യ മാസത്തില്‍ 7,003 യൂണിറ്റുകള്‍ വിറ്റഴിച്ച എസ്‌യുവി, മാര്‍ച്ച് ആദ്യത്തോടെ 10,000 യൂണിറ്റ് കടമ്പ കടന്നു.

തൊട്ടടുത്ത ആഴ്ചകളില്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതോടെയാണ് മാര്‍ച്ച് 31-നകം 20,000 എന്ന മാന്ത്രിക സംഖ്യയില്‍ എത്താന്‍ കമ്പനിക്ക് സാധിച്ചത്.നിലവില്‍ ടാറ്റ സിയറയുടെ ബുക്കിംഗ് ആറക്ക സംഖ്യ പിന്നിട്ടതായാണ് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെ സിയറയുടെ ഉല്‍പ്പാദനം കമ്പനി കൂട്ടിയിരുന്നു. ഡിമാന്‍ഡ് നിറവേറ്റുന്നതിനായി പ്രതിമാസം സിയറയുടെ 15,000 യൂണിറ്റുകള്‍ നിര്‍മ്മിക്കാനാണ് ടാറ്റയുടെ പദ്ധതി.
വിതരണ ശൃംഖലയിലെ തടസങ്ങള്‍ നീങ്ങുകയാണെങ്കില്‍ പ്രതിവര്‍ഷം 1.5 ലക്ഷം യൂണിറ്റ് സിയറ വരെ വില്‍ക്കാന്‍ സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.ടാറ്റയുടെ ഗുജറാത്തിലെ സാനന്ദ് പ്ലാന്റിലാണ് പുതിയ സിയറ നിര്‍മ്മിക്കപ്പെടുന്നത്. ടാറ്റയുടെ ബെസ്റ്റ് സെല്ലറായ നെക്‌സോണും ഇതേ പ്ലാന്റില്‍ നിന്ന് പണിതിറങ്ങുന്നതിനാല്‍ ഉല്‍പ്പാദനം വേഗത്തിലാക്കാന്‍ കമ്പനിക്ക് എളുപ്പമാകും. മെയ് മാസത്തില്‍ പുറത്തിറങ്ങുന്ന സിയറയുടെ ഇലക്ട്രിക് പതിപ്പും ഇതേ പ്ലാന്റിലായിരിക്കും നിര്‍മിക്കുക.

പഴയ സിയറയുടെ ഐതിഹാസികമായ ഡിസൈന്‍ ശൈലി നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ മോഡലും എത്തിയിരിക്കുന്നത്. ആല്‍പൈന്‍ വിന്‍ഡോസ് എന്ന് വിളിക്കുന്ന വലിയ പനോരമിക് റിയര്‍ ഗ്ലാസ് ഏരിയയും മുന്‍വശത്തെ ഫുള്‍ വിഡ്ത്ത് എല്‍ഇഡി ലൈറ്റ് ബാറും ഇതിനെ വേറിട്ടുനിര്‍ത്തുന്നു. ഫ്ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ സിറയ്ക്ക് മോഡേണ്‍ ലുക്ക് നല്‍കുന്നുണ്ട്.
അകത്തളത്തില്‍ ട്രിപ്പിള്‍ സ്‌ക്രീന്‍ സെറ്റപ്പ്, 12 സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ പ്രീമിയം അനുഭവം നല്‍കുന്നു. 360 ഡിഗ്രി ക്യാമറ, ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) തുടങ്ങിയ ഫീച്ചറുകള്‍ സുരക്ഷയൊരുക്കാനായി ഉണ്ട്.

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സിയറ ലഭ്യമാകുന്നത്. 104 hp പവറുള്ള 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 158 hp കരുത്തുള്ള ടര്‍ബോ പെട്രോള്‍, 116 hp നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണവ. ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ മാത്രമാണ് ലഭിക്കുന്നത്. ഏഴ് വേരിയന്റുകളിലായി എത്തുന്ന സിയറയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില 11.49 ലക്ഷം രൂപയാണ്.
സപ്ലൈ ചെയിന്‍ പ്രതിസന്ധികള്‍ക്കിടയിലും സിയറയുടെ ഉല്‍പ്പാദനം സ്ഥിരതയോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ടാറ്റയുടെ ശ്രമം. വരും മാസങ്ങളില്‍ സിയറ ഇലക്ട്രിക് കൂടി എത്തുന്നതോടെ ടാറ്റയുടെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മോഡലുകളുടെ പട്ടികയില്‍ സിയറയും ഇടംപിടിക്കുമെന്നുറപ്പാണ്. ഇക്കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ ഒരേ ദിവസം 81 സിയറകള്‍ ഡെലിവറി ചെയ്തത് പോലെ എസ്‌യുവിയുടെ ജനപ്രീതി തെളിയിക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. ഏതായാലും പുതിയ ടാറ്റ സിയറയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.


Click it and Unblock the Notifications








